മാത്യൂ ചെമ്പുകണ്ടത്തിൽ
“തിരുസ്സഭയ്ക്ക് തിരുമുറിവുകള്‍” ഉണ്ടാകുന്നുവെന്ന് വിലപിക്കുകയാണ് “സത്യദീപ”ത്തിന്‍റെ ഈ ആഴ്ചയിലെ മുഖപ്രസംഗം.
തിരുസ്സഭയ്ക്ക് മുറിവേല്‍ക്കില്ല പത്രാധിപരേ, ക്രിസ്തുവിനാണ് മുറിവേല്‍ക്കുന്നത്. ബൈബിൾ അങ്ങനെയാണ് പഠിപ്പിക്കുന്നത്. സഭ ക്രിസ്തുവിന്‍റെ ശരീരമാണ്. സഭയ്ക്ക് മുറിവേല്‍പ്പിക്കുന്നവര്‍ ക്രിസ്തുവിനെയാണ് മുറിവേല്‍പ്പിക്കുന്നത്; ഈ വസ്തുത ഇനിയെങ്കിലും സത്യദീപം പത്രാധിപസമതി തിരിച്ചറിയുക.
സാവൂള്‍ എന്ന തീവ്രവാദിയായ യഹൂദൻ പീഡനം അഴിച്ചുവിട്ടത് സഭയ്ക്കു നേരേ ആയിരുന്നു (അപ്പ പ്രവൃത്തി 8:3). എന്നാല്‍ സാവൂളിനേ ദമാസ്കസിലേക്കുള്ള വഴിയില്‍ നേരിട്ട ക്രിസ്തു ചോദിക്കുന്നത് ”നീ എന്തിന് എന്നേ പീഡിപ്പിക്കുന്നു” എന്നാണ്. അപ്പോള്‍ സാവൂൾ ചോദിക്കുന്നു “കര്‍ത്താവേ നീ ആരാണ്?” അവിടെ ഉയർന്ന മറുപടി “നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാന്‍”. (അപ്പ പ്രവൃത്തി 9:4).
പ്രത്യക്ഷത്തില്‍ സാവൂള്‍ പീഡിപ്പിച്ചത് സഭയേ ആയിരുന്നു; എന്നാല്‍ വേദനിച്ചത് ഈശോമശിഹായുടെ തിരുശ്ശരീരത്തിലായിരുന്നു.
ക്രിസ്തു മുറിവേറ്റതു മുഴുവന്‍ സഭയ്ക്കു വേണ്ടി ആയിരുന്നു. ഈ പീഡകളെല്ലാം “അവളെ കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണയായി തനിക്കുതന്നെ പ്രതിഷ്ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്ധയുമായിരിക്കുന്നതിനും വേണ്ടിയാണ്” എന്ന് എഫേസ്യ ലേഖനം 5:27 ലും ക്രിസ്തുവിന്‍റെ “നിര്‍മലയായ വധുവാണ് സഭ”യെന്ന് 2 കൊരിന്ത്യ 11:2ലും രേഖപ്പെടുത്തിയിരിക്കുന്നു.
കറയോ ചുളിവോ മറ്റ് കുറവുകളോ ഇല്ലാതെ നിര്‍മ്മലയായ വധുവിനെപ്പോലെ ക്രിസ്തു സൂക്ഷിച്ചിരിക്കുന്ന മഹത്വപൂര്‍ണ്ണയാണ് തിരുസ്സഭ. സഭ ക്രിസ്തുവിൻ്റെ ശരീരം തന്നെയാണ്. എന്നാൽ ഈ ആത്മീയ യാഥാർത്ഥ്യങ്ങളെയെല്ലാം നിഷേധിച്ചുകൊണ്ട്, തിരുസ്സഭയില്‍ എങ്ങനെയും അശാന്തി വ്യാപിപ്പിക്കാന്‍ ഇന്ന് കച്ചകെട്ടിയിറങ്ങിയിരിക്കുന്നത് ആരാണെന്ന് സത്യദീപം വക്താക്കള്‍ക്ക് അറിയില്ലേ? തിരുസ്സഭയില്‍ ഇന്ന് കലാപക്കൊടി ഉയര്‍ത്തുകയും സഭയെ ഏതുവിധത്തിലും കളങ്കിതയാക്കാന്‍ ശ്രമിക്കുന്നത് ആരെന്നും പൊതുസമൂഹം കണ്ടുകൊണ്ടിരിക്കുയാണ്. മുഖപ്രസംഗം എന്ന പേരില്‍ കുറെ നുണയെഴുതി പ്രചരിപ്പിച്ചാല്‍ ജനങ്ങളെല്ലാം അത് വിശ്വസിക്കുന്ന കാലംപോയി. വ്യാജം പ്രചരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ സത്യം പ്രചരിക്കുന്ന കാലം കൂടിയാണിത്. ഈ കാലത്ത് അക്ഷരക്കെണിയൊരുക്കി ആളുകളെ അതിൽ വീഴ്ത്താം എന്ന് വിചാരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.
“കര്‍ത്താവ് സ്വന്തം രക്തത്താല്‍ നേടിയെടുത്ത ദൈവത്തിന്‍റെ സഭയെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരായ” മെത്രാന്മാരേക്കുറിച്ച് അപ്പസ്തോല പ്രവൃത്തികള്‍ 20:28ല്‍ എഴുതിയിരിക്കുന്നു. സഭയെ നയിക്കാന്‍ നിയുക്തരായ മെത്രാന്മാര്‍ പരിശുദ്ധാത്മാവ് നൽകുന്ന ജ്ഞാനത്തിനനുസരിച്ച് കാലാകാലങ്ങളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളാണ് സഭയെ മുന്നോട്ടു നയിക്കന്നത്. മെത്രാൻ സമിതി അഥവാ സിനഡ് എടുക്കുന്ന തീരുമാനങ്ങളേ മസില്‍ പവറും മണിപ്പവറും കൊണ്ട് നേരിടാമെന്ന ധാര്‍ഷ്ട്യം കാണിക്കുന്നവരാണ് ഇന്ന് സഭയെന്നു കരുതി ക്രിസ്തുവിനു മുറിവേല്‍പ്പിക്കുന്നവർ. ഇവരാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതന്മാര്‍.
മെത്രാന്മാരേ അനുസരിക്കില്ല എന്ന വാശിയോടെ സംഘടിക്കുന്നതും സമരം ചെയ്യുന്നതും പരിശുദ്ധാത്മാവിനെതിരായ പാപമാണ്. പരിശുദ്ധാത്മാവിന്‍റെ സ്വരം കേള്‍ക്കാന്‍ കഴിയാത്ത വിധത്തിൽ ഹൃദയം കഠിനമായിപ്പോയ വിമതന്മാർക്ക് വെള്ളവും വളവും നല്‍കുന്ന ഏഴാംകൂലി എഴുത്തുമാത്രമാണ് സത്യദീപത്തിൻ്റെ മുതലക്കണ്ണീർ.
പരിശുദ്ധാത്മവ് നിയോഗിച്ചിരിക്കുന്ന ഇടയന്മാര്‍ക്ക് കീഴ്പ്പെടാതെ സ്വന്തം ദൈവശാസ്ത്രവും സ്വന്തം സഭയും സ്ഥാപിക്കാനാണ് ഇപ്പോള്‍ ചിലരുടെ ശ്രമം. രണ്ടായിരം കൊല്ലം മുമ്പേ ക്രിസ്തു തന്‍റെ സഭ സ്ഥാപിച്ചിരിക്കെ, ഇന്ന് സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു സഭ സ്ഥാപിക്കണം എന്ന് കരുതുന്നവർ എതിര്‍ക്രിസ്തുവിന്‍റെ മനസ്സുള്ളവരാണ്. ഇവരാണ് തിരുസ്സഭയേ മുറിപ്പെടുത്തുന്നവര്‍. ഈ പാപത്തിന്‍റെയെല്ലാം ദുര്‍ഗന്ധമാണ് വിമതചേരിയില്‍ ഇപ്പോൾ വ്യാപരിക്കുന്നത്.
മുഖപ്രസംഗത്തില്‍ ഭൂമിവിവാദത്തേക്കുറിച്ച് പ്രത്യേകം പറയുന്നുണ്ടല്ലോ. ഇവിടെ പത്രാധിപരോട് ഒരു കാര്യം ചോദിക്കട്ടെ, എറണാകുളം അങ്കമാലി അതിരൂപതയിലെ ശ്രേഷ്ഠ വൈദികരെല്ലാവരും ചേര്‍ന്ന് സംയുക്തമായി എടുത്ത തിരുമാനമായിരുന്നില്ലേ മെഡിക്കൽ കോളജിന് വേണ്ടി പണവും സ്ഥലവും കണ്ടെത്തണം എന്നത്? ഇതിന്‍റെ പേരില്‍ സഭയുടെ നേതാവായ കര്‍ദ്ദിനാളിനേ മാത്രം കുറ്റക്കാരനാക്കി ആക്ഷേപിച്ചപ്പോൾ സഭയ്ക്ക് വേദനിച്ചില്ലേ? വെറുമൊരു സിവില്‍ കേസായി മാറേണ്ടിയിരുന്ന ഭൂമിയിടപാടിന്‍റെ പേരില്‍ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നവരാണോ സത്യത്തിൻ്റെ കാവൽക്കാർ ചമയുന്നത് ?
അതിരൂപതയുടെ സമിതികളിൽ ഭൂമി വാങ്ങുവാനും വിൽക്കുവാനും എടുത്ത തീരുമാനങ്ങളുടെ മിനുട്സ് പ്രസിദ്ധപ്പെടുത്തുവാൻ സത്യദീപത്തിന് ധൈര്യമുണ്ടോ? ഉണ്ടെങ്കിൽ ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു ആ തീരുമാനങ്ങളും, ആ സമിതികളിലെ അംഗങ്ങളുടെ പേരുവിവരങ്ങളും പ്രസിദ്ധീകരിക്കാൻ നിങ്ങൾ തൻ്റേടം കാണിക്കണം ? അപ്പോൾ മനസ്സിലാകും “ഭൂമി വിൽപ്പനയിലെ അക്രമോൽസുകമായ അനീതി” യഥാർത്ഥത്തിൽ ആരുടെ സംഭവനയാണെന്ന്. ഈ കാര്യത്തിൽ തെളിവുകൾ സഹിതം കൂടുതൽ വെളിപ്പെടുത്തലുകൾ ഉടൻ ഉണ്ടാവും.
ഭൂമിയിടപാടിൻ്റെ പേരിൽ സഭയേയും സഭാതലവനേയും അപകീര്‍ത്തിപ്പെടുത്താനും അദ്ദേഹത്തിനെതിരേ കള്ളക്കേസു കൊടുത്തവരും വ്യാജരേഖ ഉണ്ടാക്കിയവരും തിരുസ്സഭയെ മുറിപ്പെടുത്തിയില്ലേ?
ഏറ്റവുമൊടുവില്‍, സഭാധ്യക്ഷനേ “കൊക്കയിലേക്കോ കാനയിലേക്കോ വണ്ടിമറിച്ചിട്ട് കൊല്ലണമെന്ന്” ഒരു വൈദികന്‍ പറഞ്ഞുപ്പോൾ തിരുസ്സഭ മുറിവേറ്റു പിടയുന്നത് നിങ്ങൾ കാണുന്നില്ലേ ?
സീറോ മലബാർ സഭയുടെ ഗാത്രത്തിൽ അനീതിയുടെ മുറിവുകൾ ഒന്നും ഞങ്ങളെപ്പോലുള്ള സാധാരണ വിശ്വാസികൾക്ക് കാണാനില്ല. ബിഷപ് ആൻ്റണി കരിയിലിനെ മെത്രാനായി അഭിഷേകം ചെയ്തത് പരിശുദ്ധാത്മാവ് ആയിരുന്നുവെങ്കിൽ, അനുസരണക്കേടു കാണിച്ച അദ്ദേഹത്തേ പ്രസ്തുത സ്ഥാനത്തു നിന്ന് നീക്കം ചെയ്തതും തിരുസ്സഭയെ നയിക്കുന്ന പരിശുദ്ധാത്മാവാണ്. അതിലൂടെ സഭയിൽ കൂടുതൽ അച്ചടക്കവും ഉത്തരവാദിത്വബോധവും ഉണ്ടായി. ഇന്ന് ക്രിസ്തുവിൻ്റെ ശരീരമായ തിരുസ്സഭയെ വേദനിപ്പിക്കുന്നത് എറണാകുളത്തെ ദൈവവിശ്വാസം ഇല്ലാത്ത കുറച്ചു വിമത വൈദീകരാണ്. അവർ പ്രചരിപ്പിക്കുന്ന കള്ളക്കഥകളും
അനൈക്യത്തിന്റെയും വിവരക്കേടിന്റെയും പേരിലുള്ള വിങ്ങലുകളുമാണ് സഭാഗാത്രത്തിൽ നിന്നും ഉയരുന്നത്.
സത്യത്തെ മറച്ചുപിടിക്കുന്ന കാപട്യമേ നിന്‍റെ പേരാണോ സത്യദീപം?
Leave a Reply