ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലോകഫുട്ബോളിലെ വമ്പന്മാരെ സൗദി ടീം പിടിച്ചുകെട്ടിയത്. ലയണല്‍ മെസിയിലൂടെ ആദ്യ ഗോള്‍ നേടിയ അര്‍ജന്റീനയെ തുടര്‍ച്ചയായി രണ്ട് ഗോളുകളിലൂടെ സൗദി ഞെട്ടിച്ചു. 1974 നുശേഷം ആദ്യമാണ് അര്‍ജന്റീന ലോകകപ്പിലെ ആദ്യമല്‍സരത്തില്‍ തുടര്‍ച്ചയായി രണ്ട് ഗോള്‍ വഴങ്ങിയത്. കഴിഞ്ഞ 36 മല്‍സരങ്ങളില്‍ ഒന്നുപോലും തോല്‍ക്കാതെ ലോകകപ്പിനെത്തിയ അര്‍ജന്റീനയുടെ തോല്‍വി.

അവിസ്മരണീയ വിടവാങ്ങല്‍ മോഹിച്ച് കളത്തിലിറങ്ങിയ ഇതിഹാസതാരം ലയണല്‍ മെസിക്ക് കണ്ണീരണിഞ്ഞ തുടക്കം. സൗദി അറേബ്യയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍വിയേറ്റുവാങ്ങിയാണ് ഈ ലോകകപ്പില്‍ അര്‍ജന്റീന തുടങ്ങിയിരിക്കുന്നത്. അര്‍ജന്റീനയുടെ തേരോട്ടം കാണാന്‍ കാത്തുകാത്തിരുന്ന ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി, ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ സൗദി അറേബ്യയ്ക്ക് ഐതിഹാസിക വിജയം.

ആദ്യ പകുതിയില്‍ ലയണല്‍ മെസി നേടിയ പെനാല്‍ട്ടി ഗോളില്‍ പിന്നിലായിരുന്ന സൗദി രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. രണ്ട് ഗോളുകള്‍ അര്‍ജന്റീനയുടെ വലയില്‍ നിക്ഷേപിച്ചതോടെ അലകടലായുള്ള ആക്രമണങ്ങളെ കൂട്ടത്തോടെ പ്രതിരോധിച്ചാണ് സൗദി വിജയം പിടിച്ചെടുത്തത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിപ്പോയ സൗദി രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റിനിടെ രണ്ട് ഗോളുകളാണ് തിരിച്ചടിച്ചത്.

സാല അല്‍ ഷെഹ്‌റി (48), സാലെം അല്‍ ഡവ്സാരി (53) എന്നിവരാണ് സൗദിക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ എട്ടാം മിനിറ്റില്‍ ലയണല്‍ മെസി പെനല്‍റ്റിയില്‍നിന്നാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ അര്‍ജന്റീനയുടെ ഗോള്‍ ശ്രമങ്ങളെ ഓഫ്‌സൈഡ് കെണിയില്‍ കുരുക്കി അധികം ഗോളുകള്‍ വഴങ്ങാതെയാണ് സൗദി കളിച്ചത്. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കനത്ത ആക്രമണം അഴിച്ചുവിട്ടതോടെ അര്‍ജന്റീനയുടെ പ്രതിരോധം ആടിയുലഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകകപ്പ് വേദികളില്‍ സമീപകാലത്തായി പിന്തുടരുന്ന ദൗര്‍ഭാഗ്യം ഖത്തറിലും അര്‍ജന്റീനയെ പിടികൂടിയിരിക്കുകയാണ്. റഷ്യന്‍ ലോകകപ്പില്‍ രണ്ട് മത്സരങ്ങളില്‍ അര്‍ജന്റീന തോറ്റിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റ അര്‍ജന്റീന പിന്നീട് ഫ്രാന്‍സിനോട് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റ് പുറത്തായി. 1994ന് ശേഷം ആദ്യമായാണ് അന്ന് അര്‍ജന്റീന ഒരു ലോകകപ്പില്‍ രണ്ട് തോല്‍വി വഴങ്ങിയത്.

മത്സരത്തിന്റെ ആദ്യ മിനുട്ട് മുതല്‍ സൗദി ഗോള്‍മുഖം ആക്രമിച്ച അര്‍ജന്റീനയ്ക്ക് ലഭിച്ച പ്രതിഫലമായിരുന്നു എട്ടാം മിനിറ്റിലെ പെനല്‍ട്ടി. സൗദി ബോക്‌സിനുള്ളില്‍ അര്‍ജന്റീന സമ്മര്‍ദം ശക്തമാക്കിയതോടെ അര്‍ജന്റീന താരം ലിയാന്‍ഡ്രോ പരേദസിനെ സൗദിയുടെ അല്‍ ബുലയാഹി വീഴ്ത്തി. തുടര്‍ന്ന് വാറിന്റെ സഹായത്തോടെ നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ റഫറി അര്‍ജന്റീനയ്ക്ക് പെനാല്‍ട്ടി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത മെസി യാതൊരു പിഴവും കൂടാതെ അനായാസം ലക്ഷ്യം കണ്ടു. സ്‌കോര്‍ 1-0.

തുടര്‍ന്ന് മധ്യനിരയില്‍ മാത്രമൊതുങ്ങിയ കളി രണ്ടാം പകുതിയിലാണ് ചൂടുപിടിച്ചത്. 48ാം മിനിറ്റില്‍ അര്‍ജന്റീനയുടെ ആരാധകരുടെ മനസില്‍ തീ കോരിയിട്ട് സൗദി ആദ്യ ഗോള്‍ നേടി. ഫെറാസ് അല്‍ ബ്രീകന്‍ നല്‍കിയ പാസ് പിടിച്ചെടുത്ത് അര്‍ജന്റീന ബോക്‌സില്‍ കടന്ന സാല അല്‍ ഷെഹ്‌റി ക്രിസ്റ്റ്യന്‍ റൊമേരോയേയും ഗോള്‍ വലയം കാത്ത എമിലിയാനോ മാര്‍ട്ടിനസിനെയും കബളിപ്പിച്ച് പന്ത് പോസ്റ്റിന്റെ വലതു മൂലയില്‍ നിക്ഷേപിച്ചു. സ്‌കോര്‍ 1-1.

സമനില ഗോളിന്റെ ഞെട്ടല്‍ മാറും മുന്‍പേ സൗദി ലീഡ് പിടിച്ചെടുത്തു. ഇത്തവണ ലക്ഷ്യം കണ്ടത് സാലെം അല്‍ ഡാവ്സാരി. പന്തുമായി അര്‍ജന്റീന ബോക്‌സില്‍ കടന്ന ഡാവ്‌സാരി ഉള്ളിലേക്ക് വെട്ടിത്തിരിഞ്ഞ് വലംകാല്‍ കൊണ്ട് തൊടുത്ത ഷോട്ട് എമിലിയാനോ മാര്‍ട്ടിനസിന്റെ കൈകളില്‍ തട്ടി വലയില്‍ കയറി. സ്‌കോര്‍ 2-1. ഏറ്റവും ഒടുവില്‍ കളിച്ച ആറ് ലോകകപ്പ് മത്സരങ്ങളില്‍ അര്‍ജന്റീനയുടെ നാലാം തോല്‍വിയാണിത്.