ലണ്ടന്‍: ബ്രെക്‌സിറ്റില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് സാക്ഷിയാകാനൊരുങ്ങി ബ്രിട്ടന്‍. ടോറി നേതാക്കള്‍ വലിയ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സാജിദ് ജാവേദിന്റെ നേതൃത്തിലുള്ള പാര്‍ട്ടി നേതാക്കള്‍ ചാന്‍സ്‌ലര്‍ മൈക്കല്‍ ഗോവിനെ കണ്ടതായിട്ടാണ് സൂചന. ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി നേതൃത്വത്തിലെ ഏറ്റവും ഉയര്‍ന്ന പദവി അലങ്കരിക്കാന്‍ തയ്യാറെടുക്കുന്നതായിട്ടാണ് സൂചന. ടോറികളില്‍ വലിയ ജനസമ്മതിയുള്ള നേതാവ് കൂടിയാണ് ബോറിസ് ജോണ്‍സണ്‍. എന്നാല്‍ അദ്ദേഹം നേതൃത്വത്തിലേക്ക് എത്തുന്നത് തടയിടാന്‍ മറുവശത്ത് നീക്കങ്ങള്‍ നടക്കുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്.
താന്‍ അവതരിപ്പിച്ച ബ്രെക്സിറ്റ് ഡീലിനെ പിന്തുണച്ചാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നമ്മുടെ രാജ്യത്തിനും പാര്‍ട്ടിക്കും ഹിതകരമായ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞാല്‍ നേരത്തേ തീരുമാനിച്ചതിലും മുമ്പ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയാന്‍ തയ്യാറാണെന്നാണ് മേയ് ബാക്ക്ബെഞ്ച് എംപിമാരെ അറിയിച്ചത്. അടുത്ത ഘട്ടം ബ്രെക്സിറ്റ് ചര്‍ച്ചകള്‍ താന്‍ നയിക്കേണ്ടെന്നാണ് ടോറി ബാക്ക്ബെഞ്ച് എംപിമാരുടെ അഭിപ്രായമെന്ന് തനിക്ക് അറിയാമെന്നും ഒരിക്കലും ഈ അഭിപ്രായത്തിന് എതിരായി താന്‍ പ്രവര്‍ത്തിക്കില്ലെന്നും അവര്‍ എംപിമാരുടെ യോഗത്തില്‍ പറഞ്ഞു. അതേസമയം ഡീലിനെ പിന്തുണക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ടോറി സഖ്യകക്ഷിയായ ഡിയുപി പ്രതികരിച്ചത്. ഡിയുപിയുടെയും വിമത എം.പിമാരുടെയും പിന്തുണയില്ലാതെ ബ്രെക്‌സിറ്റ് ഡീല്‍ പാസാകില്ല.
അവസാന ശ്രമത്തിനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മേയ് രാജി സന്നദ്ധത അറിയിച്ചത് മറ്റൊരു തലത്തില്‍ എം.പിമാരുടെ പിന്തുണ ഉറപ്പിക്കുമെന്നാണ് കരുതുന്നത്. സാജിദ് ജാവേദും മൈക്കല്‍ ഗോവും ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഇതോടെ നിര്‍ണായകമാവുകയാണ്. ഇവരുടെ നീക്കങ്ങള്‍ വിജയിച്ചാല്‍ പാര്‍ട്ടിയില്‍ വ്യക്തഗതമായി വലിയ മുന്നേറ്റം നടത്താന്‍ ഇവര്‍ക്ക സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. യു.കെയുടെ ചരിത്രത്തില്‍ തന്നെ വലിയ നാണക്കേടിനാകും വോട്ടെടുപ്പില്‍ മൂന്നാമതും പരാജയപ്പെട്ടാല്‍ മേയ് സാക്ഷ്യം വഹിക്കേണ്ടി വരിക. തോല്‍വി ഒഴിവാക്കാനാണ് നേരത്തെ തന്നെ രാജി സന്നദ്ധത അറിയിച്ച് രംഗത്ത് വന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
Leave a Reply