ആലപ്പുഴയിലെ കാപിക്കോ റിസോർട്ട് പൊളിച്ചുനീക്കാൻ, സാമ്പത്തിക–സാങ്കേതിക സഹായങ്ങള്‍ തേടി പാണാവള്ളി ഗ്രാമപഞ്ചായത്ത്. തീരപരിപാലന നിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ച റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞയാഴ്ചയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

മരടിലെ ഫ്ലാറ്റുകള്‍ക്ക് പിന്നാലെ പൊളിച്ചുനീക്കാനുള്ള വിധി കഴുത്തില്‍ തൂങ്ങി നില്‍ക്കുന്ന നിര്‍മിതികളാണിത്. അരൂരിനടുത്ത് നെടിയതുരുത്ത് ദ്വീപിലാണ് പതിനേഴ് ഏക്കറിലധികം സ്ഥലത്ത് അനധികൃതമായി കെട്ടിടം പണിഞ്ഞത്. 54 നക്ഷത്ര വില്ലകൾ, 3500 ചതുരശ്ര അടി വിസ്ത്രിതിയുളള കോൺഫ്രൻസ് ഹാൾ, വിശാലമായ നീന്തൽകുളം എന്നിവയാണ് റിസോര്‍ട്ടിലുള്ളത്. നിയന്ത്രിത സ്ഫോടനങ്ങള്‍ ആവശ്യമില്ലെങ്കിലും പൊളിക്കാനുള്ള സാങ്കേതികവും സാമ്പത്തികവുമായ ശേഷി പാണാവള്ളി ഗ്രാമപഞ്ചായത്തിനില്ല. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാനാണ് തീരുമാനം.

നിര്‍മിതികള്‍ മുഴുവനും ദ്വീപിലായതിനാല്‍ അവശിഷ്ടങ്ങള്‍ പുറത്തെത്തിക്കുന്നതും ഭാരിച്ച ചെലവാണ്. 24 ഏക്കർ വിസ്ത്രിതിയുളള നെടിയതുരുത്ത് ദ്വിപിൽ നിയമങ്ങള്‍ എല്ലാം മറികടന്നു നിര്‍മിച്ച റിസോര്‍ട്ട് പൊളിക്കുന്നതില്‍ സന്തോഷമാണ് നാട്ടുകാര്‍ക്ക്. തീരപരിപാലന നിയമങ്ങള്‍ക്ക് പുല്ലുവില നല്‍കി നിര്‍മിച്ച കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് 2103 ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പൊളിച്ചുനീക്കാന്‍ തന്നെയായിരുന്നു വിധി.