അലോഷ്യസ് ഗബ്രിയേൽ

ലണ്ടൻ: ലൂട്ടന്‍ കേരളൈറ്റ്സ് അസ്സോസിയേഷന്റെ (ലൂക്കാ) ഡാൻസ് ക്ലാസ്സിന് ഉജ്ജ്വല തുടക്കം, കുട്ടികളും രക്ഷിതാക്കളും ഉൾപ്പെട്ട മികച്ച സദസിനെ സാക്ഷിനിർത്തി മെയ് പന്ത്രണ്ടിനാണ് ലൂക്കാ ഡാൻസ് ക്ലാസ്സിനു തിരി തെളിച്ചത്. പ്രശസ്ത നർത്തകിയും മികച്ച അവതാരകയുമായ അനുശ്രീ എസ് നായരാണ് ഡാൻസ് ടീച്ചർ. ആദ്യ ദിവസം തന്നെ വളരെയധികം മാതാപിതാക്കൾ കുട്ടികളുമായി നൃത്ത പഠനത്തിന് എത്തിച്ചെർന്നു. വിവിധ നൃത്തരൂപങ്ങൾ അഭ്യസിയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് കുട്ടികളിൽ വരുത്തുന്ന വ്യക്തിത്വ വികാസത്തെക്കുറിച്ചും നൃത്താദ്ധ്യാപികയായ അനുശ്രീ കുട്ടികൾക്കും മാതാപിതാക്കൾക്കും വിശദമാക്കികൊടുത്തു.

കഴിഞ്ഞ ആഴ്ചകളിൽ ആരംഭിച്ച മ്യൂസിക്, മലയാളം ക്ലാസുകളുടെ തുടർച്ചയായി, എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരമായിരിയ്ക്കും ഡാൻസ് ക്‌ളാസ്സുകളും നടത്തുക എന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് അലോഷ്യസ് ഗബ്രിയേല്‍ അറിയിച്ചു. ഡിനി തൃപ്രയാർ സുനിൽദത്തിന്റെ ശിക്ഷണത്തിൽ നടക്കുന്ന ലൂക്ക മ്യൂസിക് ക്ലാസ്സും ലൂക്കാ അധ്യാപകരുടെതന്നെ ശിക്ഷണത്തിൽ നടക്കുന്ന ലൂക്ക മലയാളം ക്ലാസ്സും കുട്ടികളും മാതാപിതാക്കളും നല്ലരീതിയിൽ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ക്ലാസ്സിക്കൽ ഡാൻസിനൊപ്പം ബോളിവുഡ് ഡാൻസും ലൂക്കാ ഡാൻസ് ക്ലാസ്സിന്റെ ഭാഗമായി പ്രത്യേകമായി പഠിപ്പിയ്ക്കുന്നതാണെന്ന് അലോഷ്യസ് അറിയിച്ചു.

ലൂട്ടന്‍ കേരളൈറ്റ്സ് അസ്സോസിയേഷൻ ആരംഭിച്ച മ്യൂസിക്, മലയാളം ക്‌ളാസുകൾക്കൊപ്പം ഡാൻസ് ക്ലസ്സുകളും നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിന് എല്ലാവരുടെയും സഹകരണം അസ്സോസിയേഷന്‍ സെക്രട്ടറി ജോർജ് കുര്യൻ അഭ്യർത്ഥിച്ചു. നൃത്താഭ്യസനം തുടങ്ങിയ ആദ്യ ദിനം തന്നെ ക്ലാസിക്കൽ ഡാൻസും ബോളിവുഡ് ഡാൻസും തങ്ങൾക്കു വഴങ്ങുമെന്ന് ലൂക്കയിലെ കുട്ടികൾ കാണിച്ചു. അംഗ ചലനങ്ങൾക്കൊപ്പം ഭാവ വ്യതാസങ്ങളും പ്രകടമാക്കി ഡാൻസ് ടീച്ചറായ അനുശ്രീയ്ക്കൊപ്പം കുട്ടികൾ നൃത്തച്ചുവടുകൾ വച്ചത് കണ്ടുനിന്ന മാതാപിതാക്കൾക്കൊപ്പം ലൂക്കാ ഭാരവാഹികൾക്കും ഒരു നവ്യാനുഭവമായിരുന്നു.