ഇന്ത്യയുടെ കൊവിഷീൽഡ് വാക്‌സിൻ സൗദി അംഗീകരിച്ച അസ്ട്രസെനിക്ക വാക്‌സിന് തുല്യമാണെന്ന് സൗദി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കൊവിഷീൽഡ് വാക്‌സിൻ എടുത്തവർക്ക് സൗദിയിൽ ഇനി ക്വാറന്റൈനിൽ കഴിയേണ്ടിവരില്ല.

കൊവിഷീൽഡ് നിർമിക്കുന്നത് അസ്ട്ര സെനിക്കയാണെങ്കിലും സൗദി ഇതുവരെ അസ്ട്ര സെനിക്ക എന്ന പേരിൽ തന്നെയാണ് വാക്‌സിൻ പരിഗണിച്ചിരുന്നത്. ഇന്ത്യയിൽ നിന്ന് വരുന്നവരുടെ സർട്ടിഫിക്കറ്റിൽ കൊവിഷീൽഡ് എന്ന് രേഖപ്പെടുത്തുന്നതിനാൽ ഇത് സൗദിയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.

സൗദി അറേബ്യ ക്വാറന്റൈൻ മാനദണ്ഡങ്ങളിൽ കഴിഞ്ഞ ദിവസം മാറ്റം വരുത്തിയിരുന്നു. സൗദി അംഗീകരിച്ച കൊറോണ വാക്‌സിൻ സ്വീകരിച്ചവർക്ക് സൗദിയിൽ പ്രവേശിക്കുമ്പോൾ ക്വാറന്റൈൻ ഒഴിവാക്കിയതായിരുന്നു മാറ്റം. രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാണ് ക്വാറന്റൈൻ ഇളവ് അനുവദിച്ചിരുന്നത്.

ഫൈസർ, മൊഡേണ, ജോൺസണൺ ആൻഡ് ജോൺസൻ എന്നിവയാണ് സൗദി അംഗീകരിച്ച മറ്റു വാക്‌സിനുകൾ. ഇന്ത്യയിൽ വ്യാപകമായി വാക്‌സിനേറ്റ് ചെയ്യുന്ന കൊവിഷീൽഡിന് ഇതുവരെ സൗദിയിൽ അംഗീകാരം ഇല്ലാതിരുന്നത് പ്രവാസികളെ ഏറെ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു.