റിയാദ്: ഐസിസിനെതിരെ പോരാടാന്‍ സിറിയയിലേക്ക് കരസേനയെ അയക്കാമെന്ന വാഗ്ദാനവുമായി സൗദി അറേബ്യ. സൗദിയില്‍ നിന്ന് ആദ്യമായാണ് ഇത്തരമൊരു വാഗ്ദാനം. ഐസിസിനെതിരെയുളള ഏതൊരു കരസൈനിക നീക്കത്തിനും സഖ്യവുമായി സഹകരിക്കാമെന്നും സൗദി അറിയിച്ചിട്ടുണ്ട്. സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്‍ അസിരി അറേബ്യ ടിവി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുളളത്. തുര്‍ക്കിയുമായി സഹകരിച്ച് പ്രത്യേക സേനയെ വിന്യസിക്കാന്‍ കഴിയുമെന്നും സൗദി പറഞ്ഞു.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. സൈനിക സമ്മര്‍ദ്ദമില്ലാതെ സിറിയയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന നിലപാടും സൗദി പങ്ക് വയ്ക്കുന്നു. സൗദിയും തുര്‍ക്കിയും തമ്മില്‍ ആഴ്ചകള്‍ക്ക് മുമ്പ് ഒരു സൈനിക സഖ്യം രൂപീകരിച്ചിരുന്നു. ഐസിസ് വിരുദ്ധ പോരാട്ടത്തില്‍ സഖ്യമാകുന്ന ആദ്യ അറബ് രാജ്യമാണ് സൗദി. 2014 സെപ്റ്റംബറിലാണ് സൗദി സഖ്യത്തില്‍ ചേര്‍ന്നത്. ഇതേ തുടര്‍ന്നാണ് വ്യോമാക്രമണം രൂക്ഷമായത്. എന്നാല്‍ പിന്നീട് മാര്‍ച്ചില്‍ യെമനില്‍ സൈനിക ഇടപെടലുകള്‍ തുടങ്ങിയതോടെ സഖ്യവുമായുളള ബന്ധം കുറഞ്ഞു. ഇപ്പോഴുളള സഖ്യ പ്രഖ്യാപനം ഔദ്യോഗികം മാത്രമാണെന്ന വിലയിരുത്തലുമുണ്ട്.
തീവ്രവാദത്തെ തുരത്താനുളള തങ്ങളുടെ ഉദ്ദേശ്യം സൗദി വ്യക്തമാക്കുന്നുണ്ടെങ്കിലും തങ്ങളുടെ ശത്രുവായ ഇറാനുമായുളള ആണവ ഇടപാടുകളെ തുടര്‍ന്ന് അമേരിക്കയുമായി സൗദി അത്ര നല്ല ബന്ധത്തില്ല. അടുത്തിടെയായി സൗദിയെയും ഐസിസ് ലക്ഷ്യമിടുന്നുണ്ട്. പലപ്പോഴും തീവ്രവാദത്തെ വളര്‍ത്തിയത് സൗദിയാണെന്ന ആരോപണത്തിനിടെയാണ് ഇത്. യെമനിലെ യുദ്ധത്തില്‍ ഹൂതി വിമതര്‍ക്കെതിരെ നടത്താനായ പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ സിറിയയിലും തങ്ങള്‍ക്ക് സ്വതന്ത്രമായി സൈനിക വിന്യാസം നടത്താനാകുമെന്നാണ് അസീരി പറയുന്നത്. ഇതേക്കുറിച്ചുളള തീരുമാനം അടുത്താഴ്ച ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ തീരുമാനിക്കും.
നിലവില്‍ ഐസിസിനെതിരെ നടക്കുന്ന പോരാട്ടം ചില അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് സൗദി നിരീക്ഷകനായ മുഹമ്മദ് അല്‍യാഹ്യ പറഞ്ഞു. സിറിയയില്‍ ഇപ്പോഴുളള ശക്തികള്‍ക്കൊന്നും യഥാര്‍ത്ഥത്തില്‍ ഐസിസിനെ തോല്‍പ്പിക്കണമെന്ന ആഗ്രഹമില്ല. ഇറാനും റഷ്യയ്ക്കും ഹിസ്ബുളളയ്ക്കും മറ്റും അസദിന്റെ എതിരാളികളെ തോല്‍പ്പിക്കണമെന്നതാണ് ലക്ഷ്യം. അസദിനെ അധികാരത്തില്‍ നിലനിര്‍ത്തണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു. അതിന് വേണ്ടി എത്ര സിറിയന്‍ നിരപരാധികളുടെ ജീവനുകളും ഹോമിക്കുന്നതില്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.