ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലീഷ് ചാനലിലൂടെ സഞ്ചരിച്ചിരുന്ന ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ യാച്ചിന് സമീപം റഷ്യൻ നാവികസേന മുന്നറിയിപ്പ് വെടിയുതിർത്തതായി റിപ്പോർട്ട്. ഐൽ ഓഫ് വൈറ്റിന് തെക്കായി അന്താരാഷ്ട്ര ജലപരിധിയിൽ ചൊവ്വാഴ്ച രാവിലെ നടന്ന സംഭവത്തിൽ യാച്ച് യുദ്ധക്കപ്പലിനോട് അപകടകരമായി അടുത്തുവന്നതിനെ തുടർന്നാണ് വെടിയുതിർത്തതെന്നാണ് റഷ്യയുടെ വിശദീകരണം. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും അറിയിച്ചു.

‘ബ്രൈറ്റ് ഫ്യൂച്ചർ’ എന്ന 40 അടി നീളമുള്ള യാച്ചിലുണ്ടായിരുന്ന ദമ്പതികളായ ജെയ്നും അലൻ കെൽവിയും റഷ്യൻ കപ്പലിൽ നിന്ന് ഹോൺ മുഴക്കിയിരുന്നുവെന്നും തുടർന്ന് മുന്നറിയിപ്പ് വെടിയൊച്ച കേട്ടെന്നും പറഞ്ഞു. എന്നാൽ റഷ്യൻ അധികൃതർ അവകാശപ്പെടുന്നതുപോലെ സിഗ്നൽ റോക്കറ്റുകളോ റേഡിയോ സന്ദേശങ്ങളോ ലഭിച്ചില്ലെന്നാണ് ഇവരുടെ നിലപാട്. സംഭവത്തിന് പിന്നാലെ റോയൽ നേവിയുടെ എച്ച്എംഎസ് ടൈൻ യാച്ചിലെ സംഘത്തെ സന്ദർശിച്ച് സുരക്ഷ ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു.

റഷ്യയുമായി ബ്രിട്ടന് നിലനിൽക്കുന്ന വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സംഭവം. റഷ്യയുമായി ബന്ധമുള്ള ‘ഷാഡോ ഫ്ലീറ്റ്’ എണ്ണക്കപ്പലായ സ്മിർടോസ് ബ്രിട്ടീഷ് സേന അടുത്തിടെ തടഞ്ഞതിനു പിന്നാലെയാണ് ഈ നീക്കം. എന്നാൽ യാച്ച് സംഭവവും ആ നടപടിയും തമ്മിൽ നേരിട്ടുള്ള ബന്ധമില്ലെന്നാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. ഈ വർഷം ബ്രിട്ടീഷ് തീരത്തിന് സമീപം നിരന്തരം സാന്നിധ്യം അറിയിച്ചിരുന്ന അഡ്മിറൽ ഗ്രിഗൊറോവിച്ച് കപ്പലിനെ റോയൽ നേവി നിരീക്ഷിച്ചുവരികയായിരുന്നു.











Leave a Reply