ലണ്ടന്‍: സൂപ്പര്‍മാര്‍ക്കറ്റ് ഭീമനായ സെയിന്‍സ്ബറീസ് ആയിരത്തോളം ഉല്‍പന്നങ്ങളുടെ വില കുറച്ചു. മീറ്റ്, പച്ചക്കറികള്‍, റെഡി മീല്‍സ്, പാസ്ത, ധാന്യങ്ങള്‍, കോസ്‌മെറ്റിക് ഉല്‍പന്നങ്ങള്‍ മുതലായവയുടെ വിലയില്‍കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലക്കുറവ് വരുത്തിയതോടെ മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളും വില താഴ്ത്താന്‍ നിര്‍ബന്ധിതരാകും. പുതിയൊരു സൂപ്പര്‍മാര്‍ക്കറ്റ് വില യുദ്ധത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. ഈ മാറ്റമനുസരിച്ച് മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളേക്കാള്‍ വീക്ക്‌ലി ഫാമിലി ഷോപ്പിംഗില്‍ 5 പൗണ്ട് വരെ ലാഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുമെന്ന് സെയിന്‍സ്ബറീസ്
കണക്കാക്കുന്നു.

ഓണ്‍ലൈനിലും സ്‌റ്റോറിലും വിലക്കുറവ് ബാധകമാക്കിയിട്ടുണ്ട്. സെയിന്‍സ്ബറീസിന്റെ
സ്വന്തം ഉല്‍പന്നങ്ങള്‍ മാത്രമല്ല, ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളും കുറഞ്ഞ വിലയില്‍ വാങ്ങാമെന്നതിനാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്രദമാണ്. ഡിസ്‌കൗണ്ടുകള്‍ക്കായി 150 മില്യന്‍ പൗണ്ടാണ് സെയിന്‍സ്ബറീസ് വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ നേട്ടം 12 മില്യനോളം വരുന്ന ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഉല്‍പന്നങ്ങളുടെ വില കുറച്ചത് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്‌റ്റോറുകള്‍ സന്ദര്‍ശിക്കാനുള്ള മറ്റൊരു കാരണമായി മാറുമെന്ന് സൂപ്പര്‍മാര്‍ക്കറ്റ് സിഇഒ മൈക്ക് കൂപ്പ് പറഞ്ഞു.

ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളായ ലിഡില്‍, ആള്‍ഡി എന്നിവയുടെ ജനപ്രീതി ഉയര്‍ന്നതോടെ മുന്‍നിര സൂപ്പര്‍മാര്‍ക്കറ്റുകളായ സെയിന്‍സ്ബറീസ്, ആസ്ഡ, ടെസ്‌കോ, മോറിസണ്‍സ് തുടങ്ങിയവര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളെ നഷ്ടമായിത്തുടങ്ങിയിരുന്നു. ഇതിന്റെ പ്രതിഫലനമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ സെയിന്‍സ്ബറീസ് തീരുമാനിക്കുകയും ചെയ്തിരുന്നു. ആള്‍ഡിക്കും ലിഡിലിനും ബദലായി ബജറ്റ് റീട്ടെയില്‍ രംഗത്തേക്ക് ടെസ്‌കോ ഇറങ്ങുകയാണെന്ന റിപ്പോര്‍ട്ടും അടുത്തിടെ പുറത്തു വന്നിരുന്നു.