മലയാളി താരം സഞ്ജു വി സാംസണ്‍ ടീം ഇന്ത്യയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു പരമ്പര കൂടി അവസാനിക്കാനിരിക്കെ ക്രിക്കറ്റ് ആരാധകരെല്ലാം കടുത്ത നിരാശയിലാണ്. പതിവ് പോലെ ടീമിന്റെ ഭാഗമാകുക എന്നത് മാത്രമാണ് ഇത്തവണയും സഞ്ജുവിന് ലഭിച്ച ആകെ നേട്ടം. അവശേഷിക്കുന്ന ഒരു മത്സരം അതിനിര്‍ണ്ണായകമാണെന്നിരിക്കെ ടീം ഇന്ത്യയില്‍ സഞ്ജു ഒരുതവണകൂടി ജഴ്‌സി അണിയണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

ഐപിഎല്ലിലും ഇന്ത്യ എ ടീമിനായും വിജയ് ഹാസര ട്രോഫിയിലുമെല്ലാം കാഴ്ച്ചവെച്ച അതിഗംഭീര പ്രകടനമാണ് ടിനു യോഹന്നാനും എസ് ശ്രീശാന്തിനും ശേഷം മറ്റൊരു മലായാളിയായി സഞ്ജു ടീം ഇന്ത്യയില്‍ ഇടംപിടിച്ചത്. ഇത് മൂന്നാം തവണയാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടംപിടിയ്ക്കുന്നതെങ്കിലും ഒരു മത്സരം മാത്രമാണ് സഞ്ജുവിന് ആകെ കളിക്കാന്‍ അവസരം ലഭിച്ചത്. അതും സിംബാബ്‌വേയ്‌ക്കെതിരെ അത്രയൊന്നും പ്രാധാന്യമില്ലാത്ത മത്സരത്തില്‍.

സഞ്ജുവിന്റെ സമകാലികരായ യുവതാരങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ ടീമില്‍ ഇതിനോടകം നിരവധി അവസരങ്ങള്‍ ലഭിച്ചുകഴിഞ്ഞു. ഇന്ത്യയ്ക്കായി നിരവധി മത്സരങ്ങളില്‍ ഫോം ഔട്ടായ റിഷഭ് പന്ത് ഇന്നും ധോണിയുടെ പിന്‍ഗാമിയായി ടീം ഇന്ത്യയില്‍ തുടരുന്നത് ചോദ്യ ചിഹ്നമാണ്. കേദര്‍ ജാദവ്, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ , ശിവം ദുബെ തുടങ്ങി നിരവധി താരങ്ങളാണ് ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ ജഴ്‌സി അണിയാന്‍ നിരന്തരം അവസരം ലഭിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ സഞ്ജുവിനോട് മാത്രമായി ടീം ഇന്ത്യയ്ക്ക് എന്തോ അയിത്തമുളള പോലെയാണ് താരത്തിനോടുളള സമീപനം കാണുമ്പോള്‍ തോന്നുക. ഇംഗ്ലണ്ടിനെതിരേയും സിംബാബ്‌വെയ്‌ക്കെതിരേയും ടീമിലെത്തിയപ്പോഴും കോഹ്ലിയായിരുന്നു സഞ്ജുവിനെ കാഴ്ച്ചക്കാരനാക്കിയത്. ബംഗ്ലാദേശിനെ രോഹിത്ത് സഞ്ജുവിനായി ഒരവസരം നല്‍കുമെന്ന് മലയാളി ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ രോഹിത്തും സഞ്ജുവിന് അവസരം നല്‍കാന്‍ തയ്യാറായില്ല.

വിജയ് ഹസാര ട്രോഫിയില്‍ സ്വന്തമാക്കിയ ഡബിള്‍ സെഞ്ച്വറി മാത്രം മതിയായിരുന്നു സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കാന്‍. കാരണം തന്റെ ദിവസങ്ങളില്‍ സഞ്ജു സൂപ്പര്‍ ഹീറോയാണ്. ടീം ഇന്ത്യയിലെ എത്ര പ്രതിഭാസനനായ കളിക്കാരനേക്കാളും മീതെ സഞ്ജു പെര്‍ഫോം ചെയ്യും. ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ ഇന്ത്യ എയ്ക്കായി ശിഖര്‍ ധവാനെ സാക്ഷി നിര്‍ത്തി സഞ്ജു അത് ഒരിക്കല്‍ തെളിയിച്ചതാണ്.

എന്നാല്‍ ഈ സൂപ്പര്‍ ഹീറോയെ ആരൊക്കെയോ ഭയക്കുന്നു എന്ന തോന്നലാണ് സഞ്ജുവിന് നിരന്തരമായി ലഭിക്കുന്ന ഈ അപമാനം സൂചിപ്പിക്കുന്നത്. ഒരിക്കല്‍ സഞ്ജു ടീം ഇന്ത്യയെ ഭരിക്കുന്ന ഒരു കാലം വരും. വെളിച്ചത്തെ ഇരുട്ട് കൊണ്ട് തടുക്കാനാകില്ലല്ലോ.