മൂന്നാറിൽ ഇന്നലെ മണ്ണിടിച്ചിലിനിടെ കാണാതായ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മുത്തപ്പൻകാവ് സ്വദേശിയാണ് മരിച്ച രൂപേഷ്(40). കുടുംബത്തോടൊപ്പം മൂന്നാർ വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു രൂപേഷ്. മൂന്നാർ- വട്ടവട റോഡിന് താഴെ അരകിലോമീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യയെയും മകളെയും പിതാവിനെയും മണ്ണിടിഞ്ഞു വീഴുന്നത് കണ്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷമാണ് രൂപേഷ് അപകടത്തിൽപ്പെട്ടത്. വാഹനം മണ്ണിനടിയിൽപെടുന്നതിൽ നിന്ന് ഒഴിവാക്കാൻ തള്ളി മാറ്റുന്നതിനിടെ മൊബൈൽ ഫോൺ എടുക്കാനായി രൂപേഷ് വാനിനുള്ളിലേക്ക് തിരികെ കയറി. ഈ സമയത്താണ് കൂടുതൽ മണ്ണിടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണത്.
വാഹനം പൂർണമായി തകർന്ന നിലയിൽ കണ്ടെത്തി. ഇന്നലെ സന്ധ്യയോടെ തെരച്ചിൽ അവസാനിപ്പിച്ച ശേഷം ഇന്ന് രാവിലെ വീണ്ടും ആരംഭിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം 3:30ഓടെയായിരുന്നു അപകടം ഉണ്ടായത്. കാട്ടാന ഇറങ്ങിയതിനാലും മോശം കാലാവസ്ഥയായതിനാലും ഇന്നലെ സന്ധ്യയോടെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വീണ്ടും തെരച്ചിൽ തുടങ്ങിയത്. മൂന്ന് വാഹനങ്ങളിലായാണ് വിനോദസഞ്ചാരികൾ എത്തിയത്. ഏറ്റവും മുന്നിൽ പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ ഓഗസ്റ്റിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന് 100 മീറ്റർ മാത്രം അകലെയാണ് ഇത്തവണ മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്നും പ്രദേശത്ത് കനത്ത മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. രൂപേഷിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും.
Leave a Reply