ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, വെയിൽസ് താരം റയാൻ ഗിഗ്‌സ് തന്റെ കാമുകിയെ നഗ്നയാക്കി ഹോട്ടൽ മുറിക്ക് പുറത്തു തള്ളി. മുൻ കാമുകി കേറ്റ് ഗ്രെവില്ലെയെയും അവളുടെ ഇളയ സഹോദരി എമ്മയെയും ആക്രമിച്ചതിന് കോടതി വിചാരണ നേരിടുകയാണ് ഗിഗ്‌സ്. ഗിഗ്‌സ് തന്റെ ഉറ്റ സുഹൃത്തും
ആത്മമിത്രവും ആയിരുനെന്നും എന്നാൽ പിന്നീട് അയാൾ അധിക്ഷേപിക്കുന്നവനും നീചനും ആയെന്ന് കേറ്റ് പറഞ്ഞു. എല്ലാ ആരോപണങ്ങളും ഗിഗ്‌സ് നിഷേധിച്ചു. 2017 ഓഗസ്റ്റിനും 2020 നവംബറിനും ഇടയിൽ കേറ്റിനെ നിരന്തരമായി ആക്രമിച്ചു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം.

2020 നവംബർ 1-ന് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ വോർസ്‌ലിയിലുള്ള തന്റെ വീട്ടിൽ വെച്ച് കേറ്റിനെ ആക്രമിച്ചു. ശാരീരിക ഉപദ്രവം ഏല്പിച്ചു. കേറ്റിന്റെ സഹോദരിയെ ആക്രമിച്ചെന്ന കുറ്റവും ഗിഗ്‌സിന്റെ പേരിലുണ്ട്. ഗിഗ്‌സിന് മറ്റ് എട്ട് സ്ത്രീകളുമായി കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ബന്ധമുണ്ടായിരുന്നു എന്നതിന് തെളിവുകൾ കണ്ടെത്തിയതായി കേറ്റ് ഡിറ്റക്ടീവുകളോട് പറഞ്ഞു.

തന്നോട് വളരെ മോശമായി പെരുമാറിയെന്നും കൂടെ ഉണ്ടായിരുന്ന സമയത്തല്ലാം ശാരീരികമായി ഉപദ്രവിച്ചുവെന്നും കേറ്റ് വിശദീകരിച്ചു. ഓൾഡ് ട്രാഫോർഡിൽ ഉണ്ടായിരുന്ന സമയത്ത്, മാഞ്ചസ്റ്റർ യുണൈറ്റഡിനായി 13 പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ട്രോഫികളും നാല് എഫ്എ കപ്പുകളും മൂന്ന് ലീഗ് കപ്പുകളും നേടിയ വ്യക്തിയാണ് ഗിഗ്‌സ്. വെയിൽസിനായി 64 മത്സരങ്ങൾ കളിച്ച അദ്ദേഹം ലീഗ് ടു സൈഡ് സാൽഫോർഡ് സിറ്റിയുടെ സഹ ഉടമയുമാണ്. വിചാരണ ഇന്നും തുടരും.