കാസർഗോഡ് നിന്ന് കാണാതായ സന ഫാത്തിമ എന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാർ നടത്തിയ തെരച്ചിലിൽ പുഴയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാല് വയസ്സുള്ള സന വീടിന് മുന്നിലെ ചെറിയ നീർചാലിലൂടെ ഒലിച്ച് പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. മരത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിനെ കാണാതായതോടെ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന തരത്തിലുള്ള പ്രചാരണം ഉണ്ടായിരുന്നു.

പാണത്തൂർ ബാപ്പുങ്കയത്തെ വീട്ടുമുറ്റത്തുനിന്നാണ് ഓഗസ്റ്റ് മൂന്നിന് സനയെ കാണാതാകുന്നത്. കുഞ്ഞിനെ കാണാതായതോടെ സർക്കാർ ഇടപെട്ട് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിരുന്നു. സർക്കാർ നിർദേശം ലഭിച്ചതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണാണ് പ്രത്യേക അന്വേഷണസംഘത്തെ പ്രഖ്യാപിച്ചത്. ഇതിനിടയിലാണ് നാട്ടുകാർ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.