ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നോർത്താംപ്ടണ്‍ഷെയർ കെറ്ററിങിൽ നേഴ്സായ അഞ്ജു അശോക് (35), മക്കളായ ജീവ (6), ജാൻവി (4) എന്നിവരെ കൊലപ്പെടുത്തിയ ഭർത്താവ് സാജുവിന് (52) നാല്പത് വർഷം ജീവപര്യന്തം തടവ് ശിക്ഷ. യു കെയിൽ ഒരു മലയാളിക്ക് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയാണിത്. പീതർടൺ കോടതിയാണ് ശിക്ഷ വിധിച്ചത്. ജയിൽ ശിക്ഷയ്ക്ക് പുറമേ, അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതിൽ നിന്നും സാജുവിനെ വിലക്കിയിട്ടുണ്ട്. നിങ്ങൾ ഭാര്യയുടെ ജീവനെടുക്കുമ്പോൾ, നിങ്ങളുടെ കൊച്ചുകുട്ടികൾ അവരുടെ മമ്മിക്കുവേണ്ടി നിലവിളിക്കുകയായിരുന്നുവെന്ന് ശിക്ഷ വിധിച്ച ജഡ്ജി ജസ്റ്റിസ് പെപ്പെറാൾ പറഞ്ഞു.
അഞ്ജു അവിശ്വസ്തത കാട്ടിയെന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ലെന്ന് പ്രോസിക്യൂട്ടർ ജെയിംസ് ന്യൂട്ടൺ-പ്രൈസ് കെസി പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ഏപ്രിലിൽ ഏറ്റുപറഞ്ഞ സാജു പക്ഷേ മക്കളുടെ കാര്യത്തിൽ എന്തുസംഭവിച്ചെന്ന് അറിയില്ല എന്നാണു കോടതിയിൽ പറഞ്ഞത്. എങ്കിലും കുറ്റം ഏൽക്കുന്നതായി സമ്മതിച്ചിരുന്നു.
കഴിഞ്ഞവർഷം ഡിസംബർ 15 നാണു എൻഎച്ച്എസ് നേഴ്സായ അഞ്‌ജുവും മക്കളായ ജീവ, ജാൻവി എന്നിവരും കെറ്ററിങിൽ ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അധികം താമസിയാതെ ഭർത്താവ് സാജു അറസ്റ്റിലായി. മദ്യ ലഹരിയിലാണ് പ്രതി കുറ്റകൃത്യം നടത്തിയത്. ആശ്രിത വിസയിൽ ബ്രിട്ടനിൽ എത്തിയ സാജുവിനു ജോലി ലഭിക്കാതിരുന്നതിന്റെ നിരാശയും മറ്റു മാനസിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്കു നയിച്ചത്. വൈക്കം സ്വദേശിയായ അഞ്ജുവും കണ്ണൂർ സ്വദേശിയായ സാജുവും ബെംഗളുരിൽ വച്ചാണു കണ്ടുമുട്ടിയതും പ്രണയിച്ചു വിവാഹം കഴിച്ചതും. ഇവർ ഏറെ നാൾ സൗദിയിൽ ജോലി ചെയ്തതിനു ശേഷമാണ് യുകെയിലെത്തിയത്.
അഞ്ജുവിനും മക്കൾക്കും വിവിധ ഇടങ്ങളിൽ ബ്രിട്ടീഷുകാർ ഉൾപ്പെടെ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. അഞ്ജു ജോലി ചെയ്തിരുന്ന കെറ്ററിങ് ജനറൽ എൻഎച്ച്എസ് ആശുപത്രിക്കു മുന്നിൽ ആർസിഎൻ പ്രവർത്തകർ മെഴുകുതിരി കത്തിച്ചാണു ആദരാഞ്ജലികൾ അർപ്പിച്ചത്. അഞ്ജുവിന്റെ മക്കൾ പഠിച്ച കെറ്ററിങ് പാർക്ക് ഇൻഫന്റ് സ്കൂളുകളിൽ ബലൂണുകൾ ആകാശത്തേക്കു പറത്തി ജീവയെയും ജാൻവിയെയും അനുസ്മരിച്ചു.
Leave a Reply