ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡെലിവറി സമയപരിധി പാലിക്കാത്തതിന്റെ പേരിൽ ബ്രിട്ടനിലെ ദേശീയ തപാൽ സേവനമായ റോയൽ മെയിലിന് രാജ്യത്തെ കമ്മ്യൂണിക്കേഷൻ നിയന്ത്രണ അതോറിറ്റിയായ ഓഫ്കോം £21 മില്യൺ പിഴ ചുമത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റോയൽ മെയിൽ അയച്ച ക്ലാസ് വൺ കത്തുകളിൽ 77% മാത്രമാണ് സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിയത്. അതേസമയം ക്ലാസ് ടു കത്തുകളിൽ 92.5% മാത്രമാണ് സമയബന്ധിതമായി വിതരണം ചെയ്യപ്പെട്ടത്. നിയമപ്രകാരം കമ്പനി 93% ക്ലാസ് വൺ പോസ്റ്റും 98.5% ക്ലാസ് ടു പോസ്റ്റും സമയത്ത് എത്തിക്കേണ്ടതുണ്ടായിരുന്നു. ഈ വ്യതിയാനത്തെ തുടർന്ന് ഉപഭോക്താക്കൾക്ക് വലിയ അസൗകര്യം നേരിട്ടുവെന്നും ഓഫ്കോം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലക്ഷക്കണക്കിന് പ്രധാനപ്പെട്ട കത്തുകൾ വൈകിയാണ് എത്തുന്നത് എന്ന് ഓഫ്കോമിന്റെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ ഇയാൻ സ്ട്രോഹോൺ പറഞ്ഞു. ഉപഭോക്താക്കൾക്ക് അവർ നൽകിയ പണത്തിന് യോജിച്ച സേവനം ലഭിക്കുന്നില്ലെന്നും ഇത് അംഗീകരിക്കാനാകാത്തതാണ് എന്നും അദ്ദേഹം പറഞ്ഞു . 2023-ൽ £5.6 മില്യനും 2024-ൽ £10.5 മില്യനുമായി മുമ്പും രണ്ടുതവണ പിഴ ലഭിച്ചതിന് ശേഷമുള്ള മൂന്നാമത്തെ ശിക്ഷയാണ് ഇപ്പോഴത്തേത്. റോയൽ മെയിൽ തങ്ങളുടെ വീഴ്ചകൾ അംഗീകരിച്ചതിനാലാണ് പിഴ 30% കുറച്ചതെന്നും, അല്ലാത്തപക്ഷം £30 മില്ല്യൺ വരെയായിരിക്കുമായിരുന്നു പിഴയെന്ന് ഓഫ്കോം അറിയിച്ചു.

നിലവിലെ പ്രവർത്തനരീതി തുടരുകയാണെങ്കിൽ കൂടുതൽ പിഴകളും നടപടികളും നേരിടേണ്ടി വരുമെന്ന് ഓഫ്കോം വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ മെച്ചപ്പെടുത്തൽ പദ്ധതി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചെങ്കിലും, അതിനൊത്ത ഫലങ്ങൾ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ചില പ്രദേശങ്ങളിൽ ക്ലാസ് ടു കത്തുകൾ എല്ലാ ദിവസവും വിതരണം ചെയ്യുന്നില്ല. പകരം ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രമാണ് ലഭ്യമാകുന്നത്. കൂടുതൽ റിക്രൂട്ട്മെന്റും പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്നും ഡെലിവറി ഓഫീസുകൾക്ക് കൂടുതൽ പിന്തുണ നൽകുമെന്നും കമ്പനി അറിയിച്ചു.