ന്യൂസ് ഡെസ്ക് മലയാളം യുകെ
മോസ്കോ : വ്ലാഡിമിർ പുടിന്റെ തലയ്ക്ക് 1 മില്യൺ ഡോളർ വിലയിട്ട് റഷ്യൻ വ്യവസായി. ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് അലക്സ് കൊനാനിഖിൻ ഈ പ്രസ്താവന നടത്തിയത്. പ്രകോപനമില്ലാത്ത ആക്രമണത്തിനെതിരെ നടപടി എടുക്കേണ്ടതും യുക്രൈനെ സഹായിക്കേണ്ടതും തന്റെ ധാർമിക കടമയാണെന്ന് അദ്ദേഹം കുറിച്ചു. റഷ്യൻ നിയമങ്ങൾ പ്രകാരം പുടിനെ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പാരിതോഷികമായി 1,000,000 ഡോളർ നൽകുമെന്നാണ് വാഗ്ദാനം. പോസ്റ്റിൽ പുടിന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂട്ടകൊലയ്ക്ക് കാരണക്കാരനായ പുടിനെ ജീവനോടെയോ അല്ലാതെയോ പിടിക്കണമെന്ന് അലക്സ് പറയുന്നു.
രൂക്ഷമായ ഭാഷയിൽ പുടിനെ വിമർശിച്ച അലക്സ് 1996ൽ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ്. റഷ്യൻ എക്‌സ്‌ചേഞ്ച് ബാങ്കിൽ നിന്ന് 8 മില്യൺ ഡോളർ അപഹരിച്ചുവെന്ന ആരോപണത്തെ തുടർന്ന് യുഎസിൽ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് റഷ്യൻ അധികാരികളുടെ ആരോപണത്തെ തുടർന്നായിരുന്നു അറസ്റ്റ്. റഷ്യൻ മാഫിയയുമായി അലക്സിന് ബന്ധമുണ്ടായിരുനെന്ന് എഫ്ബിഐ ഏജന്റുമാർ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, യുക്രെയ്‍ൻ അധിനിവേശത്തിനെതിരെ റഷ്യയിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. റഷ്യൻ ഭരണാധികാരി വ്ലാഡിമിർ പുടിൻ അഭിനവ ഹിറ്റ്‍ലർ ആണെന്നും യുക്രെയ്‍നിലെ നിഷ്കളങ്കരായ ജനത കൂട്ടക്കൊല ചെയ്യപ്പെടുന്നത് കയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞിരുന്നു. യുദ്ധവിരുദ്ധ മുദ്രവാക്യങ്ങളുമായി നിരവധി പേരാണ് തെരുവിൽ ഇറങ്ങിയത്.
Leave a Reply