കോഴിക്കോട്ടെ ട്രാന്‍സ്ജന്‍ഡറുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം ശക്തമാക്കി പൊലീസ്. കൊലപാതകം സ്ഥിരീകരിക്കാന്‍ ഷാലുവിന്റെ ആന്തരിക അവയവങ്ങളും സ്രവങ്ങളും രാസപരിശോധനയ്ക്കയച്ചു. കഴുത്തില്‍ സാരിമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.

മൃതദേഹം കാണപ്പെട്ട ഇടവഴിക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. രാത്രി പതിനൊന്നുമണിയോടെ ഷാലുവിനൊപ്പം ഇടവഴിയിലൂടെ നടന്നുപോകുന്ന യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ യുവാവിന് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല. ദൃശ്യങ്ങളില്‍ കണ്ട മറ്റുള്ളവര്‍ക്കായും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരില്‍നിന്നടക്കം മൊഴിയെടുത്തതിനുശേഷമാകും അറസ്റ്റുള്‍പ്പെടെയുള്ള നടപടകളിലേക്ക് നീങ്ങുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് നായ മാവൂര്‍ റോഡ് ശ്മശാനത്തിനടുത്തുള്ള ഒരു ഷെഡിനു സമീപത്തേക്കാണ് എത്തിയത്. ഇവിടെയും പരിശോധന നടത്തി. തനിക്കുനേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഷാലു സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു.

കോഴിക്കോട്ടെ ട്രാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍സ്ജന്‍ഡര്‍ കൂട്ടായ്മയായ പുനര്‍ജനി മുഖേന പൊലീസില്‍ പരാതിനല്‍കുന്നതിനായാണ് ഷാലു ‍ഞായറാഴ്ച ഉച്ചതിരിഞ്ഞ് കോഴിക്കോടെത്തിയത്. കേസ് അന്വേഷിക്കുന്ന നടക്കാവ് പൊലീസ് ഷാലു താമസിച്ചിരുന്ന മലപ്പുറം കുറ്റിപ്പുറത്തെ വീട്ടിലുമെത്തി തെളിവെടുപ്പ് നടത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുത്തു. കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ഷാലുവിനെ തിങ്കളാഴ്ച പുലര്‍ച്ചയാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനുസമീപമുള്ള യു.കെ.ശങ്കുണ്ണി റോഡിന്റെ ഇടവഴിയില്‍ കണ്ടെത്തിയത്. കഴുത്തില്‍ സാരിചുറ്റുമുറുക്കിയ നിലയിലായിരുന്നു മൃതദേഹം. പുലര്‍ച്ചെ പത്രവിതരണത്തിനെത്തിയയാളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.