അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ മാതൃശിശു ആശുപത്രിയില്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു.. രണ്ട് നവജാത ശിശുക്കളെയും 12 അമ്മമാരെയും നഴ്സുമാരെയുമാണ് ഭീകരര്‍ കൊന്നൊടുക്കിയത്. രണ്ട് നഴ്സുമാരാണ് കൊല്ലപ്പെട്ടത്. പൊലീസ് വേഷത്തില്‍ മേറ്റേണിറ്റി ആശുപത്രിയില്‍ കയറിയാണ് ഭീകരര്‍ കൊലപാതകം നടത്തിയത്. മറ്റൊരിടത്ത് മരണവീട്ടിലുണ്ടായ ചാവേറാക്രമണത്തില്‍ 24 പേരാണ് കൊല്ലപ്പെട്ടത്. ഒരു മാര്‍ക്കറ്റില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുട്ടി മരിക്കുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പൊലീസ് വേഷത്തില്‍ കാബൂളിലെ ആശുപത്രിയില്‍ കേറിയ അക്രമികള്‍ ഗ്രനേഡ് എറിയുകയും തുടര്‍ന്ന് വെടിവെപ്പ് നടത്തുകയുമായിരുന്നു. അഫ്ഗാനിലെ കിഴക്കന്‍ സംസ്ഥാനമായ നാന്‍ഗ്രഹാറിലെ മരണവീട്ടില്‍ നടന്ന ചാവേറാക്രമണത്തില്‍ 24 പേരാണ് മരിച്ചത്. 68 പേര്‍ക്ക് പരിക്കേറ്റു. ഒരു ഉന്തുവണ്ടിയില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ഖോസ്ത് പ്രവിശ്യയിലെ മാര്‍ക്കറ്റില്‍ ഒരാള്‍ മരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ നിരസിച്ചിട്ടുണ്ട്. ഐസിസിന് സ്വാധീനമുള്ള മേഖലകളായതിനാല്‍ അവരായിരിക്കും ആക്രമണത്തിനു പിന്നിലെന്ന് അനുമാനിക്കപ്പെടുന്നുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിനിടയിലാണ് ഈ ആക്രമണമെന്നത് ശ്രദ്ധേയമാണ്. വൈറസ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍‌ നടപ്പാക്കിയും മറ്റും ബുദ്ധിമുട്ടുന്നതിനിടയിലാണ് ഭീകരാക്രമണം നടക്കുന്നത്.

ആക്രമണമുണ്ടായ ആശുപത്രി ഒഴിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ രംഗത്തെത്തി. ആശുപത്രിയില്‍ നവജാത ശിശുക്കളെ വരെ ലക്ഷ്യമിട്ടുള്ള ആക്രമണം മൃഗീയമാണെന്ന് ഇന്ത്യ പറഞ്ഞു.