എം. ജി.ബിജുകുമാർ

വൈകുന്നേരം കോളേജ് അധ്യാപികയായ സാരംഗി ഡി.ടി.പി സെന്ററിന്റെ ഉള്ളിൽ ഫാനിന്റെ ചുവട്ടിലിരുന്ന് കയ്യിലുള്ള പേപ്പറിലൂടെ കണ്ണോടിക്കുമ്പോഴാണ് ഒരു പയ്യൻ അവിടേക്ക് കയറി വന്നത്. പേപ്പറിൽ നിന്ന് മുഖമുയർത്താതെ കണ്ണുയർത്തി അലസമായിട്ടൊന്നു നോക്കിയിട്ട് അവൾ വീണ്ടും കടലാസിലേക്ക് കണ്ണുംനട്ടിരുന്നു. നോട്ട് തയ്യാറാക്കിയത് ടൈപ്പ് ചെയ്യിച്ച് പ്രിന്റ് എടുത്ത് പ്രൂഫ് റീഡിങ്ങ് നടത്തുന്നതിനിടയിൽ മുഖമുയർത്തി നോക്കുമ്പോൾ അല്പം മുമ്പ് കയറിവന്ന പയ്യൻ സ്ക്രീനിലേക്ക് നോക്കിയിട്ട് സാരംഗിയെ നോക്കി മന്ദഹസിച്ചു. മന്ദഹാസത്തിന് മറുപടി നൽകാതെ എവിടെയോ കണ്ട് പരിചയമുള്ള രൂപം എന്ന തോന്നലിൽ അവനെത്തന്നെ ശ്രദ്ധിച്ച് കണ്ണു ചിമ്മാതെയിരുന്നു.

പ്രൂഫ് റീഡിങ്ങ് തുടരുമ്പോൾ ഇവനെ എവിടെയാവും കണ്ടിട്ടുണ്ടാവുക എന്ന ചിന്ത അവളിൽ നിന്നും വിട്ടൊഴിയാൻ മടിച്ചു. ഏകദേശം
ഇരുപത്തിയഞ്ചിൽ താഴെ മാത്രം പ്രായമുള്ള ഇവൻ്റെ മുഖ സാദൃശ്യമുള്ള ആരോ തന്റെ അടുത്ത സ്നേഹിതയോ സ്നേഹിതനോ ആയിട്ടുണ്ടെന്ന് അവൾ തീർച്ചപ്പെടുത്തുമ്പോഴും അതാരെന്ന് മാത്രം മനസ്സിൽ തെളിഞ്ഞിന്നില്ല. എന്തായാലും അവനോട് ചോദിക്കുന്നില്ല എന്നുതന്നെ അവൾ തീരുമാനിച്ചു.

“ടീച്ചറേ.. നാളെ കോളേജ് അവധിയല്ലേ, അതിനാൽ ഇന്നുതന്നെ കംപ്ളീറ്റ് പ്രിൻറ് എടുത്ത് തരാം. പ്രൂഫ് തിരുത്തി തന്നിട്ട് പോയാൽ മതി. അടുത്ത ദിവസം വരുമ്പോഴേക്കും കറക്ടാക്കി പ്രിൻ്റ് എടുത്ത് വെച്ചേക്കാം” ഡി.റ്റി.പി വർക്ക് ചെയ്യുന്നയാൾ ഇത്രയും പറഞ്ഞ് തന്റെ ജോലി തുടരുമ്പോൾ അതിനുശേഷം ക്ഷേത്രത്തിലെ നോട്ടീസ് ചെയ്യാൻ എത്തിയ ആ പയ്യൻ ആരെയൊക്കെ ഫോണിൽ വിളിച്ച് പരസ്യത്തിനെപ്പറ്റിയൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു.

അല്പസമയം കടന്നുപോയി. തനിക്കു പരിചയമുള്ള അവന്റെ മുഖസാദൃശ്യമുള്ളയാൾ ആരായിരുന്നു എന്ന ചിന്തയിൽ കണ്ണടച്ച് അവൾ കസേരയുടെ പിന്നിലേക്ക് തല ചേർത്തിരുന്നു.

കുറച്ചു നിമിഷങ്ങൾക്ക് ശേഷമാണ് ഒരു പേര് അവളുടെ ഉള്ളിലേക്ക് ഇരച്ചെത്തിയത്.
” യമുനാ ദേവി ”

ഒന്നാം ക്ലാസ് മുതൽ ബിരുദം വരെയും പോസ്റ്റ് ഗ്രാജുവേഷൻ്റെ ആദ്യവർഷത്തിൻ്റെ പകുതി വരെയും തന്റെ ഒപ്പം പഠിച്ച യമുനാ ദേവിയുടെ മുഖ സാദൃശ്യമാണ് ഈ പയ്യനെന്ന് മനസിലാക്കുമ്പോൾ അവളിൽ അധ്യയനകാല ഓർമ്മകളെ പുൽകുവാനുള്ള വെമ്പലുണ്ടായി.

അവളുടെ ഓർമ്മകൾ ഇരുപത്തിയഞ്ച് വർഷം പിന്നിലേക്ക് പാഞ്ഞു. വ്യത്യസ്തമായ സ്ഥലങ്ങളിൽ നിന്നാണ് വരുന്നതെങ്കിലും വിദ്യാലയത്തിൽ വെച്ച് ചങ്ങാതിമാരായവരായിരുന്നു യമുനയും സാരംഗിയും. സംസ്കൃത ബിരുദ കോഴ്സ് ഒരുമിച്ച് ചെയ്തപ്പോഴുണ്ടായതും ജീവിതത്തിൽ സാരംഗിയെ ഒരുപാട് കരയിച്ചതുമായ ഒരു സംഭവത്തിന് ഉത്തരവാദിയായ യമുനയെ പൂർണ്ണമായും മറക്കാൻ അവൾക്ക് സാധിക്കുമായിരുന്നില്ല.

ചിന്തകൾ പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ കോളേജിലെ വരാന്തകളും ഇടനാഴികളും വാക മരങ്ങളും ചെമ്പകച്ചില്ലകളുമൊക്കെ തൻ്റെ മനസ്സിൽ സുഗന്ധം പൊഴിക്കുന്നതായി അവൾക്ക് തോന്നി. നല്ല സൗഹൃദങ്ങളും തമാശകളും ഒരുമിച്ചുള്ള ഭക്ഷണമൊക്കെയായി രസകരമായ കോളേജ് ജീവിതമായിരുന്നു അത്.

നന്നായി പഠിച്ചിരുന്ന തനിക്ക് റാങ്ക് ലഭിക്കുമെന്ന് അധ്യാപകരും ബന്ധുക്കളും സുഹൃത്തുക്കളും എപ്പോഴും പറയുമായിരുന്നു എന്ന് അവളോർത്തു. തന്റെ അടുത്ത സുഹൃത്തായിരുന്ന യമുനാദേവിക്കും റാങ്ക് സ്വപ്നം ഉണ്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കിയത്. അതിന് അവൾ കണ്ടുപിടിച്ച വഴി ദൈവത്തിന് നിരക്കാത്തതായി പോയി എന്ന് മാത്രം.

തന്റെ കണ്ണട ഊരിവെച്ച് കണ്ണടച്ച് കസേരയിൽ ചാരിയിരുന്ന് അവൾ ആ സംഭവങ്ങളുടെ ഇരുണ്ട ഓർമ്മകളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.

“ഡീ സാരംഗീ.. നമുക്ക് സബ്സിഡറി പേപ്പറുകൾ പിന്നീട് ഇംപ്രൂവ്മെന്റ് പരീക്ഷ വരുമ്പോൾ എഴുതാം. മെയിൻ സബ്ജക്റ്റ് നമുക്ക് നന്നായി പഠിക്കുവാൻ സമയം കിട്ടുകയും ചെയ്യും.”
വളരെ കാര്യമായിട്ടാണ് യമുന അത് പറഞ്ഞത്. അടുത്ത സുഹൃത്തായതിനാൽ അവളുടെ അഭിപ്രായത്തിനോട് യോജിച്ച് അതുമതിയെന്ന് തീരുമാനിക്കുകയും ചെയ്തു.

“ഔട്ട്ലൈൻ ഓഫ് ഇന്ത്യൻ കൾച്ചർ ” ഒന്നും രണ്ടും ഭാഗങ്ങളായിരുന്നു ആ വിഷയങ്ങൾ. പരീക്ഷാ ദിനമെത്തി. താൻ സബ്സിഡറി പരീക്ഷയ്ക്ക് എഴുതാൻ പോയില്ല. പരീക്ഷകൾക്ക് ശേഷം ക്ളാസ്സ് തുടങ്ങിയപ്പോഴാണ് അറിഞ്ഞത് പറഞ്ഞതിനു വിപരീതമായി യമുന രണ്ടു പരീക്ഷകളും എഴുതുകയും ചെയ്തുവെന്ന വിവരം.

” നീ എന്തിനാണ് എന്നോട് എഴുതേണ്ടെന്ന് പറഞ്ഞ പരീക്ഷകൾ എഴുതിയത്?”
അൽപ്പം നീരസത്തോടെയാണ് സാരംഗി അത് ചോദിച്ചത്.

” അത് വീട്ടിൽ വഴക്ക് പറഞ്ഞെടീ. എഴുതിയേ പറ്റു എന്ന് നിർബന്ധം പറഞ്ഞപ്പോൾ വെറുതേ പോയതാണ്.”
അല്പം പോലും മുഖഭാവത്തിൽ വ്യത്യാസവും വരുത്താതെയാണ് യമുനയങ്ങനെ പറഞ്ഞത്. അപ്പോഴും അത് സത്യമാവുമെന്ന് കരുതി അവളോട് വിരോധം കാണിച്ചിരുന്നില്ല.

പിന്നീട് ഇംപ്രൂവ്മെന്റ് വന്നപ്പോൾ താൻ നന്നായി പരീക്ഷ എഴുതുകയും ചെയ്തു. മൂന്നാം വർഷം പരീക്ഷയുടെ റിസൾട്ട് വരുന്ന സമയമായി. ഏവരും പ്രതീക്ഷിക്കുന്നത് പോലെ റാങ്ക് കിട്ടുമെന്ന് സാരംഗിയും സ്വപ്നം കണ്ടിരുന്നു.

റിസൾട്ട് വരുന്ന ദിവസം ക്ഷേത്ര ദർശനമൊക്കെ കഴിഞ്ഞ് ടേപ്പ് റിക്കോർഡറിൽ പാട്ടും കേട്ട് വീട്ടിലിരിക്കുമ്പോൾ ലാൻഡ് ഫോണിൽ മണി മുഴങ്ങി . അതെടുക്കുമ്പോൾ കാതിൽ മുഴങ്ങിയ, കോളേജിലെ ടീച്ചറിന്റെ സന്തോഷം നിറഞ്ഞ വാചകം ഇന്നും മനസ്സിലുണ്ട്.
“സാരംഗിക്കുട്ടീ… പരീക്ഷാഫലം പ്രഖ്യാപിച്ചു നിനക്കാണ് ഏറ്റവും കൂടുതൽ മാർക്ക്.. ”
അത് കേട്ടപ്പോൾ തുള്ളിച്ചാടാൻ തോന്നി.
“നീ ഇന്നും നാളെയും വീട്ടിൽ തന്നെയിരിക്കണം. എങ്ങുമിറങ്ങിപ്പോയേക്കരുത്. പത്രക്കാർ ചിലപ്പോൾ വന്നേക്കാം”
അതുകൂടി കേട്ടപ്പോൾ ഹൃദയമിടിപ്പ് കൂടി.
ടീച്ചർ ഫോൺ വെച്ചപ്പോഴേക്കും അമ്മയോട് വിവരം പറയാനായി അടുക്കളയിലേക്കോടി.
പരന്ന പാത്രത്തിലേക്ക് തൊലി ചെത്തിയ പഴുത്ത മാങ്ങ കഷണിച്ചിട്ടു കൊണ്ടിരുന്ന അമ്മയുടെ
ഇരു കയ്യിലും പിടിച്ചു വിവരമറിയിക്കുമ്പോഴേക്കും അവർ സന്തോഷത്തോടെ അവളെ ചേർത്തു പിടിച്ചു.
” ഏറ്റവും കൂടുതൽ മാർക്ക് കിട്ടാൻ മഹാദേവൻ്റെ സന്നിധിയിൽ വഴിപാട് നേർന്നിരുന്നു എന്തായാലും ഭഗവാൻ കൈവിട്ടില്ല”
അമ്മയുടെ ശബ്ദത്തിൽ നന്ദിയുടെയും ഭക്തിയുടെയും നിറവ്.

റാങ്ക് സ്വപ്നവുമായി ടെറസ്സിൽ നിൽക്കുമ്പോൾ താൻ തറയിൽ നിന്നും പൊങ്ങി മേഘപാളികളിൽ വരെ ഉയർന്നു പോകുന്ന ഒരു പ്രതീതി ഉണ്ടാകുന്നതായി അവൾക്ക് തോന്നി.
എന്നാൽ നേരം ഇരുട്ടിയിട്ടും പത്രക്കാർ വിളിക്കുകയോ വരികയാേ ചെയ്തില്ല. ഇതിനെപ്പറ്റിയുള്ള ആലോചനയിൽ രാത്രിയിൽ ഉറക്കം വന്നില്ല. എന്നിട്ടും പുതപ്പെടുത്ത് തല വഴി മൂടിപ്പുതച്ചു കിടന്നു. അൽപ്പനേരം കഴിഞ്ഞിട്ടും
നിദ്രയെത്താത്തതിനാൽ തുറന്നിട്ട ജനാല വഴി പുറത്തു നിന്നും അകത്തേക്ക് വെളിച്ചമടിച്ചു കയറുന്ന സ്ട്രീറ്റ് ലൈറ്റിലേക്ക് നോക്കി വെളുപ്പാൻ കാലം വരെ ചാരിയിരുന്നു. ക്ഷേത്രത്തിൽ ഹരിനാമകീർത്തനം മുഴങ്ങുമ്പോഴാണ്
” സാരംഗി ജി കുറുപ്പിന് ഒന്നാം റാങ്ക് ” എന്ന തലക്കെട്ടിൽ പത്രം ഇറങ്ങുന്നതും സ്വപ്നം കണ്ട് അവൾ ഉറങ്ങിയത്.

മഞ്ഞ് പൊഴിയുന്ന പ്രഭാതത്തിൽ മുറ്റത്ത് പൊഴിഞ്ഞു കിടക്കുന്ന ചെമ്പകപ്പൂക്കൾ കയ്യിലെടുത്ത് മനോരാജ്യങ്ങളിലേക്ക് വഴുതാതെ കഴിഞ്ഞ ദിവസം പത്രക്കാരെയും പ്രതീക്ഷിച്ചിരുന്നെങ്കിലും അവരെത്താത്തതിൻ്റെ നിരാശ നിറഞ്ഞ മനസ്സുമായി ചെമ്പകച്ചുവട്ടിലെ കൽക്കെട്ടിലിരുന്നു. അല്പസമയത്തിനുള്ളിൽ സൈക്കിൾ മണി മുഴങ്ങുകയും പത്രം മുറ്റത്തേക്ക് വീശി എറിയപ്പെടുകയും ചെയ്തു.
അവൾ പത്രമെടുത്ത് പേജുകളിലൂടെ കണ്ണോടിക്കുമ്പോൾ തന്റെ സഹപാഠിയുടെ ചിരിച്ചു കൊണ്ടിരിക്കുന്ന പടത്തിന് താഴെ എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ കണ്ണിൽ ഇരുട്ട് കയറി.
“ഒന്നാം റാങ്ക് യമുനാദേവിക്ക് ”

കണ്ണുനിറഞ്ഞ് നീർത്തുള്ളികൾ പത്രത്തിലേക്ക് അടർന്നു വീണു.
ടീച്ചറിന് തെറ്റിപ്പോയതാവുമെന്ന് പറഞ്ഞ് അമ്മ അവളെ സമാധാനിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവളുടെ മാർക്ക് അറിഞ്ഞപ്പോഴാണ് തന്നേക്കാൾ 76 മാർക്കിന് താഴെയാണ് യമുനയുടെ മാർക്ക് എന്ന്.
അടുത്ത ദിവസം തന്നെ ഇതേപ്പറ്റി അന്വേഷിക്കാനായി അച്ഛനും അമ്മാവനുമാെപ്പം യൂണിവേഴ്സിറ്റിയിൽ എത്തി.

“തന്റെ മകളേക്കാൾ 76 മാർക്ക് കുറവുള്ള യമുനയ്ക്ക് എങ്ങനെ ഒന്നാം റാങ്ക് കിട്ടി? ” അച്ഛൻ ഓഫീസിലിരുന്നവരോട് കയർത്തു.കൂടെയുണ്ടായിരുന്ന അമ്മാവൻ അച്ഛനെ തണുപ്പിക്കാൻ ശ്രമിച്ചു.

“ആദ്യം പരീക്ഷ എഴുതാതിരിക്കുകയോ, ആദ്യമെഴുതുകയും മാർക്ക് കുറയുകയും ചെയ്ത് ഇംപ്രൂവ്മെൻ്റ് പരീക്ഷയെഴുതുകയോ ചെയ്തിട്ട് പിന്നീട് അവസാന വർഷ പരീക്ഷയെഴുതി മാർക്ക് കൂടുതൽ കിട്ടിയാലും റാങ്കിനു പരിഗണിക്കില്ല എന്നാണ് യൂണിവേഴ്സിറ്റിയുടെ നിയമം”
അയാൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി.

അതെന്ത് നിയമമെന്ന് പറഞ്ഞ് രോഷാകുലനായ അച്ഛനെ അമ്മാവൻ പിടിച്ചു വെളിയിലേക്ക് കൊണ്ടുവന്നു. നിറഞ്ഞ കണ്ണുകളോടെ ഞാനും അവരോടൊപ്പം വെളിയിലേക്കിറങ്ങി.

അപ്പോഴാണ് യമുനയുടെ ചതിയെപ്പറ്റി മനസ്സിലായത്. കളിക്കൂട്ടുകാരിയെ വിശ്വസിച്ചത് മൂലം തന്റെ സ്വപ്നമാണ് തകർന്നതെന്ന ദുഖഭാരവും പേറി അവരോടൊപ്പം വീട്ടിലേക്ക് മടങ്ങി.

ആഴ്ചകളോളം എടുത്തു അതിൽ നിന്നും മോചിയാവാനെന്ന കാര്യം ഇന്നും മറന്നിട്ടില്ല.

യൂണിവേഴ്സിറ്റി കോളേജിൽ പോസ്റ്റ് ഗ്രാജുവേഷന് അഡ്മിഷൻ കിട്ടിയപ്പോൾ യമുനയും അവിടെത്തന്നെയുണ്ടായിരുന്നു.
ഒരേ ഹോസ്റ്റലിൽ തന്നെയായിരുന്നു രണ്ടു പേരും. റൂംമേറ്റ് ആക്കണമെന്നും അന്ന് മന:പ്പൂർവം ചെയ്തതല്ല എന്നും പറഞ്ഞ് വീണ്ടും തന്റെ ഒപ്പം കൂടി.പലതവണ ഇതാവർത്തിച്ചപ്പോൾ ഒരുപക്ഷേ അവൾ പറഞ്ഞത് ശരിയായിരിക്കുമെന്ന് ചിന്തിച്ച് അവളെ തൻ്റെ റൂം മേറ്റ് ആക്കി. വീട്ടിലറിയിച്ചാൽ പഠനം വരെ നിർത്തിയേക്കാമെന്ന ചിന്തയിൽ ആരോടും ഇക്കാര്യം പറഞ്ഞതുമില്ല.

അവളുടെ ചതിയിൽപ്പെട്ട് ഉള്ള് അത്രമേൽ ഉടഞ്ഞുപോയിട്ടും മനസിനെ അത്രമേൽ മുറിവേൽപ്പിച്ചിട്ടും യമുനയെ എങ്ങനെ വീണ്ടും റൂം മേറ്റ് ആക്കാൻ കഴിഞ്ഞു എന്ന് ചിന്തിച്ച് പിന്നീട് സ്വയം അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാൽ ഇരുവരെ അതിനൊരുത്തരം കണ്ടെത്താൻ കഴിഞ്ഞിരുന്നുമില്ല.

ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടേയിരുന്നു.
അധ്യാപിക ആവുക എന്ന തൻ്റെ സ്വപ്നത്തിന് ചിറക് വിരിച്ച് പറക്കാൻ സഹായിക്കുന്ന പുതിയ സ്ഥലവും പരിസരവും അവൾ ആസ്വദിച്ചു തുടങ്ങി.
കലാലയത്തിൽ തലയുയർത്തി നിൽക്കുന്ന തണൽമരങ്ങളും അതിനെ തഴുകുന്ന കുളിർ കാറ്റുമൊക്കെ അവളിൽ പുതുമയാർന്ന ഒരു നിർവൃതിയും ആത്മവിശ്വാസവും നിറച്ചു.
നഗരത്തിൽ നിൽക്കുമ്പോഴും ഗ്രാമത്തിന്റെ സൗന്ദര്യത്തിൽ മയങ്ങി കിടക്കുകയായിരുന്നു സാരംഗിയുടെ ചിന്തകളും മനസ്സും. നാട്ടിടവഴികളും വയലും പുഴയും തോടുകളും സുഗമമായ ശീതളങ്കാറ്റുമൊക്കെ അവളുടെ ഉള്ളിൽ അലയടിക്കുന്നതിനാൽ നഗരത്തിന്റെ ശബളിമ അവളിൽ ചലനങ്ങൾ ഉണ്ടാക്കിയില്ല.

എന്നാൽ ഉച്ചയ്ക്ക് കഴിക്കാൻ അമ്മയുണ്ടാക്കി തന്നു വിടുമായിരുന്ന രുചികരമായ ഭക്ഷണം മാത്രമായിരുന്നു അവൾക്ക് “മിസ്സ് ” ചെയ്യുന്നതായി തോന്നിയിരുന്നത്. അതിൽ നുറുക്ക് ഗോതമ്പു കൊണ്ട് ഉണ്ടാക്കുന്ന ഉപ്പുമാവിനോട് സാരംഗിയെപ്പോലെ യമുനയ്ക്കും വലിയ ഇഷ്ടമായിരുന്നു. കോളേജിൽ കൊണ്ടു വന്നാൽ യമുനയായിരുന്നു അതിൽ ഭൂരിഭാഗവും കഴിച്ചിരുന്നതും.

ഒരു മാസം കഴിഞ്ഞപ്പോഴേക്കും കോളേജിലും ഹോസ്റ്റലിലുമൊക്കെ ഒരാൾ യമുനയെ കാണാൻ സ്ഥിരമായി വന്നു തുടങ്ങി. അത് ആരാണെന്ന ചോദ്യത്തിന് “ഡേവിഡ് ” എന്ന് മാത്രം അവൾ മറുപടി നൽകി. അവർ തമ്മിൽ അരുതാത്തബന്ധങ്ങളും ഉണ്ടെന്ന മനസ്സിലാക്കിയപ്പോൾ യമുനയെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ പലതവണ ശ്രമിച്ചു. കാരണം അയാൾ ശരിയല്ലെന്ന് അയാളുടെ മുഖത്തെഴുതി വെച്ചിട്ടുണ്ടായിരുന്നു. പക്ഷേ യമുനയ്ക്ക് പറയാൻ ന്യായീകരണങ്ങൾ ഏറെയുണ്ടായിരുന്നു.

“ഇത് കണ്ടോ ? ഇദ്ദേഹം പറഞ്ഞിരിക്കുന്നത് എന്താണെന്ന് അറിയില്ലേ?” മോതിരത്തിലുള്ള ഗുരുദേവന്റെ ചിത്രം കാണിച്ചിട്ട് അവൾ ചോദിച്ചു.
മറുപടി പറയാതെ നിന്ന തൻ്റെ നേരെ അവജ്ഞയോടെ “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് കേട്ടിട്ടില്ലേ. ഇതും അത്രേയുള്ളൂ” എന്ന് പറഞ്ഞ് അവൾ പുറത്തേക്ക് പോയി.
സ്വന്തം തെറ്റിനെ ന്യായീകരിക്കാൻ ആ മഹാത്മാവിനെ പോലും ഇക്കാര്യത്തിലേക്ക് വലിച്ചിഴച്ചതിനാൽ അവളോട് പുച്ഛം തോന്നി.

പാർക്കിലും ബീച്ചിലും സിനിമ ശാലകളിലും അവർ കറങ്ങി നടക്കുന്നതിനിടയിൽ ചില ദിവസങ്ങളിൽ ഹോസ്റ്റലിൽ വരാറുമില്ലായിരുന്നു.

പുറത്തെവിടെയോ വെച്ച് ഇവരെ ഒരുമിച്ചു കണ്ട പരിചയക്കാരിൽ ആരോ സംഭവം അവളുടെ വീട്ടിലറിയിച്ചു. കോളേജിൽ എത്തിയ വീട്ടുകാർ അവളെയും പിടിച്ചിറക്കി നാട്ടിലേക്ക് പോന്നു. അവളുടെ പഠനം അതോടെ മുടങ്ങി. അതോടെ ഡേവിഡ് ഇതൊരവസരമായെടുത്ത് സ്ഥലം കാലിയാക്കിയിരുന്നു.

കുറച്ചു മാസങ്ങൾക്ക് ശേഷം അവളെ സ്വജാതിയിൽപ്പെട്ട യുവാവുമായി വിവാഹം നടത്തുകയും ഗുജറാത്തിൽ ജോലിയുള്ള വരൻ അവളെ തൻ്റെയൊപ്പം ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.അതോടെ യമുനയുടെ പഠനവുമവസാനിച്ചു.
പിന്നീടവളെ കണ്ടിട്ടേയില്ല.

ഇടയ്ക്കൊക്കെ സുഹൃത്തുക്കളെ കാണുമ്പോൾ പറയുമായിരുന്നു യമുനയുടെയും ഡേവിഡിൻ്റെയും കാര്യം അവളുടെ വീട്ടിലറിയിച്ചത് സാരംഗിയാണെന്നാണ് യമുന ഉറച്ചു വിശ്വസിക്കുന്നതെന്ന്.
അത് കേൾക്കുമ്പോൾ തന്റെ ചിന്തയിൽ പോലും ഇല്ലാത്ത കാര്യത്തിന് പഴികേൾക്കേണ്ടി വരുന്നതിൽ സങ്കടമുണ്ടാകുമായിരുന്നു.
അതിനാൽ പിന്നീട് ഒരിക്കലും അവളെ കാണണമെന്നോ സംസാരിക്കണമെന്നോ തോന്നിയിട്ടില്ല. അതിന് ശ്രമിച്ചിട്ടുമില്ല. അല്ലെങ്കിലും അവനവനോട് മാത്രം അനുകമ്പയുള്ള യമുനയെപ്പറ്റിയുള്ളതൊന്നും ഇനി ഓർക്കാൻ ശ്രമിക്കില്ല എന്ന് പി.ജി.പഠനത്തിനു ശേഷം ട്രാവൽ ബാഗും തോളിലിട്ട് റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറുന്നതിന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു.

“ഒരുപക്ഷേ ഇവൻ യമുനയുടെ മകനായിരിക്കുമോ?” എന്ന ചിന്തയിൽ ഓർമ്മകളിൽ നിന്നിറങ്ങി സാരംഗി  മുഖമുയർത്തി നോക്കി. പക്ഷേ അവനോടത് ചോദിക്കാൻ തോന്നിയില്ല. മുറിഞ്ഞുപോയ ബന്ധങ്ങളെ ചേർത്തുവെക്കാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.

പ്രൂഫ് തിരുത്തി പ്രിന്റ് എടുത്ത് പൈസയും കൊടുത്തിറങ്ങുമ്പോൾ  സാരംഗിയുടെ മനസ്സിൽ ആ പയ്യനെപ്പറ്റിയുള്ള ചിന്ത ഒഴിഞ്ഞിരുന്നില്ല.
ക്ഷേത്രത്തിനു സമീപം ബസ്സിറങ്ങി വരണ്ട പാടങ്ങൾക്ക് നടുവിലെ മൺപാതയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ ഒരു ചോദ്യം മാത്രം അവളുടെയുള്ളിൽ മുഴങ്ങുന്നുണ്ടായിരുന്നു. “അവൻ യമുനയുടെ മകൻ ആയിരിക്കുമോ?

എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്നൊരു കഥാസമാഹാരം പുറത്തിറക്കാനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചിട്ടുണ്ട്.
പുസ്തകത്തിൻ്റെ കവർ പ്രശസ്ത സിനിമാ താരം ഉണ്ണി മുകുന്ദൻ പ്രകാശനം ചെയ്തു. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.
തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു