ഉണ്ണികൃഷ്ണൻ ബാലൻ

ദുരിത കാലത്ത് കേരളത്തിന് കൈത്താങ്ങാകുവാൻ ബിരിയാണി മേളകളും ഭഷ്യ മേളകളുമായി സമീക്ഷ യുകെയുടെ വിവിധ ബ്രാഞ്ചുകൾ മുന്നോട്ടു പോവുകയാണ് . ഇതിലൂടെ സമാഹരിക്കുന്ന തുക കോവിഡ്പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ബെർമിംഗ്ഹാം സമീക്ഷ ബ്രാഞ്ച് ഈ മാസം 19 ന് നടത്തുന്ന ബിരിയാണിമേളയിലേക്കു ബുക്കിംഗ് നടന്നു വരുന്നു. സമീക്ഷ പ്രവർത്തകർ എല്ലാവരും സജീവമായി രംഗത്തുണ്ട്. ദേശത്തിനും ഭാഷയ്ക്കും രാഷ്ട്രീയത്തിനും അതീതമായി വളരെ നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന്‌ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സമീക്ഷയുടെ ബ്രാഞ്ച് പ്രസിഡന്റ് ജോബി കോശിയും സെക്രട്ടറി മാർട്ടിൻ ജോസും അറിയിച്ചു.

സമീക്ഷ പീറ്റർബോറോ & ബോസ്റ്റൺ ബ്രാഞ്ചിൽ ഈ മാസം 20 നു ആകും ബിരിയാണിമേള നടക്കുക. ഉച്ചക്ക് ഒരുമണി മുതൽ വൈകിട്ട് ആറുമണി വരെ ആകും വിതരണം നടക്കുക. ബ്രാഞ്ച് പ്രസിഡന്റ് ബാബു, സെക്രട്ടറി ചിഞ്ചു, ഭാസ്കർ പുരയിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സജീവമായി മുമ്പോട്ട് പോകുന്നു. ബ്രിസ്റ്റോൾ &വെസ്റ്റൺ സൂപ്പർ മെയറിലേ സമീക്ഷ ബ്രാഞ്ചിലും 20 നു തന്നെ ആണ് ബിരിയാണിമേള. സമീക്ഷ യുടെ ബ്രാഞ്ച് ഭാരവാഹികളായ ജാക്‌സൺ, ജിമ്മി, ബിജു, ജോൺസൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജന്മ നാടിന് തങ്ങളാൽ കഴിയുന്ന സഹായം നൽകുവാൻ മുന്നിട്ടിറങ്ങിയ സമീക്ഷ പ്രവർത്തകർക്ക് നല്ല പിന്തുണയാണ് ജനങ്ങളിൽ നിന്നും ലഭിച്ചുവരുന്നത്. ബിരിയാണി മേള നടത്തിയ എല്ലാ സ്ഥലങ്ങളിലും ലഭിച്ച പിന്തുണ ഇതിനു തെളിവാണ്. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്ററിൽ നടന്ന ബിരിയാണി മേളയിൽ 650 ഓളം ബിരിയാണി ആണ് സമീക്ഷ പ്രവർത്തകർ വിതരണം ചെയ്തത്. ഈ മാസം 25 നു സമാപിക്കുന്ന അപ്പീലിലേയ്ക്കായി മറ്റു ബ്രാഞ്ചുകൾ ഭവന സന്ദർശനം നടത്തിയും പണ സമാഹരണം നടത്തുന്നു. തിരക്കേറിയ യുകെ ജീവിതത്തിനിടയിലും ജന്മ നാടിനായി സമീക്ഷ പ്രവർത്തകർ നടത്തുന്ന പരിശ്രമങ്ങൾക്ക് കേരളത്തിലെ പല രാഷ്ട്രീയ സാംസ്‌കാരിക നായകരും അഭിനന്ദനം അറിയിച്ചു കഴിഞ്ഞു. എന്ന് സമീക്ഷ യുകെ നാഷണൽ പ്രസിഡൻറ് സ്വപ്ന പ്രവീൺ അറിയിച്ചു.