ശ്രീകുമാരി അശോകൻ

പുഴവന്നു മാടിവിളിക്കുന്നു വീണ്ടുമാ
പഴയ ഓർമ്മതൻ കൂട്ടിലേക്കെന്തിന്
കുഞ്ഞുറുമ്പ് വരിവച്ചു പോകുമാ
പൂഴിമണ്ണിന്റെ മാറിലേക്കിന്നിതാ
മഞ്ചാടി വാരിയെറിഞ്ഞു കളിച്ചയാ
കരിവളയിട്ട നനുത്ത കരങ്ങളെ
കൈതോലത്തുമ്പിന്റെ കെട്ടഴിച്ചീടുമ്പോൾ
ചോര പൊടിഞ്ഞൊരാ തളിരണി വിരലിനെ
മഞ്ഞമന്ദാര ചോട്ടിലെന്നോരത്ത്
ചാഞ്ഞിരുന്നൊരാ പാവാടക്കാരിയെ
ആറ്റുവഞ്ചി പൂവുമായ്‌ വന്നെന്റെ
കവിളിൽ പ്രണയം വരച്ച നിമിഷങ്ങളെ
പുഴയരികിലെ കുളമാവിൻ ചോട്ടിലെൻ
ഹൃദയം കവരുവാനെത്തിയ പെണ്ണിനെ
പ്രണയമെത്ര നനുത്ത വികാരമെന്നെന്റെ
ചെവിയിൽ നുള്ളി പതിയെ പറഞ്ഞോളെ
ഇനിയുമെത്ര ജന്മമെടുത്താലും ഞാൻ
നിന്റേതുമാത്രമെന്നോതി മറഞ്ഞോളെ
ഇന്നീ തീരത്ത് കാണുവാനാകുമോ
ഇനിയും സ്വപ്‌നങ്ങൾ പങ്കിടാനാകുമോ
മറവി വന്നു മറച്ച നിമിഷങ്ങളെ
വിരലു തൊട്ടോന്നുണർത്തുവാനാകുമോ
പഴകി പോയൊരെൻ ഓർമചെരാതിൽ
പ്രത്യാശതൻ തിരിതെളിക്കുവാനാകുമോ.