മലയാളി താരം സഞ്ജു സാംസണിന്റെ ആരാധകക്കൂട്ടം വലിയ തോതില്‍ വ്യാപിച്ചിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജു ടീമിലുണ്ടെന്ന് പ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടായ ആഘോഷം അന്നത്തെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ വരെ അതിശയിപ്പിച്ചിരുന്നു. ലോകത്തിന്റെ ഏത് കോണിലും സഞ്ജുവിനെ പിന്തുണയ്ക്കാന്‍ ഒരു കൂട്ടമുണ്ടാകുമെന്ന് തെളിയിക്കുന്നതായിരുന്നു ആ സംഭവം.

ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയുമായി ബന്ധപ്പെട്ട് സഞ്ജു ട്രിനിഡാഡിലാണ്. സഞ്ജു വിമാനത്താവളത്തിന് പുറത്തിറങ്ങിയപ്പോള്‍ തന്നെ സഞ്ജു ചേട്ടാ, ഞങ്ങള്‍ ഗ്രൗണ്ടിലുണ്ടാവും, പൊളിച്ചേക്കണേ എന്ന് ഒരാള്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു. സഞ്ജു അതിന് ഒക്കെയെന്ന് മറുപടിയും നല്‍കിയിരുന്നു. ഈ വീഡിയോ ഇതിനോടകം തന്നെ വൈറലാകുകയും ചെയ്തിരുന്നു. എന്നാല്‍ ആ വീഡിയോയ്ക്ക് പിന്നിലുണ്ടായിരുന്നവരെ പരിചയപ്പെടുത്തിയിരിക്കുകയാണ് സഞ്ജു ഇപ്പോള്‍.

“ഹലോ എല്ലാവര്‍ക്കും നമസ്കാരം, ഞാനിപ്പോള്‍ ട്രിനിഡാഡിലാണ്. നമ്മുടെ ചേട്ടന്മാര്‍ കൂടെയുണ്ട്. വളരെ സന്തോഷം, ചെട്ടനിവിടെ ഉണ്ട്. ഒരു വീഡിയോ എടുക്കാന്‍ പറഞ്ഞതില്‍ വളരെ സന്തോഷം. കരീബിയനില്‍ ആദ്യ അനുഭവം ഞാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ എന്റെ അടുത്ത് ചേട്ടന്‍ ബാക്കീന്ന് വിളിച്ച് കപ്പേം മീനും വേണോന്ന് ചോദിച്ചാണ് എന്നെ വീഴ്ത്തിയത്. അങ്ങനെയാണ് ആദ്യത്തെ മലയാളിയെ ഇവിടെ പരിചയപ്പെട്ടത്,” സഞ്ജു വീഡിയോയില്‍ പറഞ്ഞു.

നാളെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. ശിഖര്‍ ധവാനാണ് ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുന്നത്.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്കവാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.