പാണത്തൂരില്‍ കാണാതായ നാലു വയസ്സുകാരി സന ഫാത്തിമയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതയേറുന്നു. സനയെ കാണാതായി നാലു ദിവസം കഴിഞ്ഞിട്ടും ഇതുവരെ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതിനിടെ ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് കുടുംബം പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

തോട്ടില്‍ വീണ സന ഒഴുക്കില്‍പ്പെട്ടതായിരിക്കാമെന്നായിരുന്നു നേരത്തേയുള്ള സംശയം. ഇതു കേന്ദ്രീകരിച്ചാണ് തിരച്ചിലും നടന്നിരുന്നത്. എന്നാല്‍ സന തോട്ടില്‍ വീഴാന്‍ സാധ്യതയില്ലെന്നാണ് കുടുംബം പറയുന്നത്.

പ്രദേശത്തുള്ള ആരെങ്കിലും ദുരുദ്ദേശത്തോടെ സനയെ തട്ടിക്കൊണ്ടാവാന്‍ സാധ്യയതുണ്ടെന്നും കുടുംബം സംശയിക്കുന്നു. ഇതേ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് കുടുംബം ആവശ്യപ്പെടുന്നത്.

സനയെ കാണാതായി മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ കണ്ടെത്തിയെന്ന തരത്തില്‍ ഒരു വാട്‌സാപ്പ് സന്ദേശം ചില ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. നൗഷാദ് ഇളംബാടിയെന്നയാളുടെ പേരിലായിരുന്നു ഈ സന്ദേശം.

ഈ നമ്പറില്‍ കുട്ടിയുടെ ബന്ധുക്കള്‍ ഉടന്‍ വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. കുറച്ചു സമയം കഴിഞ്ഞ് തെറ്റായ സന്ദേശം അയച്ചതില്‍ ക്ഷമ ചോദിക്കുന്നതായി മറ്റൊരു സന്ദേശം കൂടി വരികയായിരുന്നു.

സനയെ കണ്ടെത്തിയെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിച്ചതോടെ തൊട്ടടുത്ത ദിവസം മുതല്‍ കുട്ടിയെ കിട്ടിയല്ലോയെന്നു ചോദിച്ചു നിരവധി പേര്‍ വിളിച്ചതായി ബന്ധു പറയുന്നു. ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും അവര്‍ ആരോപിക്കുന്നു.

നിലവിലെ പോലീസ് അന്വേഷണത്തില്‍ തങ്ങള്‍ അസംതൃപ്തരാണെന്ന് കുടുംബം പറയുന്നു. വ്യാഴാഴ്ച വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെയാണ് സനയെ കാണാതായത്.