സ്കാർലെറ് കീലിങ് എന്ന ബ്രിട്ടീഷ് പെൺകുട്ടിയെ ഗോവയിൽ വെച്ച് മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തിൽ പ്രതിയായ സാംസൺ ഡിസൂസയ്ക്ക് 10 വർഷത്തെ ജയിൽ ശിക്ഷ. ഇന്ത്യയിൽ ശിക്ഷ അനുഭവിക്കുന്ന കാലഘട്ടത്തിൽ കഠിനമായ ജോലികൾ നൽകാനും കോടതി വിധിയുണ്ട്.
പതിനഞ്ചു വയസ്സുകാരിയായ പെൺകുട്ടിയെ 2008 ലാണ് പ്രതി ഗോവയിലെ അൻജൂനാ ബീച്ചിൽ വെച്ച് വാലെന്റൈൻസ് ഡേ പാർട്ടിക്കിടെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും, കൊലപ്പെടുത്തുകയും ചെയ്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ ശരീരത്തിൽ അമിത അളവിൽ കൊക്കയ്‌ന്റെയും, എൽഎസ്ഡിയുടെയും സാന്നിധ്യം കണ്ടെത്തിയിരുന്നു.
പ്രതിക്ക് ലഭിച്ച ശിക്ഷ പെൺകുട്ടിയുടെ അമ്മയുടെ കഠിന പ്രയത്നത്തിന്റെ ഫലമാണെന്ന് പ്രോസിക്യൂട്ടിങ് ലോയർ വിക്രം വർമ്മ പറഞ്ഞു. പ്രതിക്ക് ജീവപര്യന്തം ലഭിക്കുന്നതിനുവേണ്ടിയാണ് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചത്. ഗോവ പൊലീസ് ആദ്യം ഈ കൊലപാതകത്തെ അപകടമരണം ആക്കി മാറ്റാൻ ശ്രമിച്ചു. എന്നാൽ സ്കാർലെറ്റിന്റെ അമ്മ മകളുടെ മരണത്തിൽ സംശയം രേഖപ്പെടുത്തുകയും, അങ്ങനെ കേസ് സിബിഐയ്ക്ക് കൈമാറുകയും ചെയ്തു. രണ്ടാമത് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ആണ് പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിക്കപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത്.
55 വയസ്സുകാരിയായ പെൺകുട്ടിയുടെ മാതാവ്, താൻ വളരെയധികം വേദന അനുഭവിച്ചു എന്നാൽ അവസാനം നീതി ലഭിച്ചു എന്നും പറഞ്ഞു. പോലീസുകാരുടെ ഭാഗത്തു നിന്നും വളരെയധികം നിസ്സഹകരണം ആണ് ലഭിച്ചതെന്നും അവർ പറഞ്ഞു. ബോംബേ കോടതിയാണ് പ്രതിക്ക് 10 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്.
Leave a Reply