ജനക്കൂട്ടത്തെ കണ്ട് രാഷ്ട്രീയ പ്രസ്താവന നടത്തുന്ന സിനിമാക്കാർക്കെതിരെ ആദായനികുതി വകുപ്പിന്റെയോ എൻഫോഴ്സ്മെന്റിന്റെയോ നടപടിസാധ്യത ചൂണ്ടിക്കാട്ടി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. നികുതിയടച്ച് നാടിനോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതിൽ സിനിമാക്കാർ വീഴ്ച വരുത്താറുണ്ടെന്നും വാര്യർ ആരോപിച്ചു. നികുതി വെട്ടിപ്പ് കൈയോടെ പിടിച്ചാൽ നാളെ രാഷ്ട്രീയ പ്രതികാരമെന്ന് പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നും അദ്ദേഹം താക്കീത് നൽകി. ചാനൽ ചർച്ചകളിലൂടെ ജനശ്രദ്ധ നേടിയ നേതാവാണ് സന്ദീപ് വാര്യർ.
കഴിഞ്ഞദിവസം കൊച്ചിയിൽ പൗരത്വ ബില്ലിനെതിരെ നടന്ന ലോങ് മാർച്ചിൽ നിരവധി നടീനടന്മാർ പങ്കെടുത്തിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വാര്യർ പോസ്റ്റിട്ടിരിക്കുന്നത്. നടിമാർ പ്രത്യേകമായി സൂക്ഷിക്കണമെന്നും വാര്യർ തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. ഇതിന്റെ കാരണം വ്യക്തമല്ല.
സിനിമാക്കാരുടെ അച്ഛൻ, സഹോദരൻ, സെക്രട്ടറി എന്നിവരെയാണ് പോസ്റ്റിൽ പ്രധാനമായും സന്ദീപ് വാര്യർ ഉൾപ്പെടുത്തിയിരിക്കുന്നത്. നടിമാർ പ്രത്യേകമായി ശ്രദ്ധിക്കണമെന്നും പറയുന്നു.
വാര്യരുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്ബുക്ക് പോസ്റ്റിനടിൽ കമന്റുകൾ വരുന്നുണ്ട്. രാഷ്ട്രീയ പ്രസ്താവനകൾ നടത്താറുള്ള ചില നടന്മാരുടെ പേരുകളും കമന്റുകളിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. കാർ വാങ്ങിയപ്പോൾ നികുതി വെട്ടിപ്പ് നടത്തിയ ഒരു നടൻ, വീട്ടിൽ ആനക്കൊമ്പ് സൂക്ഷിച്ച മറ്റൊരു നടൻ എന്നിവരെയാകണം സന്ദീപ് വാര്യർ ഉദ്ദേശിച്ചതെന്നും മറ്റും കമന്റുകളുണ്ട്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്
മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല.
Leave a Reply