ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കോഴിവളർത്തൽ മേഖല വ്യാപിപ്പിച്ച് ആഭ്യന്തര ഭക്ഷ്യോൽപാദനം വർധിപ്പിക്കാനുള്ള സർക്കാർ പദ്ധതിക്കെതിരെ പരിസ്ഥിതി – കാർഷിക സംഘടനകൾ രംഗത്ത് വന്നു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ പദ്ധതി മുന്നോട്ടുവയ്ക്കുന്നതെങ്കിലും, ഇത് ദേശീയ സുരക്ഷയ്ക്കുതന്നെ തിരിച്ചടിയാകുമെന്നാണ് വിമർശകരുടെ മുന്നറിയിപ്പ്. പരിസ്ഥിതി സെക്രട്ടറി എമ്മ റെയ്നൾഡ്സ് അടുത്തിടെ കാർഷിക സമ്മേളനത്തിൽ സംസാരിക്കവെ, കൂടുതൽ ഭക്ഷ്യോൽപാദനം ഉറപ്പാക്കാൻ സർക്കാർ പ്രത്യേക ഫുഡ് ആൻഡ് ഫാർമിംഗ് പാർട്ണർഷിപ്പ് ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നും കോഴിവളർത്തൽ മേഖലയിലെ വളർച്ചയ്ക്ക് കൂടുതൽ പിന്തുണ നൽകുമെന്നും വ്യക്തമാക്കിയിരുന്നു.

എന്നാൽ ഈ നീക്കത്തിനെതിരെ ‘സസ്റ്റെയിൻ’, ‘കമ്മ്യൂണിറ്റീസ് എഗൈൻസ്റ്റ് ഫാക്ടറി ഫാർമിംഗ്’ (CAFF) തുടങ്ങിയ സംഘടനകൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി. കോഴിവളർത്തൽ വലിയ തോതിൽ തീറ്റ ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ അത് ഭക്ഷ്യസുരക്ഷയ്ക്ക് പരിഹാരമല്ലെന്നും മറിച്ച് പുതിയ അപകടസാധ്യതകൾ സൃഷ്ടിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ബ്രിട്ടനിലെ കോഴിതീറ്റയുടെ വലിയൊരു പങ്ക് ദക്ഷിണ അമേരിക്കയിൽനിന്നുള്ള സോയ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. വിതരണ ശൃംഖലയിൽ തടസ്സമുണ്ടായാലോ ആഗോള പ്രതിസന്ധികൾ രൂക്ഷമായാലോ രാജ്യത്തെ ഭക്ഷ്യോൽപാദനത്തെയും വിലസ്ഥിരതയെയും അത് ബാധിക്കുമെന്നാണ് ആശങ്ക.

അതേസമയം, പയർവർഗങ്ങൾ, നാണ്യവർഗങ്ങൾ, പരിപ്പുകൾ എന്നിവ പോലുള്ള ആഭ്യന്തര പ്രോട്ടീൻ ഉറവിടങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ആരോഗ്യകരമായ മണ്ണും ജലസ്രോതസുകളും ജൈവവൈവിധ്യവും സംരക്ഷിച്ചുകൊണ്ടുള്ള കൃഷിരീതികളാണ് ദീർഘകാല ഭക്ഷ്യസുരക്ഷയ്ക്ക് അനിവാര്യമെന്ന് കാർഷിക വിദഗ്ധരും അഭിപ്രായപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം, അന്തർദേശീയ സംഘർഷങ്ങൾ, വിതരണ ശൃംഖലയിലെ അനിശ്ചിതത്വങ്ങൾ എന്നിവ ഇതിനകം തന്നെ ഭക്ഷ്യവിലയെയും ലഭ്യതയെയും ബാധിക്കുന്ന സാഹചര്യത്തിൽ, കൂടുതൽ പ്രതിരോധശേഷിയുള്ള കാർഷിക നയങ്ങളിലേക്കാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.











Leave a Reply