പിതാവിനെ കൊലപ്പെടുത്തിയവരോട് ക്ഷമിച്ചിരിക്കുന്നുവെന്ന് കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മകന്‍ സലാ ഖഷോഗി. ട്വിറ്ററിലൂടെയാണ് സലാ ഖഷോഗി തന്റെ പിതാവിനെ കൊന്നവരോട് ക്ഷമിച്ചിരിക്കുന്നുവെന്ന് അറിയിച്ചത്.
‘രക്തസാക്ഷി ജമാല്‍ ഖഷോഗിയുടെ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ പിതാവിനെ കൊന്നവരോട് ക്ഷമിക്കുകയും മാപ്പ് നല്കുകയും ചെയ്തിരിക്കുന്നു’ ഖഷോഗിയുടെ മകന്‍ സലാ ഖഷോഗി ട്വിറ്ററിലൂടെ അറിയിച്ചു. സൗദി അറേബ്യയിലാണ് സലാ താമസിക്കുന്നത്.
വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. സൗദി രാജകുടുംബത്തിന്റെ വിമര്‍ശകനായിരുന്നു കൊല്ലപ്പെട്ട ജമാല്‍ ഖഷോഗി.
കേസില്‍ കുറ്റാരോപിതരായ 11 പേരില്‍ അഞ്ച് പേര്‍ക്ക് വധ ശിക്ഷ വിധിക്കുകയും മൂന്നു പേരെ 24 വര്‍ഷം തടവിന് വിധിക്കുകയുമുണ്ടായി. മറ്റുള്ളവരെ കുറ്റമുക്തരാക്കിയെന്നും സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിസംബറില്‍ അറിയിക്കുകയുണ്ടായി.
കുറ്റാരോപിതര്‍ക്കെതിരെ നേരത്തെ സലാ ഖഷോഗി രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയിരുന്നു. തനിക്ക് നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും പ്രതികള്‍ക്ക് അര്‍ഹതപ്പെട്ട ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് മാപ്പ് നല്‍കിക്കൊണ്ടുള്ള സലായുടെ പുതിയ ട്വീറ്റ് ചര്‍ച്ച വിഷയമായി മാറിയിരിക്കുകയാണ്.
Leave a Reply