തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം 3345ആയി. ഇതുവരൈ 517 കേസുകളാണ് അക്രമികള്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നിരവധിയാളുകള്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം റിമാന്‍ഡിലാണ്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിനെ അക്രമിക്കല്‍ തുടങ്ങിയ ഗുരതുതര വകുപ്പുകളാണ് ചിലര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. അതേസമയം നാമജപ സമരത്തില്‍ പങ്കെടുത്തവരെ പോലീസ് നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അക്രമസംഭവങ്ങളില്‍ പങ്കാളിയായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്ന് നേരത്തെ പോലീസ് ഉന്നതതല യോഗത്തിന് ശേഷം തീരുമാനമെടുത്തിരുന്നു. നിലയ്ക്കലും പമ്പയിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ മാത്രം 153 പേര്‍ അറസ്റ്റിലായി. ഇവരില്‍, പത്തനംതിട്ട ജില്ലയ്ക്കു പുറത്ത് പാലക്കാട്, എറണാകുളം, കോട്ടയം ജില്ലകളില്‍നിന്നുള്ളവരുമുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിനു ജാമ്യമില്ലാ വകുപ്പ് ചുമത്തി 74 പേരെ റിമാന്‍ഡ് ചെയ്തു. 79 പേര്‍ക്കു ജാമ്യം നല്‍കി.

സ്ത്രീകളെ കൈയേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനും ജാതിപ്പേരു വിളിച്ചതിനും ഏതാനും പേര്‍ക്കെതിരെ കേസുണ്ട്. പിടിയിലായവരില്‍ ഏറെയും വിവിധ സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. നാമജപയാത്രകളിലും പ്രാര്‍ത്ഥനാ യോഗങ്ങളിലും പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന് ഡിജിപി നേരത്തെ നിര്‍ദേശിച്ചിരുന്നു. അക്രമസംഭവങ്ങളില്‍ നേരിട്ട് പങ്കെടുത്തവരെ മാത്രം റിമാന്‍ഡ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. പോലീസ് വ്യാപകമായി അറസ്റ്റുകള്‍ നടത്തുന്നതിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.