ദുബായ്: സൗദി, കുവൈത്ത് യാത്രാ വിലക്ക് കാരണം യുഎഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. 330 യുഎഇ ദിനാറിന്റെ പ്രത്യേക നിരക്കാണ് നൽകുന്നതെന്ന് കമ്പനി അറിയിച്ചു. കേരളത്തിൽ നിന്നുള്ള, ദുബായ്, ഷാർജ എന്നിവിങ്ങളിൽ കുടുങ്ങിയവർക്കാണ് ഈ ടിക്കറ്റ് നിരക്ക് ലഭിക്കുക.

സൗദിയിലേക്കും കുവൈത്തിലേക്കും യാത്രചെയ്യുന്നതിനായി യുഎഇയിലെ വിമാനത്താവളങ്ങളിലിറങ്ങിയ യാത്രക്കാരാണ് വിവിധ എമിറേറ്റുകളിൽ കുടുങ്ങിക്കിടക്കുന്നത്. സൗദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യുന്നതിനിടെ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് തിരികെ മടങ്ങണമെന്ന് ദുബായിലെ ഇന്ത്യൻ ചൊവ്വാഴ്ച എംബസി ആവശ്യപ്പെട്ടിരുന്നു.. പത്ര കുറിപ്പിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചത്.

യാത്രാ നിയന്ത്രണം നിലവിലുള്ളതിനാൽ യുഎഇയിലെ ദുബൈ, അബുദാബി എന്നിവിടങ്ങൾ വഴി സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏത് രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത് ആ രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകള്‍ അനുസരിച്ച്‌ മാത്രമേ ഇനിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാവൂ എന്നും ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്.

എല്ലാ ഇന്ത്യക്കാരും യാത്രയ്ക്ക് മുന്‍പ് അതത് രാജ്യങ്ങളിലെ നിബന്ധനകളെപ്പറ്റി മനസിലാക്കണമെന്നും എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ മുന്നിൽ കണ്ട് പണവും അവശ്യവസ്തുക്കളും ഒപ്പം കരുതണമെന്നും എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.

നിലവിൽ സൗദി, കുവൈത്ത് യാത്രാമദ്ധ്യേ യുഎഇയിലുള്ള എല്ലാ യാത്രക്കാരും തിരിച്ചുവരുന്ന കാര്യം പരിഗണിക്കണമെന്നും ആ രാജ്യങ്ങളിലെ നിയന്ത്രണങ്ങൾ നീക്കിയ ശേഷം മാത്രം യാത്ര ആസൂത്രണം ചെയ്യാൻ ശ്രമിക്കണമെന്നും എംബസി നിർദേശിക്കുന്നു.