ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിമപാളിയുള്ള ഗ്രീന്‍ലാന്‍ഡില്‍ കഴിഞ്ഞ ദശാബ്ദത്തിനിടെ മഞ്ഞ്‌ കനത്തരീതിയില്‍ ഉരുകുന്നതായി പഠനങ്ങള്‍. ഇതുമൂലം ലോകത്താകമാനം സമുദ്രനിരപ്പില്‍ ഒരു സെന്റീമീറ്ററിന്റെ വര്‍ധനയാണുണ്ടായത്. ഈ രീതിയിൽ പോകുകയാണെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പ് ഒരടിയോളം ഉയരാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. നാച്വര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

വടക്കന്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സ് സെന്റര്‍ ഫോര്‍ പോളാര്‍ ഒബ്‌സര്‍വേഷന്‍ ആന്‍ഡ് മോഡലിങ്ങിന്റെ ഗവേഷണമനുസരിച്ച് മഞ്ഞുപാളികള്‍ ഉരുകുന്ന തോതിലും വര്‍തോതിലുള്ള വര്‍ധനയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ 21 ശതമാനമാണ് മഞ്ഞുരുകുന്ന തോതിലുണ്ടായ വര്‍ധന.

അത്യാധുനിക സംവിധാനങ്ങളാണ് മഞ്ഞ് എത്രത്തോളം ഉരുകിയതെന്ന് കണ്ടെത്താനായി ഉപയോഗിച്ചത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സാറ്റലൈറ്റ് ഡാറ്റാ ഉപയോഗിച്ച് മഞ്ഞുപാളിയുടെ ഘടന കണക്കാക്കി. മഞ്ഞുരുകുന്ന തോത് കണ്ടെത്താന്‍ ഒരു ബഹിരാകാശ ഉപകരണത്തിന്റെ സഹായം തേടുന്നതും ഇതാദ്യം. ഇതുപ്രകാരം 2011 മുതല്‍ 2020 വരെ ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളി പ്രതിവർഷം ശരാശരി 35,700 കോടി ടണ്ണോളം ഉരുകി തീരുന്നതായി കണ്ടെത്തി. ഇത്തരത്തില്‍ മഞ്ഞുരുകല്‍ തുടരുകയും ശരാശരി കണക്കാക്കുകയും ചെയ്താല്‍ ആഗോള സമുദ്ര നിരപ്പ് പ്രതിവര്‍ഷം ഒരു മില്ലിമീറ്ററായി ഉയരും.

മാറിവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് ഗ്രീന്‍ലാന്‍ഡും ഇരയാകുന്നുവെന്ന് ഗ്രന്ഥ കർത്താവ് തോമസ് സ്ളേറ്റര്‍ പറഞ്ഞു. ‘നമ്മുടെ കാലാവസ്ഥ കനത്ത ചൂട് നേരിടുമ്പോള്‍ ഗ്രീന്‍ലാന്‍ഡില്‍ തീവ്രമായ മഞ്ഞുരുകല്‍ സംഭവങ്ങള്‍ കൂടുതല്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ ഞങ്ങളെ കാലാവസ്ഥാ മാതൃകകള്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും,’ അദ്ദേഹം പറഞ്ഞു.

ഭാവിയില്‍ മഞ്ഞുരുകല്‍ അടിക്കടിയുണ്ടാവില്ലെന്ന ശുഭാപ്തിവിശ്വാസം സ്ളേറ്റര്‍ പങ്ക് വെച്ചുവെങ്കിലും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ആമ്പര്‍ ലീസന്റെ പ്രവചനപ്രകാരം 2100 ഓടെ ആഗോള സമുദ്രനിരപ്പ് ഒന്ന് മുതല്‍ ഒന്‍പത് ഇഞ്ച് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും ലോകത്താകമാനമുള്ള തീരദേശ നഗരങ്ങള്‍ക്ക് ഇത് ഭീഷണിയാകുമെന്നും പറയുന്നു.

1950 മുതല്‍ കാലാവസ്ഥാ റെക്കോഡ് ചെയ്യപ്പെടാന്‍ തുടങ്ങിയതിന് ശേഷം ഈ വര്‍ഷം സെപ്റ്റംബറിലാണ് ആദ്യമായി ഗ്രീന്‍ലാന്‍ഡ് കൊടുമുടിയില്‍ മഴ പെയ്തത്. സമുദ്രനിരപ്പിന് 10,551 അടി ഉയരത്തിലാണ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. യു.എസ് നാഷണല്‍ സ്‌നോ ആന്‍ഡ് ഐസ് ഡാറ്റാ സെന്ററിന്റെ കണക്കുപ്രകാരം ഇതാദ്യമായിട്ടാണ് ഇത്ര വലിയ മഴ ഇവിടെയുണ്ടാകുന്നത്. തുടർച്ചയായി പെയ്ത മഴ ഗ്രീന്‍ലാന്‍ഡിലെ താപനില ഉയർത്തി.

ഗ്രീന്‍ലാന്‍ഡ് കൊടുമുടിയിലെ ഹിമപാളിക്ക് മുകളിലായി അമേരിക്കയുടെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ‘സമ്മിറ്റ് സ്റ്റേഷന്‍’ സ്ഥാപിച്ചിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഹിമപാളികളില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനാണിത്. ഓഗസ്റ്റിലെ ആദ്യ മഴയ്ക്ക് ശേഷമുള്ള ആഴ്ചയിൽ ഹിമപാളികളില്‍ 700കോടി ടണ്ണിന്റെ മഴയാണ് ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് വന്‍തോതിലുള്ള മഞ്ഞുരുകലാണിവിടെയുണ്ടായത്. ഇത് മൂലം ആഗോള സമുദ്ര നിരപ്പിലും വന്‍തോതിലുള്ള വര്‍ധനയുണ്ടായി.

മഴയ്ക്ക് ശേഷമുള്ള മഞ്ഞ് ഉരുകൽ ഏഴ് ഇരട്ടിയോളം ഉയര്‍ന്നു. ആര്‍ട്ടിക്കിനും അറ്റ്‌ലാന്റിക് സമുദ്രത്തിനും ഇടയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീന്‍ലാന്‍ഡ്. കരയുടെ ഭൂരിഭാഗവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ട് കിടക്കുന്നു. ജൈവ ഇന്ധനം കത്തിക്കുന്നതിന്റെ ഫലമായിട്ടാണ് 20 വര്‍ഷത്തിലധികമായി ഗ്രീന്‍ലാന്‍ഡിലെ ഹിമപാളികള്‍ ഉരുകുന്നതെന്നാണ് ഈ വര്‍ഷമിറങ്ങിയ ഐക്യരാഷ്ട്ര സഭയുടെ ‘ കോഡ് റെഡ്’ കാലാവസ്ഥാ റിപ്പോര്‍ട്ടിന്റെ കണ്ടെത്തൽ. 2019 ല്‍ 53200 കോടി ടണ്ണിന്റെ മഞ്ഞാണ് കടലിലേക്ക് ഗ്രീന്‍ലാന്‍ഡില്‍ നിന്നു ഉരുകിച്ചേർന്നത്. തുടര്‍ച്ചയായുള്ള മഞ്ഞുരുകല്‍ ഹിമക്കരടി പോലെയുള്ള ജീവികളുടെ നിലനില്‍പ്പിനെയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്.