വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരക്കിയ ഏഴ് മലയാളി നഴ്‌സുമാര്‍ ദമാമില്‍ പിടിയിലായി. ഇവര്‍ക്കെതിരെ സൗദി ആരോഗ്യമന്ത്രാലയം ക്രിമിനല്‍ കുറ്റം ചുമത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദമാമിലെ നാല് പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സുമാരാണ് പിടിയിലായത്. പിടിക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ കോട്ടയം, കൊല്ലം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുളളവരാണ് പിടിയിലായത്. ഇവരുടെ പേരു വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

2005 ന് ശേഷം സൗദിയില്‍ വന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും ആരോഗ്യ മന്ത്രാലയം പരിശോധനക്ക് വിധേയമാക്കിയിരുന്നു. സൌദിയില്‍ നഴ്സുമാര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണമെന്ന് നിബന്ധന കര്‍ശനമാക്കിയതോടെയാണ് മലയാളികളുള്‍പ്പെടെ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ തുടങ്ങിയത്. ആരോഗ്യ മന്ത്രാലയം പരിശോധന ശക്തമാക്കിയതോടെ നിരവധി പേരാണ് ആശങ്കയിലായത്. പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ നേരിടേണ്ടി വരുന്നതിനാല്‍, നാട്ടിലേക്കുള്ള തിരിച്ചു പോക്കും പ്രയാസകരമാവും. വ്യാജ രേഖകള്‍ ഹാജരാക്കിയവര്‍ നാട്ടിലേക്ക് പോകാന്‍ റീ എന്‍ട്രി വിസക്ക് അപേക്ഷിച്ചിട്ട് ലഭിച്ചില്ലെന്നും അറിയുന്നു. പെരുന്നാളിന് ശേഷം കൂടുതല്‍ കര്‍ശന നടപടികളുണ്ടാകുമെന്നാണ് സൂചന.