തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധി നടപ്പിലാക്കാന്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സാവകാശം തേടില്ലെന്ന് റിപ്പോര്‍ട്ട്. അവസാനഘട്ടത്തില്‍ സാവകാശം തേടാനുള്ള നീക്കം വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് നിയമോപദേശം ലഭിച്ചതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സാവകാശം തേടുന്നതില്‍ കാര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി സാവകാശ ഹര്‍ജിക്ക് സാധ്യതയുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പ്രസ്താവനയിറക്കി.
എന്നാല്‍ ഇക്കാര്യത്തില്‍ ദേവസ്വം മന്ത്രിയുടെ നിലപാടാണ് കോടതിയില്‍ ബോര്‍ഡ് സ്വീകരിക്കുകയെന്നാണ് സൂചന. ഏഴ് ദിവസത്തിനുള്ളില്‍ കക്ഷികള്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നു. ശുദ്ധിക്രിയ നടത്തിയ തന്ത്രി നേരത്തെ നല്‍കിയ വിശദീകരണ കുറിപ്പ് ബോര്‍ഡ് ഉടന്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. ബോര്‍ഡിനുള്ളില്‍ നിലനില്‍ക്കുന്ന ആഭ്യന്തര തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കാനും സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
കുംഭമാസ പൂജയ്ക്കിടെ നട തുറക്കുന്ന സമയത്ത് കൂടുതല്‍ യുവതികള്‍ ശബരിമലയിലെത്തുമെന്നാണ് സൂചന. ഇത് സംഘര്‍ഷങ്ങള്‍ക്ക് വഴിമാറുമെന്നും ബോര്‍ഡിന് ആശങ്കയുണ്ട്. കുംഭമാസ പൂജയ്ക്കായി നട തുറക്കുന്ന സമയത്ത് സന്നിധാനത്ത് വലിയ സുരക്ഷയൊരുക്കാനായിരിക്കും പോലീസ് ശ്രമിക്കുക.
Leave a Reply