മോസ്കോ: റഷ്യൻ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് അറസ്റ്റിലായ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ ആശുപത്രിയിലേക്ക് മാറ്റി. ജയിലിൽവച്ച് അദ്ദേഹത്തിന്റെ മുഖം അസാധാരണമായി തടിച്ചുവീർക്കുകയും തൊലി ചുവക്കുകയും ചെയതതോടെയാണ് അധികൃതരുടെ നടപടി. അതേസമയം, അലർജി രോഗം മൂലമായിരിക്കാം നവൽനിയിൽ ഇത്തരം മാറ്റമുണ്ടായിരിക്കുന്നതെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ രോഗകാരണം വ്യക്തമല്ലെന്നും ഇതാദ്യമായാണു നവൽനിക്ക് ഇത്തരം അസുഖമുണ്ടാകുന്നതെന്നും അദ്ദേഹത്തിന്റെ മാധ്യമ വക്താവ് കിര യാർമൈഷ് വ്യക്തമാക്കി. ബുധനാഴ്ചയാണ് സര്‍ക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ നവൽനിയെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് 30 ദിവസത്തെ തടവിനും വിധിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെതിരേ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തി രംഗത്തെത്തിയ അദ്ദേഹം റഷ്യയിലെ അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുഖമായാണ് അറിയപ്പെടുന്നത്.
Leave a Reply