ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇഷ്ടപ്പെട്ട കലാരംഗം ജീവിതമാർഗമാക്കി യു.കെ.യിൽ മലയാളിത്തനിമയുടെ വർണങ്ങൾ വിരിയിക്കുകയാണ് മലയാളി ദമ്പതിമാരായ അർജുൻ പ്രേമും ആദിത്യലക്ഷ്മിയും. കോഴിക്കോട്ടുകാരനായ അർജുനും കോട്ടയം സ്വദേശിനിയായ ആദിത്യയും ചേർന്ന് ആരംഭിച്ച ‘ഹോബോ ഡിസൈൻസ്’ എന്ന സ്ഥാപനം ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയമായ വളർച്ചയാണ് നേടിയത്. യു.കെ.യിലെ മലയാളി റസ്റ്ററന്റുകളുടെ ചുമരുകളിൽ കേരളീയ സംസ്കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ വരച്ചാണ് ഇരുവരും ശ്രദ്ധ നേടിയത്. ഇപ്പോൾ സ്പോൺസർഷിപ്പ് ലൈസൻസും സ്വന്തമാക്കിയ സ്ഥാപനം കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന സംരംഭമായി വളരുകയാണ്.

2019-ൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽനിന്ന് ബിരുദം നേടിയ ഇരുവരും ചിത്രകലയോടുള്ള താൽപര്യവുമായി വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചും ജോലി ചെയ്തുമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. കോവിഡ് കാലത്തിനുശേഷം വിവാഹിതരായാണ് ലണ്ടനിലെത്തിയത്. പ്രശസ്ത മലയാളി ആർട്ടിസ്റ്റ് ഷാഹുൽ ആർട്ട് ലണ്ടനിലെ ഒരു റസ്റ്ററന്റിൽ ചുമർചിത്രങ്ങൾ വരയ്ക്കാൻ സഹായികളെ തേടിയപ്പോഴാണ് ഇരുവരും അദ്ദേഹത്തോടൊപ്പം ചേർന്നത്. പിന്നീട് ലഭിച്ച അവസരം സ്വന്തം കഴിവുകൾ തെളിയിക്കാനുള്ള വേദിയായി. പതിനഞ്ചോളം ചുമരുകളിൽ വരച്ച ചിത്രങ്ങൾ ശ്രദ്ധ നേടിയതോടെ യു.കെ.യിലെ മലയാളി ഹോട്ടലുകളിൽനിന്ന് കൂടുതൽ അവസരങ്ങൾ ലഭിച്ചു.
ഡിമെൻഷ്യ ബാധിച്ചവർക്കായുള്ള കെയർ ഹോമുകളിൽ നടത്തിയ ചിത്രരചനയാണ് ഹോബോ ഡിസൈൻസിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. താമസക്കാരുടെ ചെറുപ്പകാലത്തെ ഇഷ്ടങ്ങൾ, ഹോബികൾ, തൊഴിൽ, പഴയകാല ചിത്രങ്ങൾ എന്നിവയെല്ലാം മുറികളുടെ ചുമരുകളിൽ പുനരാവിഷ്കരിച്ചു. മറവിയുടെ ലോകത്തേക്ക് വഴുതിവീണ പലർക്കും പഴയ ഓർമകൾ തിരിച്ചുപിടിക്കാൻ ഈ ചിത്രങ്ങൾ സഹായകമായി. ഈ പ്രവർത്തനം വാർത്തയായതോടെ നാല് കെയർ ഹോമുകളിൽക്കൂടി സമാനമായ രീതിയിൽ ചിത്രങ്ങൾ ഒരുക്കി. പി.കെ. അഭിഷേക്, കെവിൻ, അശ്വിൻ, ആര്യ, അലൻ, റിനോയ്, ബെഞ്ചമിൻ എന്നിവരടങ്ങുന്ന സംഘവും സംരംഭത്തിന്റെ വളർച്ചയിൽ പങ്കാളികളാണ്. അഞ്ചുമാസം പ്രായമുള്ള മകൻ ഹാരിക്കൊപ്പം പുതിയ ജീവിതവും സ്വപ്നങ്ങളും ചേർത്തുപിടിച്ച് മുന്നേറുകയാണ് ഈ മലയാളി ദമ്പതിമാർ.











Leave a Reply