സരിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാണിച്ച ആ വിവാദ കത്തില്‍ മലയാള സിനിമയിലെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ പേരും ഉണ്ടായിരുന്നു. അന്ന് അത് വലിയ വാര്‍ത്തയും ആയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ടീം സോളാര്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്ന വാര്‍ത്തയും വലിയ വിവാദം സൃഷ്ടിച്ചതായിരുന്നു. ടീം സോളാറിന്റെ പരിപാടിയില്‍ മമ്മൂട്ടി പങ്കെടുക്കുന്ന ഒരു ചിത്രവും അക്കാലത്ത് പുറത്ത് വന്നിരുന്നു. എന്താണ് ഇതിലെ യഥാര്‍ത്ഥ്യം? അന്നത്തെ ആ കത്തില്‍ പറഞ്ഞതില്‍ ഏതൊക്കെയാണ് സത്യം? എന്താണ് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പങ്ക്? അന്ന് പത്രസമ്മേളനത്തില്‍ കൊണ്ടുവന്നത് തന്റെ കത്ത് മാത്രമല്ല എന്നാണ് സരിത പറയുന്നത്.

അന്വേഷണ സംഘം ചോദിച്ച ചോദ്യങ്ങള്‍ക്ക് കൊടുത്ത മറുപടിയുള്‍പ്പെടെയുള്ള ഒരു കുറിപ്പ് കൂടി ആയിരുന്നു അത് എന്നാണ് സരിത പറയുന്നത്. 47 പേജുള്ളതായിരുന്നു ആ കുറിപ്പ്. അതിന്റെ ഒരു ഭാഗത്ത് മോഹന്‍ലാലിന്റെ പേര് പരാമര്‍ശിച്ചിരുന്നു എന്ന കാര്യം സരിത അംഗീകരിക്കുന്നുണ്ട്. അതിൽ മമ്മൂട്ടിയുടെ പേരും ഉണ്ടായിരുന്നു. മോഹന്‍ലാലിനെ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് കുറച്ച് തവണ വിളിച്ചിരുന്നു. ഇത് സംബന്ധിച്ച് ഒരു ഡിവൈഎസ്പി ചോദിച്ചിരുന്നു. അക്കാര്യം ആണ് അതില്‍ എഴുതിയിരുന്നത്. മാധ്യമങ്ങള്‍ അന്ന് സരിതയുടെ കത്തിന്റെ ഫോട്ടോ എടുത്ത് സൂം ചെയ്യുകയായിരുന്നു. അതിലാണ് മോഹന്‍ലാലിന്റെ പേരും കണ്ടത്. അതിന്റെ മറുപുറത്ത് എന്തിനാണ് മോഹന്‍ലാലിനെ കണ്ടത് എന്നതിന്റെ സത്യാവസ്ഥ എഴുതിയിട്ടുണ്ട് എന്നാണ് സരിത പറയുന്നത്.

മമ്മൂട്ടിക്ക് ടീം സോളാര്‍ പത്ത് ലക്ഷം രൂപ കൊടുത്തു എന്ന രീതിയില്‍ ആരോപണം ഉണ്ടായിരുന്നു എന്ന് സരിത പറയുന്നുണ്ട്. ഇക്കാര്യത്തിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിനുള്ള മറുപടി ആ കുറിപ്പില്‍ ഉണ്ടായിരുന്നു എന്നാണ് സരിത പറയുന്നത്. എന്നാല്‍ അത് ആരും കാണുന്നില്ല എന്ന പരാതിയും ഉണ്ട് സരിതക്ക്. ടീം സോളാര്‍ കൊച്ചിയില്‍ നടത്തിയ പരിപാടിയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും അക്കാലത്ത് പുറത്ത് വന്നിരുന്നു. അന്ന് കൃഷി മന്ത്രിയായിരുന്ന കെപി മോഹനനും എംഎല്‍എ ഹൈബി ഈഡനും എല്ലാം ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. യഥാര്‍ത്ഥ കത്തിന്റെ പകര്‍പ്പ് ആദ്യം റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്ത് വിട്ടത്. എന്നാല്‍ അന്ന് അത് താന്‍ ശക്തമായി അത് നിഷേധിക്കുകയായിരുന്നു എന്നും സരിത പറഞ്ഞു. അന്ന് തമ്പാനൂര്‍ രവി ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നായിരുന്നു താന്‍ അന്ന് സംസാരിച്ചത് എന്നും സരിത ഇപ്പോള്‍ വെളിപ്പെടുത്തുന്നുണ്ട്. നിഷേധിക്കാനാണ് അന്ന് അവര്‍ തനിക്ക് തന്ന നിര്‍ദ്ദേശം എന്നും സരിത പറയുന്നു. ഇതിന് ശേഷം ഏഷ്യാനെറ്റ് ന്യൂസും കത്ത് പുറത്തുവിട്ടു. എന്നാല്‍ അത് പകര്‍പ്പായിരുന്നില്ല, യഥാര്‍ത്ഥ കത്ത് തന്നെ ആയിരുന്നു.

അതുകൊണ്ട് തനിക്ക് അത് നിഷേധിക്കാന്‍ സാധിച്ചില്ലെന്നും സരിത ഇപ്പോള്‍ പറയുന്നുണ്ട്. തന്റെ കയ്യില്‍ അപ്പോള്‍ കത്തിന്റെ ഫോട്ടോ കോപ്പി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് സരിത പറയുന്നത്. മോഹന്‍ലാലിന്റെ പേര് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിച്ചപ്പോള്‍ അന്ന് സരിത അതിനോട് പ്രതികരിച്ചിരുന്നു. ടീം സോളാറുമായി ബന്ധപ്പെട്ട് മാത്രമാണ് മോഹന്‍ലാലിനെ സമീപിച്ചത് എന്നും മറ്റ് വിഷയങ്ങള്‍ ഒന്നും മോഹന്‍ലാലുമായി ഉണ്ടായിരുന്നില്ലെന്നും സരിത അന്ന് വ്യക്തമാക്കിയിരുന്നു.
പക്ഷേ, അന്നത്തെ ആ പത്രസമ്മേളനത്തില്‍ സരിത ഉയര്‍ത്തിപ്പിടിച്ച കത്തിന്റെ ഫോട്ടോയില്‍ പറയുന്നത് മറ്റൊന്നാണ്. ‘ബഷീര്‍ തങ്ങള്‍, മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ എല്ലാവരും എന്നെ യൂസ് ചെയ്തു’ എന്നതായിരുന്നു അതിലെ വാചകം.