ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ സ്കൂൾ നഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കുട്ടികൾ ക്ലാസുകൾ നഷ്ടപെടുത്തുന്നതിൻെറ എണ്ണത്തിൽ ഉള്ള വൻ വർദ്ധനവ് കണക്കിലെടുത്താണ് എംപിമാർ തങ്ങളുടെ ആശങ്ക പങ്കുവച്ചത്. നിലവിൽ പകർച്ചവ്യാധിക്ക് മുൻപ് ക്ലാസുകൾ നഷ്ടമായ വിദ്യാർത്ഥികളുടെ ഇരട്ടി കുട്ടികളാണ് ക്ലാസുകൾ മുടക്കുന്നത്. 2022-23 അധ്യയന വർഷത്തിലെ കണക്കുകൾ പ്രകാരം സ്ഥിരമായി ക്ലാസുകളിൽ ഹാജരാകാതിരുന്നത് 22.3% വിദ്യാർത്ഥികളാണ്. ഇവർക്ക് അധ്യയന വർഷത്തെ 10% ത്തോളം ക്ലാസുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ അധ്യയന വർഷത്തിൽ പ്രൈമറി സ്കൂളുകളിൽ ഇത് 17.2 ശതമാനവും സെക്കൻഡറി സ്കൂളുകളിൽ 28.3 ശതമാനവും ആയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോമൺസ് എജ്യുക്കേഷൻ സെലക്ട് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം കുടുംബങ്ങളിലെ മാനസിക-ആരോഗ്യ പ്രശ്നങ്ങളും ജീവിതച്ചെലവിൻെറ സമ്മർദ്ദവുമാണ് ഇതിൻെറ പ്രധാന കാരണങ്ങളിൽ ഒന്നെന്ന് കണ്ടെത്തി. ഇത്തരക്കാർക്ക് കൈത്താങ്ങാവാനുള്ള നടപടികൾ നിലവിൽ സ്കൂളുകൾ ചെയ്യുന്നുണ്ടെന്ന് വിദ്യാഭ്യാസ സെലക്ട് കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കി.

കുട്ടികൾക്ക് നഷ്ടമാകുന്ന ക്ലാസുകൾ അവരുടെ വിദ്യാഭ്യാസം, വികസനം, ഭാവി അവസരങ്ങൾ എന്നിവയ്ക്ക് തടയിടുമെന്ന് കമ്മിറ്റിയുടെ അധ്യക്ഷനായ റോബിൻ വാക്കർ പറഞ്ഞു. കുട്ടികളെ സ്‌കൂളിലെത്തിക്കാൻ കുടുംബങ്ങളെ സഹായിക്കുന്ന ഹാജർ മെന്റർമാർക്കുള്ള പൈലറ്റ് പദ്ധതി വിപുലീകരിക്കാനുള്ള നീക്കത്തിലാണ് കമ്മിറ്റി. നിലവിൽ പല സ്കൂളുകളും ഇത് സ്വന്തം ബജറ്റ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഉയർന്ന ജീവിത ചിലവ് കുടുംബങ്ങൾക്ക് യൂണിഫോം, ഗതാഗതം, ഭക്ഷണം എന്നിവ താങ്ങുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇവയെല്ലാം സ്കൂളിൽ പോകുന്നതിൽ നിന്ന് കുട്ടികൾക്ക് വിമുഖത തോന്നാനുള്ള കാരണങ്ങളായേക്കാം എന്നാണ് അധികൃതർ വിശദീകരിക്കുന്നത്.