യുകെയിലെ മലയാളി കായികപ്രേമികൾക്കായി സമീക്ഷ യു.കെ. സംഘടിപ്പിച്ച നാലാമത് അഖില യു.കെ. ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് 2026-ന്റെ ദേശീയ ഗ്രാൻഡ് ഫിനാലെ ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു. മാഞ്ചസ്റ്ററിന്റെ ഹിമേഷ്–ധനുഷ് സഖ്യം ദേശീയ കിരീടം സ്വന്തമാക്കി. വിറാളിലെ വുഡ്ചർച്ച് ഹൈ സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഫൈനലിൽ 17 മേഖലാ ടൂർണമെന്റുകളിലായി മാറ്റുരച്ച 250ലേറെ ടീമുകളിൽനിന്ന് യോഗ്യത നേടിയ മികച്ച താരങ്ങളാണ് മത്സരിച്ചത്. ബെഡ്ഫഡിന്റെ രഘുവരൻ പി–മനോഭി റാം വി സഖ്യം രണ്ടാം സ്ഥാനവും സ്റ്റോക്ക് ഓൺ ട്രെന്റിന്റെ ബെൻസൺ–സന്തോഷ് സഖ്യം മൂന്നാം സ്ഥാനവും കേംബ്രിജിന്റെ സുദീപ്–ബെസ്റ്റിൻ ജോസഫ് സഖ്യം നാലാം സ്ഥാനവും നേടി.

രാവിലെ 10.30ന് ആരംഭിച്ച മത്സരങ്ങൾ വൈകിട്ട് ഏഴുമണിവരെ നീണ്ടു. തുടക്കം മുതൽ ഒടുക്കംവരെ വാശിയേറിയ പോരാട്ടങ്ങളാണ് കോർട്ടിൽ അരങ്ങേറിയത്. മികച്ച കായികപ്രകടനവും ഉയർന്ന നിലവാരത്തിലുള്ള മത്സരങ്ങളും കാണികൾക്കും കായികപ്രേമികൾക്കും ആവേശകരമായ അനുഭവമായി. ഇത്തവണത്തെ ദേശീയ ഫൈനൽ ഏറെ കടുത്ത മത്സരങ്ങളുടേതായിരുന്നുവെന്ന് പങ്കെടുത്ത ടീമംഗങ്ങളും അഭിപ്രായപ്പെട്ടു.

രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സമീക്ഷ യു.കെ. ദേശീയ പ്രസിഡന്റ് ബൈജു നാരായണൻ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങൾ, ദേശീയ കമ്മിറ്റി അംഗങ്ങൾ, ഏരിയ സെക്രട്ടറിമാർ, വിവിധ യൂണിറ്റ് പ്രതിനിധികൾ എന്നിവർ സംയുക്തമായാണ് നാലാമത് അഖില യു.കെ. ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന് ഔദ്യോഗിക തുടക്കം കുറിക്കുന്നതെന്ന് ദേശീയ സെക്രട്ടറി അഡ്വ. ദിലീപ് കുമാർ പ്രഖ്യാപിച്ചു. ദേശീയ ബാഡ്മിന്റൺ കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ അവെലിൻ ചീരൻ സ്വാഗതവും ചെയർമാൻ സ്വരൂപ് കൃഷ്ണൻ നന്ദിയും പറഞ്ഞു.

വൈകിട്ട് നടന്ന സമ്മാനദാന ചടങ്ങിൽ ദേശീയ ചാമ്പ്യന്മാരായ മാഞ്ചസ്റ്ററിന്റെ ഹിമേഷ്–ധനുഷ് സഖ്യത്തിന് ദേശീയ പ്രസിഡന്റ് ബൈജു നാരായണനും ദേശീയ സെക്രട്ടറി അഡ്വ. ദിലീപ് കുമാറും ചേർന്ന് ചാമ്പ്യൻസ് ട്രോഫി സമ്മാനിച്ചു. ടൂർണമെന്റിന്റെ മുഖ്യ സ്പോൺസറായ ലൈഫ് ലൈൻ പ്രൊട്ടക്ട് – മോർട്ട്ഗേജ് ആൻഡ് ഇൻഷുറൻസ് സർവീസസിനെ പ്രതിനിധീകരിച്ച് ഡോൺ വിജയികൾക്ക് 1,001 പൗണ്ട് ക്യാഷ് പ്രൈസ് കൈമാറി. മാഞ്ചസ്റ്റർ ഏരിയ സെക്രട്ടറി അവെലിൻ ചീരൻ മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഏരിയ നേതൃത്വത്തെ പ്രതിനിധീകരിച്ച് മണികണ്ഠൻ കുമാരൻ, വിപിൻ രാജ്, സുഭാഷ്, അവെലിൻ ചീരൻ എന്നിവർ ചേർന്ന് ചാമ്പ്യന്മാർക്കുള്ള എവർ റോളിങ് ട്രോഫിയും സമ്മാനിച്ചു.

രണ്ടാം സ്ഥാനം നേടിയ ബെഡ്ഫഡിന്റെ രഘുവരൻ പി–മനോഭി റാം വി സഖ്യത്തിന് ദേശീയ വൈസ് പ്രസിഡന്റുമാരായ ഗ്ലീറ്റർ കോട്പൗൾ, ആന്റണി ജോസഫ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു. 501 പൗണ്ട് ക്യാഷ് പ്രൈസ് ദേശീയ ട്രഷറർ അജേഷ് ഗണപതിയാടൻ കൈമാറി. ലണ്ടൻ ഏരിയ സെക്രട്ടറി വിപിൻ രാജ് മെഡലുകളും ദേശീയ കമ്മിറ്റി അംഗങ്ങളായ രമേഷ്, അരുൺ കുമാർ എന്നിവർ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

മൂന്നാം സ്ഥാനം നേടിയ സ്റ്റോക്ക് ഓൺ ട്രെന്റിന്റെ ബെൻസൺ–സന്തോഷ് സഖ്യത്തിന് ദേശീയ ജോയിന്റ് സെക്രട്ടറി സ്വരൂപ് കൃഷ്ണൻ ട്രോഫി സമ്മാനിച്ചു. 201 പൗണ്ട് ക്യാഷ് പ്രൈസ് ദേശീയ കമ്മിറ്റി അംഗം സുഭാഷ് കൈമാറി. ബർമിങ്ഹാം ഏരിയ സെക്രട്ടറി മണികണ്ഠൻ കുമാരൻ മെഡലുകളും ദേശീയ കമ്മിറ്റി അംഗങ്ങളായ ജിനേഷ്, അനീഷ് ആന്റണി എന്നിവർ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

നാലാം സ്ഥാനം നേടിയ കേംബ്രിജിന്റെ സുദീപ്–ബെസ്റ്റിൻ ജോസഫ് സഖ്യത്തിന് കേരള ബാഡ്മിന്റൺ ഫെഡറേഷൻ യു.കെ. പ്രസിഡന്റ് ഹെർലിൻ ജോസഫും കെന്റ് ഏരിയ സെക്രട്ടറിയും ബാഡ്മിന്റൺ കോർഡിനേറ്ററുമായ വിറ്റ്നി ജോണും ചേർന്ന് ട്രോഫി സമ്മാനിച്ചു. 101 പൗണ്ട് ക്യാഷ് പ്രൈസ് ബർമിങ്ഹാം യൂണിറ്റ് സെക്രട്ടറി അഫ്സ്താബ് കൈമാറി. ഈസ്റ്റ് ഹാം യൂണിറ്റ് ട്രഷറർ സനോവറും ബർമിങ്ഹാം യൂണിറ്റ് പ്രസിഡന്റ് ഹബീബും ചേർന്ന് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ തലങ്ങളിൽ പ്രവർത്തിച്ച സംഘാടകരെയും ഏകോപന ചുമതല വഹിച്ചവരെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. ദേശീയ ബാഡ്മിന്റൺ കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ അവെലിൻ ചീരന് ദേശീയ സെക്രട്ടേറിയറ്റ് അംഗം മിഥുൻ സണ്ണിയും ചെയർമാൻ സ്വരൂപ് കൃഷ്ണന് ദേശീയ പ്രസിഡന്റ് ബൈജു നാരായണനും വിപിൻ രാജിന് ദേശീയ വൈസ് പ്രസിഡന്റ് ആന്റണി ജോസഫും ഉപഹാരങ്ങൾ നൽകി.

ഐ.ടി. ഏകോപനം മികച്ച രീതിയിൽ നിർവഹിച്ച മിഥുൻ സണ്ണി, ഏകോപന പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച വിറ്റ്നി ജോൺ, മാധ്യമ ഏകോപനം നിർവഹിച്ച സമീർ എന്നിവർക്കുള്ള ഉപഹാരങ്ങൾ ദേശീയ സെക്രട്ടറി അഡ്വ. ദിലീപ് കുമാർ സമ്മാനിച്ചു. ടൂർണമെന്റിന്റെ വിവിധ തലങ്ങളിലെ ഏകോപന പ്രവർത്തനങ്ങളിൽ പങ്കുവഹിച്ച മറ്റ് കോർഡിനേറ്റർമാരെയും ചടങ്ങിൽ അഭിനന്ദിച്ചു. ദേശീയ വൈസ് പ്രസിഡന്റുമാരായ ഗ്ലീറ്റർ കോട്പൗൾ, ആന്റണി ജോസഫ്, ദേശീയ ട്രഷറർ അജേഷ് ഗണപതിയാടൻ എന്നിവർ ചേർന്നാണ് ഇവർക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചത്. മത്സരങ്ങൾ സുഗമമായും പ്രൊഫഷണൽ നിലവാരത്തിലും നടത്താൻ നേതൃത്വം നൽകിയ മുഖ്യ റഫറിമാരെയും ലൈൻ റഫറിമാരെയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.

യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കായികതാരങ്ങളെയും കായികപ്രേമികളെയും ഒരേ വേദിയിൽ ഒന്നിപ്പിച്ച ദേശീയ ഗ്രാൻഡ് ഫിനാലെ കായികമികവിന്റെയും സൗഹൃദത്തിന്റെയും സംഘടനാ കൂട്ടായ്മയുടെയും മികച്ച ഉദാഹരണമായി. പ്രാദേശിക തലത്തിൽ ആരംഭിച്ച് ദേശീയ തലത്തിൽ സമാപിച്ച ടൂർണമെന്റ് സമീക്ഷ യു.കെ.യുടെ കായികരംഗത്തെ കൂട്ടായ പ്രവർത്തനത്തിന്റെയും സംഘാടക മികവിന്റെയും നേർക്കാഴ്ചയായി.
ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച മേഖലാ കമ്മിറ്റികൾ, മത്സരാർത്ഥികൾ, റഫറിമാർ, ലൈൻ റഫറിമാർ, സന്നദ്ധപ്രവർത്തകർ, സ്പോൺസർമാർ, ദേശീയ ബാഡ്മിന്റൺ കോർഡിനേഷൻ കമ്മിറ്റി, ഏരിയ–യൂണിറ്റ് ഭാരവാഹികൾ, കോർഡിനേറ്റർമാർ, മാധ്യമസംഘം, കാണികൾ, പിന്തുണച്ചവർ തുടങ്ങി എല്ലാവർക്കും സമീക്ഷ യു.കെ. ദേശീയ കമ്മിറ്റി നന്ദി അറിയിച്ചു.











Leave a Reply