ലണ്ടന്‍: എന്‍എച്ച്എസ് പുനുരുജ്ജീവനത്തിന് 4 ബില്യന്‍ പൗണ്ട് അനുവദിക്കണമെന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് സൈമണ്‍ സ്റ്റീവന്‍സിന്റെ ആവശ്യം നിരസിച്ച് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്. ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോയിലാണ് ഹാമണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. നഴ്‌സുമാരുള്‍പ്പെടെയുള്ള ജീവനക്കാരുടെ ശമ്പള നിയന്ത്രണം ഒഴിവാക്കാനുള്ള പണം ലഭ്യമാക്കുമെന്നും ഹാമണ്ട് പറഞ്ഞു. എന്നാല്‍ 4 ബില്യന്‍ പൗണ്ട് നല്‍കണമെന്ന ആവശ്യം ഹാമണ്ട് നിരസിച്ചു.

2020 ഓടെ 10 ബില്യന്‍ പൗണ്ട് വരുമാനം തിരികെ നല്‍കാനാകുന്ന വിധത്തില്‍ എന്‍എച്ച്എസിനെ മാറ്റാമെന്ന വാഗ്ദാനം പാലിക്കാന്‍ സ്റ്റീവന്‍സിന് കഴിയുന്നില്ലെന്നും ഹാമണ്ട് കുറ്റപ്പെടുത്തി. ബജറ്റിന്റെ സമയത്ത് എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും കൂടുതല്‍ പണം ആവശ്യപ്പെട്ട് അധികൃതര്‍ സമീപിക്കാറുണ്ട്. ഇല്ലെങ്കില്‍ ലോകാവസാനമെന്ന മട്ടിലാണ് ഇവര്‍ ആവശ്യമുന്നയിക്കാറുള്ളതെന്നും ഹാമണ്ട് പരിഹസിച്ചു.

എന്‍എച്ച്എസിനു മേല്‍ സമ്മര്‍ദ്ദങ്ങളുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അത് പരിഹരിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്ന് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. എന്തൊക്കെ സമ്മര്‍ദ്ദങ്ങളാണ് എന്‍എച്ച്എസിനു മേലുള്ളത്, എന്തുമാത്രം മൂലധനമാണ് എന്‍എച്ച്എസിന് ആവശ്യമുള്ളത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. അവയെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് സര്‍ക്കാര്‍ സമീപിക്കുന്നതെന്നും ഹാമണ്ട് പറഞ്ഞു.