തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 3731 പേര്‍. അക്രമങ്ങളുമായി ബന്ധപ്പെട്ട 545 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചതായി കരുതുന്ന വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റിന് സാധ്യതയുള്ളതായിട്ടാണ് പോലീസ് നല്‍കുന്ന സൂചന. പോലീസ് ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച കേസിലെ ഏതാനും പ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് അരാജകത്വം സൃഷ്ടിക്കുമെന്നായിരുന്നു കോടതി നിരീക്ഷണം.
മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും 10 കെഎസ്ആര്‍ടിസി ബസുകളും 13 പോലീസ് വാഹനങ്ങളും നശിപ്പിച്ച സംഭവങ്ങളിലും പ്രതികളായ ഷൈലേഷ്, ആനന്ദ്, അശ്വിന്‍, അഭിലാഷ്, കിരണ്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്. ഇവരെ കൂടാതെ ഒട്ടനവധി പേര്‍ ശബരിമല സംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ജീപ്പുകളും ബസുകളും തകര്‍ക്കാന്‍ ശ്രമിച്ച കേസിലെയും ചില പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
നിരോധനാജ്ഞ ലംഘിച്ചവര്‍ക്കെതിരെയും നിയമ നടപടി തുടരുകയാണ്. അതേസമയം നാമജപ യാത്രകളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. സംശയമുള്ളവരെ കസ്റ്റഡിയില്‍ എടുത്ത ശേഷം വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കേസുകള്‍ എടുക്കുന്നത്. പൊലീസിനെ ആക്രമിക്കുക, സ്ത്രീകളെ ആക്രമിക്കുക, സംഘം ചേര്‍ന്ന് കലാപം നടത്താന്‍ ശ്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയവരെയെല്ലാം റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
Leave a Reply