ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തോടെ ബംഗ്ലാദേശിന് മുന്നില്‍ റെക്കോഡ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സടിച്ചെടുത്തു. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം സ്‌കോറാണിത്.
രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന വെടിക്കെട്ട് കൂട്ടുക്കെട്ടാണ് ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സഞ്ജു 47 പന്തില്‍ നിന്ന് 111 റണ്‍സടിച്ചു. 40 പന്തില്‍ നിന്ന് തന്റെ കന്നി സെഞ്ചുറിയും മലയാളി താരം സ്വന്തമാക്കി. ഓരോവറില്‍ പറത്തിയ അഞ്ചെണ്ണം അടക്കം എട്ട് സിക്‌സറുകളും 11 ഫോറുകളും അടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്.
35 പന്തില്‍നിന്ന് 75 റണ്‍ ആണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നേടിയത്. ആറ് സിക്‌സറുകളും എട്ട് ഫോറുകളും ഇതിലുണ്ട്. ഇരുവരുടെയും കൂട്ടിക്കെട്ടിന് ശേഷമെത്തിയ റിയാന്‍ പരാഗും ഹര്‍ദിക് പാണ്ഡ്യയും തകര്‍പ്പന്‍ പ്രകടനംതന്നെയാണ് കാഴ്ചവെച്ചത്. പരാഗ് 13 പന്തില്‍ നിന്ന് 34 അടിച്ചു. 18 പന്തില്‍ നിന്ന് 47 റണ്ണായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജുവിനൊപ്പം ഓപ്പണറായി എത്തിയ അഭിഷേക് ശര്‍മയെ (4) മൂന്നാം ഓവറില്‍ ഇന്ത്യക്ക് നഷ്ടമായി.
അര്‍ഷദീപിന് പകരം രവി ബിഷ്ണോയിയെ ഉള്‍പ്പെടുത്തിയതാണ് ടീമിലെ ഏക മാറ്റം.
ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ പ്രകടനത്തിലൂടെയാണ് ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയം നേടിയത്. ഇന്ന് കൂടി ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് തൂത്തുവാരാം.
Leave a Reply