ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുക്രൈനിലേക്ക് കയറ്റി അയക്കുന്ന ബ്രിട്ടീഷ് ആയുധങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന ഭീഷണിയുമായി റഷ്യ. ബ്രിട്ടീഷ് നിർമ്മിത സ്റ്റാർസ്ട്രീക്ക് മിസൈൽ റഷ്യൻ ഹെലികോപ്റ്ററിനെ വെടിവെച്ചിട്ടതിന് പിന്നാലെയാണ് ഭീഷണി. യുക്രൈനിലേക്ക് അയക്കുന്ന പീരങ്കികളും മിസൈലുകളും രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ റഷ്യൻ സൈന്യം ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് യുകെയിലെ റഷ്യൻ അംബാസഡർ ആന്ദ്രേ കെലിൻ പറഞ്ഞു. സ്റ്റാർസ്ട്രീക്ക് മിസൈൽ കഴിഞ്ഞാഴ്ച മുതൽ യുക്രൈനിൽ എത്തിതുടങ്ങി.

റഷ്യയുടെ എംഐ-28എൻ ഹെലികോപ്റ്ററെ മിസൈൽ തകർക്കുന്ന വീഡിയോ ലുഹാൻസ്ക് മേഖലയിൽ നിന്നാണ് പ്രചരിച്ചത്. 6,000 മിസൈലുകളുടെ പുതിയ പാക്കേജ് ഉൾപ്പെടെ, യുക്രൈന് കൂടുതൽ പ്രതിരോധ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. യുക്രൈനിലേക്ക് കൂടുതൽ ആയുധങ്ങൾ അയച്ച് സഹായം നൽകുമെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

ശരീര കവചം, ഹെൽമെറ്റുകൾ, ബൂട്ടുകൾ എന്നിവ നൽകി യുക്രൈൻ സൈനികരെ യുകെ സഹായിക്കുന്നുണ്ട്. ക്രെംലിൻ സേനയുടെ പ്രധാന ആയുധങ്ങൾ തീർന്നുവെന്നും ഇപ്പോൾ സ്റ്റോക്കുകൾ എത്തിക്കാൻ അവർക്ക് കഴിയില്ലെന്നും യുകെ പ്രതിരോധ വൃത്തങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കീവ് നഗരം പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ട റഷ്യ, കഴിഞ്ഞ ദിവസങ്ങളിൽ ബുച്ച ഉൾപ്പെടെ കീവിന് ചുറ്റുമുള്ള നഗരങ്ങളിൽ നിന്ന് സേനയെ തിരികെ വിളിച്ചിരുന്നു. അതേസമയം, യുക്രൈന് 30 കോടി ഡോളറിന്റെ സുരക്ഷാസഹായം അമേരിക്ക പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി യുക്രൈന് 30 കോടി ഡോളര്‍ ‘സുരക്ഷാ സഹായം’ അനുവദിക്കുന്നതായി യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു.