കാമുകന്റെ കൂടെ പോകുന്നതിന് തടസമായ ഭര്‍ത്താവിനെ സ്വകാര്യ ഫാം ഹൗസിനു സമീപത്തെ കൃഷിയിടത്തിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതി ലിജിയും കാമുകനും മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തും. സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെത്തുടര്‍ന്ന് മുംബൈയില്‍ കുടുങ്ങിയ ശാന്തന്‍പാറ കൊലപാതകക്കേസിലെ പ്രതികളായ ലിജിയെയും വസീമിനെയുമാണ് പൊലീസ് ഇന്ന് കൊച്ചിയിലെത്തിക്കുക. മതിയായ രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെയും കേരള പൊലീസ് സംഘത്തെയും മുംബൈ വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. കേസിലെ പ്രതികളായ വസീം, ലിജി എന്നിവരുമായി ശാന്തന്‍പാറ എസ്‌ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു വിമാനത്താവളത്തില്‍ എത്തിയത്.
പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലായതോടെ, പിടിയിലാകാതിരിക്കാന്‍ വിഷം കഴിച്ചതിനെത്തുടര്‍ന്നു മുംബൈയില്‍ ചികിത്സയിലായിരുന്നു ഇവര്‍.കഴിഞ്ഞ വർഷമാണ് ഇടുക്കി ശാന്തന്‍പാറ പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷിന്റെ മൃതദേഹം ഭാര്യ ലിജിയും (29) ഫാം ഹൗസ് മാനേജര്‍ വസീമും (32) ചേർന്ന് കഴിച്ചുമൂടിയത്.
12 വർഷം മുമ്പാണ് റിജോഷും ലിജിയും സ്നേഹിച്ച് വിവാഹം ചെയ്തത്. 2 വർഷം മുമ്പാണ് ആണ് റിജോഷും ഭാര്യ ലിജിയും മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്നത് റിജോഷും കൃഷിയിടത്തിലെ വിവിധ ജോലികൾ ചെയ്യുന്നത് ലിജിയും ആയിരുന്നു. 5 വർഷം മുൻപ് ആണ് ഇരിങ്ങാലക്കുട സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള ഫാം ഹൗസിൽ മാനേജരായി തൃശൂർ ഇരിങ്ങാലക്കുട, കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസീം(32) എത്തുന്നത്. അവിടെവച്ചാണ് ഇവർ തമ്മിൽ പ്രണയത്തിലായത്. വസീമും ലിജിയുമായുള്ള ബന്ധം റിജോഷ് അറിഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത് . വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം മിക്ക ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയിരുന്നതായി സമീപവാസികൾ പറഞ്ഞിരുന്നു. ഇതോടെ റിജോഷ് സ്ഥിരം മദ്യപാനിയായി മാറുകയായിരുന്നു.
റിജോഷിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വസീം തെളിവുകള്‍ നശിപ്പിക്കുന്നതിനും പിടിക്കപ്പെടാതിരിക്കാനും നടത്തിയത് ദൃശ്യം സിനിമയെ വെല്ലുന്ന നീക്കങ്ങളായിരുന്നു. കൊല നടത്തിയതിന് ശേഷം മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിച്ചാല്‍ പൊലീസ് അന്വേഷണം വേഗത്തില്‍ തന്നിലേക്ക് എത്തുമെന്നുറപ്പുള്ള വസീം നിർമാണത്തിലിരിക്കുന്ന മഴവെള്ള സംഭരണിയോട് ചേര്‍ന്നുള്ള കുഴിയില്‍ മൃതദേഹം ഉപേക്ഷിച്ച് കാണാത്ത വിധത്തില്‍ മണ്ണിട്ട് മൂടി. തുടര്‍ന്ന് ജെസിബി ഓപ്പറേറ്ററെ വിളിച്ച് കുഴിയില്‍ ചത്ത പശുവിനെ ഇട്ടിട്ടുണ്ടെന്നും കുറച്ച് മണ്ണ് മാത്രമേ ഇട്ടിട്ടുള്ളു ബാക്കി മണ്ണിട്ട് മൂടുവാനും ആവശ്യപ്പെട്ടു. ഇടപെടലില്‍ അസ്വാഭാവികത തോന്നാത്തതിനാലും മൃതദേഹം കുഴിയില്‍ ഇട്ടതിന്‍റെ സാഹചര്യങ്ങള്‍ ഒന്നും മനസ്സിലാകാത്ത തരത്തിലായിരുന്നു വസീമിന്‍റെ നീക്കം. തുടര്‍ന്ന് തൃശൂരിലുള്ള സഹോദരനെ വിളിച്ച് റിജോഷിന്‍റെ ഭാര്യ ലിജിയുടെ ഫോണിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു.
അടുത്ത ദിവസം കോഴിക്കോട്ടുള്ള സഹോദരന്‍റെ സുഹൃത്തിന്‍റെ ഫോണില്‍ നിന്നും ലിജിയുടെ ഫോണിലേക്ക് കോളുകള്‍ വിളിപ്പിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദിച്ചപ്പോള്‍ തെളിവായി ഈ കോളുകള്‍ കാണിച്ച് റിജോഷ് തൃശൂരിൽ നിന്നും കോഴിക്കോട്ട് നിന്നും തന്നെ വിളിച്ചിരുന്നതായി ലിജി തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍, പൊലീസ് ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ വസീമിന്‍റെ സഹോദരനും ഒരാൾ സഹോദരന്‍റെ സുഹൃത്തുമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സഹോദരനെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് കഥ ക്ലൈമാക്‌സിൽ എത്തിച്ച് വസീം കുറ്റസമ്മതം നടത്തി വീഡിയോസന്ദേശം അയച്ചത്.
ക്രൂര കൊലപതകത്തിനടുവിൽ എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭര്‍ത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പോലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ ലിജിയേയും ഇവരുടെ വീടിന് സമീപത്തുള്ള സ്വകാര്യ റിസോര്‍ട്ടിലെ മാനേജറായ വസീമിനെയും കാണാതായതോടെ ബന്ധുക്കള്‍ക്ക് സംശയമായി. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോര്‍ട്ടിലെ ഫാമിന് സമീപം കുഴിയെടുത്തതായി കണ്ടെത്തിയത്. ഇത് കുഴിച്ചു നോക്കിയപ്പോള്‍. ചാക്കില്‍ കെട്ടിയ നിലയില്‍ റിജോഷിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പാതി കത്തിച്ച ശേഷമാണ് കുഴിച്ചിട്ടത്.
Leave a Reply