നിലയ്ക്കല്‍: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് തടയുന്നതിനായി നിലയ്ക്കലില്‍ നടന്നു വരുന്ന സമരം പുനരാരംഭിച്ചു. ഇന്നലെ സമരം ചെയ്ത സ്ത്രീകള്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തുകയും സ്ത്രീകളെ തടയുകയും ചെയ്തതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു മാറ്റിയിരുന്നു. സമരപ്പന്തലുകളും പോലീസ് നീക്കം ചെയ്തു.
രാവിലെ 9 മണിയോടെ സ്ഥലത്തെത്തിയ പ്രതിഷേധക്കാര്‍ വീണ്ടും സമരം ആരംഭിച്ചു. പന്തല്‍ പൊളിച്ചുമാറ്റിയ സ്ഥലത്തുതന്നെ അയ്യപ്പ ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പന്തല്‍ കെട്ടി സമരം പുനരാരംഭിച്ചിട്ടുണ്ട്. റോഡിലിരുന്ന് ശരണം വിളിച്ച ബിജെപി പ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് റോഡില്‍നിന്ന് മാറ്റി. കൂടുതല്‍ പോലീസിനെ സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്.
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിച്ചിട്ടുണ്ട്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് സമരം. കോണ്‍ഗ്രസിന്റെ ഉപവാസ സമരവും ആരംഭിച്ചിട്ടുണ്ട്. നേതാക്കളായ കെ.സുധാകരന്‍, അടൂര്‍ പ്രകാശ്, പിസി ജോര്‍ജ് തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പമ്പയില്‍ തന്ത്രി കുടുംബത്തിന്റെ നാമജപ യജ്ഞവും നടക്കുന്നുണ്ട്.
ബുധനാഴ്ച വൈകുന്നേരം ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സമരക്കാര്‍ സ്ഥലം കൈയ്യടക്കുന്നതും ക്രമസമാധാന പ്രശ്‌നം ഉണ്ടാകുന്നതും ഒഴിവാക്കാനാണ് പോലീസിന്റെ നീക്കം.
Leave a Reply