ലണ്ടൻ : സര്‍വ്വവും ഗുരുവായൂരപ്പന് സമര്‍പ്പിച്ച ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ ലണ്ടൻ നഗരം ഒരുങ്ങി. ഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം. പാടാന്‍ തുടങ്ങുന്നവരും പാടി തികഞ്ഞവരുമടക്കം നൂറ്റി അൻപതോളം സംഗീതോപാസകർ നവംബർ 30 ന് ക്രോയ്ടോൻ ലാങ്‌ഫ്രാങ്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന സംഗീതോത്സവത്തിൽ സംഗീതാര്‍ച്ചന നടത്തും. കഴിഞ്ഞ വർഷങ്ങളിലെ സംഗീത പ്രേമികളുടെ അഭൂതപൂർവമായ തിരക്ക് കണക്കിലെടുത്തു സംഗീതോത്സവ വേദി പതിവ് സത്സംഗ വേദിയായ തൊൺടൻഹീത് കമ്മ്യൂണിറ്റി സെന്ററിൽ നിന്നും ലാങ്‌ഫ്രാങ്ക് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതിനാൽ ആയിരത്തിലേറെ സംഗീത ആസ്വാദകർക്ക് ഇക്കൊല്ലം നാദാസപര്യ അനായാസം ആസ്വാദനയോഗ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തപ്പെടുന്നത്. കർണാടക ശാസ്ത്രീയ സംഗീത ശാഖയിലേക്കുള്ള ആദ്യയാത്ര ആരംഭിക്കുന്ന കുരുന്നുകളും, ശാസ്ത്രീയ സംഗീത മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള അതിപ്രഗല്ഭരായ സംഗീതജ്ഞരും, ജാതി-മത-വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ഒരേ വേദിയിൽ മാനസ ഗുരുവായ ചെമ്പൈ സ്വാമികളെ ധ്യാനിച്ച് ഗുരുവായൂരപ്പന് നാദ നൈവേദ്യം സമർപ്പിക്കും. പ്രശസ്ത സംഗീതജ്ഞൻ “അയ്യപ്പ ഗാന ജ്യോതി കലാരത്നം പദ്മശ്രീ കെ ജി ജയൻ” (ജയവിജയ) തന്റെ ഗുരു നാഥനായ ചെമ്പൈ സ്വാമികളുടെ പാവന സ്മരണക്കു മുൻപിൽ നാദപുഷ്‌പാഞ്‌ജലി അർപ്പിക്കുവാൻ പ്രായാധിക്യം മറന്നും ചെമ്പൈ സഗീതോത്സവത്തിനു ലണ്ടനിൽ എത്തിച്ചേരും എന്നത് ഗുരുഭക്തിയുടെ പാരമ്യത തന്നെയാണ്. അദ്ദേഹത്തെ കൂടാതെ സിനിമാതാരവും എം പിയുമായ ശ്രീ സുരേഷ് ഗോപി, പിന്നണി ഗായകൻ ശ്രീ വേണുഗോപാൽ, സംഗീതജ്ഞനും സംഗീത സംവിധായകനുമായ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, സിനിമാ താരവും നർത്തകിയുമായ ശ്രീമതി അനുമോൾ, സിനിമാ സീരിയൽ താരം ശ്രീ ഉണ്ണി ശിവപാൽ തുടങ്ങി കലാ-സാംസ്കാരിക മേഖലകളിലെ പ്രശസ്തർ ഇതിനോടകം ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിനു ആശംസകൾ അറിയിച്ചു കഴിഞ്ഞു.

ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവിൽ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനിൽ അരങ്ങേറുന്ന സംഗീതോത്സവത്തെ വിജയകരമായി ആറാം വർഷവും അതിവിപുലമായും തികച്ചും സൗജന്യമായും അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് രാജേഷ് രാമന്റെ നേതൃത്വത്തിലുള്ള സംഘാടകർ. പതിവുപോലെ സംഗീതാർച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. യുകെയിലെ എല്ലാ സഹൃദയരായ കലോപാസകരെയും ഈ ഭക്തി നിർഭരമായ സഗീതോത്സവ വേദിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി ചെയർമാൻ ടി ഹരിദാസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,

Rajesh Raman: 07874002934, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601