രഞ്ജി ട്രോഫിയിൽ മേഘാലയയ്ക്കെതിരേ തകർപ്പൻ ജയത്തോടെ കേരളം തുടങ്ങി. ഇന്നിംഗ്സിനും 166 റണ്‍സിനുമാണ് കേരളം ജയിച്ചത്. രണ്ടു ഇന്നിംഗ്സിലുമായി ആറ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ ഏദൻ ആപ്പിൾ ടോം മാൻ ഓഫ് ദ മാച്ചായി. മേഘാലയയുടെ രണ്ടാം ഇന്നിംഗ്സ് 191 റണ്‍സിൽ അവസാനിച്ചു. ബേസിൽ തമ്പി നാലും ജലജ് സക്സേന മൂന്നും ഏദൻ രണ്ടു വിക്കറ്റുകൾ നേടി. ചിരാഗ് കുർന (75), ദുപ്പു സാഗ്മ (പുറത്താകാതെ 55) എ്ന്നിവർ മാത്രമാണ് മേഘാലയ്ക്കായി തിളങ്ങിയത്. ആദ്യ ഇന്നിംഗ്സിൽ മേഘാലയ 148 റണ്‍സിന് പുറത്തായിരുന്നു.
പൊന്നൻ രാഹുൽ (147), രോഹൻ എസ്. കുന്നുമ്മൽ (107), വത്സൽ ഗോവിന്ദ് (106) എന്നിവരുടെ സെഞ്ചുറി കരുത്തിൽ കേരളം ആദ്യ ഇന്നിംഗ്സിൽ 505 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. മത്സരം ജയിച്ചതോടെ കേരളത്തിന് ഏഴ് പോയിന്റുകൾ ലഭിച്ചു.
മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യൻ ടീമിൽ. ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിന് ഇടം ലഭിച്ചത്. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെ ഇഷാൻ കിഷനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. മുൻ നായകൻ വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
രോഹിത് ശർമ നായകനാകുന്ന 18 അംഗ ടീമിൽ പരിക്ക് മാറി രവീന്ദ്ര ജഡേജയും സ്ഥാനം പിടിച്ചു. ജസ്പ്രീത് ബുംറയെ ട്വന്റി-20, ടെസ്റ്റ് ടീമുകളുടെ ഉപനായകനായും നിയമിച്ചിട്ടുണ്ട്. ഓൾറൗണ്ടർ ഷർദുൽ ഠാക്കൂറിനും വിശ്രമം അനുവദിച്ചു. മൂന്ന് ട്വന്റി-20 മത്സരങ്ങളാണ് ശ്രീലങ്കയ്ക്കെതിരേ ഇന്ത്യ കളിക്കുന്നത്. ഫെബ്രുവരി 24ന് ലക്നോവിലാണ് ആദ്യ മത്സരം. പിന്നാലെ 26, 27 തീയതികളിൽ രണ്ടും മൂന്നും മത്സരങ്ങൾക്ക് ധർമശാല വേദിയാകും.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക് വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വെങ്കിടേഷ് അയ്യർ, ദീപക് ചഹർ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, സഞ്ജു സാംസണ്, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചഹൽ, രവി ബിഷ്ണോയി, കുൽദീപ് യാദവ്, ആവേഷ് ഖാൻ
Leave a Reply