ഉണ്ണികൃഷ്ണൻ ബാലൻ

ഇടുക്കി പൈനാവിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ്‌ കോളേജിലെ വിദ്യാർത്ഥിയും എസ്‌എഫ്‌ഐ പ്രവർത്തകനുമായ സ. ധീരജിനെ കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയതിനെതിരെ സമീക്ഷ യുകെ എന്ന യുകെയിലെ ഇടതുപക്ഷ കല സാംസ്‌കാരിക സംഘടന ശക്തമായ പ്രതിക്ഷേധം അറിയിച്ചു.

കലാലയങ്ങളെ ചോരക്കളമാക്കുന്ന നാടിൻ്റെ നാളെത്തെ വാഗ്ദാനങ്ങളായ യുവതയെ കൊന്നൊടുക്കുന്ന ഖദറിട്ട ഭീകരവാദികളായ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കെഎസ്‌യുവും യൂത്ത് കോൺഗ്രസ്സും നടത്തുന്ന മനുഷ്യത്വരഹിതമായ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കാൻ കേരള ജനതക്കൊപ്പം പ്രവാസികളും അണിചേരുകയാണു. UKയിലെ കേരളീയരായ ജനങ്ങളെ അണിനിരത്തി സമീക്ഷ യുകെയും ഇന്ന് യുകെ സമയം 7 PM നു പ്രതിഷേധദിനമാചരിക്കുന്നു. സമീക്ഷ യുകെ യുടെ എല്ലാ ബ്രാഞ്ചുകളിലും പ്രതിക്ഷേധ ജ്വാല ഉയരും.

ക്രൂരവും പൈശാചികവുമായ കൊലയാണ്‌ നടന്നത്‌. പുറത്തുനിന്നുള്ളവരടക്കം ഇതിൽ പങ്കാളികളാണ്‌. കേരളത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കമാണിത്‌. കഴിഞ്ഞ ആറ്‌ വർഷത്തിനിടെ 21 സിപിഐ എം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകരാണ്‌ കൊല്ലപ്പെട്ടത്‌. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മികച്ച ക്രമ സമാധാന പരിപാലനത്തിന് പരിശ്രമിക്കുമ്പോൾ അതിനെ അട്ടിമറിക്കാനുള്ള നിഗൂഢ ലക്ഷ്യവും അക്രമ രാഷ്ട്രീയകാർക്കുണ്ട് . ഈ നിന്ദ്യ നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം ശക്തമായ നിലപാട് സ്വീകരിക്കണം എന്ന് സമീക്ഷ യുകെ അഭ്യർത്ഥിച്ചു .

ഒരു ഭാഗത്ത്‌ സമാധാനത്തെകുറിച്ച്‌ പ്രസംഗിക്കുകയും ഉപവസിക്കുകയും മറുവശത്ത്‌ രാഷ്‌ട്രീയ എതിരാളികളെ കൊലപ്പെടുത്താൻ അണികളെ കൊല കത്തി നൽകി പറഞ്ഞുവിടുകയും ചെയ്യുന്ന കോൺഗ്രസ്‌ നേതാക്കളുടെ യഥാർത്ഥമുഖം ജനങ്ങൾ തിരിച്ചറിയണം. ഇനിയൊരു ജീവനും നഷ്ടപ്പെടരുതെന്ന ഉജ്വലമായ മാനവികത ഉയർത്തി പിടിക്കുന്നതോടൊപ്പം ഞങ്ങൾ സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളാണെന്ന കോൺഗ്രസിൻ്റെ കപട മുഖംമൂടി ജനസമക്ഷം തുറന്നു കാണിക്കാൻ കേരളത്തിലേയും പ്രവാസ ലോകത്തേയും മുഴുവൻ ജനങ്ങളും പ്രതിഷേധത്തിൽ പങ്കു ചേരണം എന്ന് സമീക്ഷയുകെ ആഹ്വാനം ചെയ്തു.