ബിബിന്‍ ഏബ്രഹാം

വെസ്റ്റ് കെന്റിലെ മലയാളി കൂട്ടായ്മ ആയ സഹൃദയ – ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് യു.കെയിലെ മണ്ണില്‍ ചരിത്രം കുറിച്ചതു വര്‍ണ്ണശബളമായ വിസ്മയ കാഴ്ച്ചകളൊരുക്കി. പോയ ഞായറാഴ്ച്ച കെന്റിലെ ടോണ്‍ബ്രിഡ്ജില്‍ ടോണ്‍ബ്രിഡ്ജ് ബോറോ കൗണ്‍സിലും ലയണ്‍സ് ക്ലബും സംയുക്തമായി നടത്തിയ കാര്‍ണിവലില്‍ ആദ്യമായി പങ്കെടുത്ത സഹൃദയ ഒന്നാം സ്ഥാനം നേടിയെടുത്തത് ജനഹൃദയങ്ങളെ കീഴടക്കി കൊണ്ടു തന്നെ.

പത്താം വാര്‍ഷിക നിറവില്‍ ജ്വലിച്ചു നില്‍ക്കുന്ന സഹൃദയയുടെ ചരിത്രത്താളുകളില്‍ സ്വര്‍ണ ലിപികളില്‍ രചിക്കുവാന്‍ ഉതകുന്ന വിസ്മയ പ്രകടനത്തോടെ സഹൃദയ തിങ്ങിനിറഞ്ഞ ജനസാഗരത്തെ ഇളക്കി മറിച്ചത് കേരളീയ തനത് കലാരൂപങ്ങളുടെയും കലാപ്രകടനത്തിന്റെയും മാന്ത്രിക സ്പര്‍ശം ഒരുക്കി. രാജഭരണത്തിന്റെ ഓര്‍മ്മകളെ പൊടിതട്ടി ഉണര്‍ത്തി മഹാരാജാവും മഹാറാണിയും തോഴിയും ഒപ്പം നൃത്ത വേഷവിധാനങ്ങളുമായി കുട്ടികളും മുന്നില്‍ നിന്നു നയിച്ച ഘോഷയാത്രയില്‍ താലപ്പൊലിയേന്തി മങ്കകളും മുത്തുക്കുട ചൂടി പുരുഷ കേസരികളും നയനമനോഹര ദൃശ്യാവിഷ്‌കാരം നെയ്തു.

കെന്റിലെ ഏറ്റവും വലിയ കാര്‍ണിവലില്‍ പങ്കെടുത്ത ആദ്യ തവണ തന്നെ മറ്റു മത്സരാര്‍ഥികളെ നിഷ്പ്രഭമാക്കി കൊണ്ടു സഹൃദയ മുന്നേറിയപ്പോള്‍ കാണികളുടെ ഹൃദയം കവര്‍ന്ന് തിരുവാതിരയും ചെണ്ടമേളവും കഥകളിയും തെയ്യവും അക്ഷരാര്‍ഥത്തില്‍ ഒരു വിസമയ നിറക്കൂട്ട് തന്നെ ചാര്‍ത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പല സംസ്‌കാരങ്ങളുടെ സംഗമ വേദിയായ ടോണ്‍ബ്രിഡ്ജ് കാര്‍ണിവലില്‍ മലയാളി തനിമയുടെ നേര്‍കാഴ്ച്ചകളുമായി കണ്ണിനു അഴകും കാതിന് ഇമ്പവുമായി സഹൃദയ നടന്നു കയറിയപ്പോള്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ നിലയ്ക്കാത്ത കരഘോഷത്താലും ആര്‍പ്പുവിളികളോടെയുമാണ് സ്വീകരണമൊരുക്കിയത്. പിന്നെ മലയാളത്തിന്റെ മുഗ്ദ്ധസൗന്ദര്യം ഒപ്പിയെടുക്കുവാന്‍ സ്വദേശികള്‍ മത്സരിക്കുന്ന നിറപ്പകിട്ടാര്‍ന്ന് കാഴ്ചക്കാണ് ടോണ്‍ബ്രിഡ്ജ് സാക്ഷ്യം വഹിച്ചത്.

ഏകദേശം നാലായിരത്തോളം കാണികളും മുപ്പത്തിയഞ്ചോളം പ്ലോട്ടുകളും പങ്കെടുത്ത ഘോഷയാത്രയില്‍ കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും ചരിത്രവും വിളിച്ചറിയിച്ചു സഹൃദയാംഗങ്ങള്‍ അണിനിരന്നപ്പോള്‍ അത് കേരള സംസ്‌കാരത്തിന്റെ പ്രൗഢിയും പ്രതാപവും ബ്രിട്ടീഷ് മണ്ണില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള ഒരു വേദിയായി മാറുകയായിരുന്നു.

ഒപ്പം സഹ്യദയ ടീം ഒരുക്കിയ ലൈവ് ഫുഡ് സ്റ്റാളിലെ കൊതിയൂറുന്ന വിവിധയിനം നാടന്‍ വിഭവങ്ങള്‍ ആസ്വദിക്കുവനായി സ്വദേശികളും വിദേശികളും മല്‍സരിച്ചപ്പോള്‍ അത് സഹൃദയക്കു ലഭിച്ച മറ്റൊരു അംഗീകാരമായി. ഈ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര കാണുവാനും ഈ ആവേശത്തില്‍ പങ്കുചേര്‍ന്നു ഇത് ഒരു വന്‍ വിജയമാക്കി മാറ്റുവാന്‍ അക്ഷീണം പ്രവര്‍ത്തിച്ച എല്ലാ സഹൃദയനോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ ടീം സഹൃദയ ഹൃദയത്തിന്റെ ഭാഷയില്‍ അറിയിക്കുകയാണ്.