യു.കെ യിലെ വടംവലി പ്രേമികളുടെ ആവേശം വാനോളമെത്തിച്ചു സഹൃദയ വെസ്റ്റ് കെന്റ് കേരളൈറ്റ്സ് സംഘടിപ്പിച്ച ഓൾ യു.കെ വടംവലി മത്സരത്തിനു ആവേശകരമായ സമാപനം.

രാവിലെ നടന്ന ഉത്ഘാടന സമ്മേളനത്തിൽ സഹൃദയ സെക്രട്ടറി ശ്രീ ഷിനോ ടി പോൾ സ്വാഗതം ആശംസിച്ചു, പ്രസിഡന്റ് ശ്രീ. ആൽബർട്ട് ജോർജ് ഫ്ലാഗ് ഓഫ് ചെയ്ത കരുത്തിൻ്റെ പോരാട്ടത്തിൽ വിശിഷ്ടാതിഥികളായി ആഷ്ഫോർഡിൽ നിന്നു തെരഞ്ഞെടുത്ത ബ്രിട്ടണിലെ ആദ്യ മലയാളി എം. പി ശ്രീ സോജൻ ജോസ്ഥ്, നാട്ടിൽ നിന്നു എത്തിച്ചേർന്ന പുതുപ്പള്ളി എം എൽ എ അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ, യു ക്കെയിലെ സെലിബ്രേറ്റി ഷെഫ് ശ്രീ ജോമോൻ കുറിയാക്കോസ്, ശ്രീ ഫ്രാൻസിസ് മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അത്യന്തം ആവേശകരമായിരുന്ന ഹീറ്റ്സ്, ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ മത്സരാവസാനം അട്ടിമറി വീരന്മാരായി സ്റ്റോക് ലയൺസ് എ ടീം കീരീടം ഉയർത്തിയപ്പോൾ വൂസ്റ്റർ തെമ്മാടിസ് റണ്ണർപ്പായി.

നിലവിലെ ചാമ്പ്യൻമാരായിരുന്ന ടൺ ബ്രിഡജ് വെൽസ് ടസ്കേഴ്സിനെ വാശിയേറിയ സെമി ഫൈനൽ പോരാട്ടത്തിൽ മലർത്തിയടിച്ച് വൂസ്റ്റർ തെമ്മാടീസ് ഫൈനലിൽ എത്തിയപ്പോൾ മറ്റൊരു കരുത്തുറ്റ ടീമായ ഹെറിഫോർഡ് അച്ചായൻസിനെ തോൽപ്പിച്ചാണ് സ്റ്റോക്ക് ലയണസ് എ ടീം ഫൈനൽ പോരാട്ടത്തിനു അങ്കം കുറിച്ചത്. യു.കെയിൽ എമ്പാടും നിന്ന് പതിനെട്ടു ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ആരാണ് വിജയികൾ എന്നറിയാൻ അവസാനനിമിഷം വരെ കാത്തിരിക്കേണ്ട അസുലഭ നിമിഷമാണ് കാണികൾക്ക് ലഭിച്ചത്.

ആദ്യം മുതൽ അവസാനം വരെ തിങ്ങി നിറഞ്ഞ വടംവലി പ്രേമികൾക്കു കണ്ണിനു വിരുന്നേകി, നെഞ്ചിടിപ്പു കൂട്ടി, ആർപ്പുവിളികളോടും വാദ്യഘോഷത്തോടും, യു.കെയിലെ മല്ലന്മാർ മാറ്റുരച്ചപ്പോൾ യു.കെ മലയാളികൾക്ക് എന്നെന്നും ഓർത്തിരിക്കാൻ പറ്റിയ ഒരു ആഘോഷമായി സഹൃദയയുടെ വടംവലി മത്സരം മാറുകയായിരുന്നു. മത്സര ഇടവേളയിൽ സഹൃദയ ചെണ്ടമേളം ടീമിൻ്റെ ഫ്യൂഷൻ ചെണ്ടമേളം, ചടുല നൃത്തചുവടുകളുമായി വനിതകളുടെ ഫ്യൂഷൻ ഡാൻസ് തുടങ്ങിയവ മത്സരത്തിനു കൂടുതൽ മിഴിവേകി.

2024 ലെ സഹൃദയയുടെ അഖില യു.കെ വടം വലി ചാമ്പ്യൻസ് ട്രോഫിയും ക്യാശ് പ്രൈസ് 1107 പൗണ്ടും സ്റ്റോക്ക് ലയൺസ് എ ടീം കരസ്ഥമാക്കിയപ്പോൾ വൂസ്റ്റർ തെമ്മാടീസ് രണ്ടാം സ്ഥാനവും (607 പൗണ്ട്), ഹെറിഫോർഡ് അച്ചായൻസ് മൂന്നാം സ്ഥാനവും (307 പൗണ്ട്) , ടൺ ബ്രിഡ്ജ് വെൽസ് ടസ്കേയ്സ് നാലാം സ്ഥാനത്തും (207 പൗണ്ട്), ടീം പുണ്യാളൻസ് അഞ്ചാമതും, കൊമ്പൻസ് കാൻ്റെബറി ആറാമതും, സാലിസ്ബറി എ ടീം എഴാമതും, ലിവർപൂൾ ടീം എട്ടാം സ്ഥാനവും നേടി.

കടുത്ത വാശിയോടെ നടന്ന മത്സരങ്ങൾ തന്മയത്തോടെ നിയന്ത്രിച്ചത് ശ്രീ ബിജോ പാറശ്ശേരിൽ, ശ്രീ. സെബാസ്റ്റ്യൻ എബ്രഹം, ശ്രീ. ജോഷി സിറിയക്ക് തുടങ്ങിയ റഫറിമാരായിരുന്നു.

ഞായറാഴ്ച്ച ടൺ ബ്രിഡ്ജിലെ ഹിൽഡൻബറോയിലെ സാക് വില്ലാ സ്കൂളിൽ നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്തു വൻ വിജയമാക്കിയ എല്ലാ ടീമംഗങ്ങൾക്കും, മത്‌സരം സ്പോൺസർ ചെയ്ത എല്ലാ സ്പോൺസേഴ്സിനും, കൂടാതെ ഈ മൽസരം കാണുവാനായി യു.കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നു എത്തിച്ചേർന്ന എല്ലാ വടംവലി പ്രേമികൾക്കും ടീം സഹൃദയയ്ക്കു വേണ്ടി പ്രസിഡൻ്റ് ആൽബർട്ട് ജോർജ്, വൈസ് പ്രസിഡൻ്റ് അഞ്ജു അബി, സെക്രട്ടറി ഷിനോ. ടി. പോൾ, ജോയിൻ്റ് സെക്രട്ടറി ജിനു തങ്കച്ചൻ , പ്രോഗ്രാം കോർഡിനേറ്റർ ജോജോ വർഗീസ് , ട്രഷറർ റോജിൻ മാത്യു ജോയിൻ്റ് ട്രഷറർ നിയാസ് മൂതേടത്ത് തുടങ്ങിയ ഓഫീസ് ടീം നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി.