ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- മദർ കെയർ കമ്പനിയുടെ ബ്രിട്ടനിലെ സ്ഥാപനങ്ങൾ തകർച്ചയുടെ വക്കിലേക്ക്. ഇതിലൂടെ രണ്ടായിരത്തി അഞ്ഞൂറോളം പേരുടെ ജോലിയാണ് ഭീഷണിയിൽ ആയിരിക്കുന്നത്. സ്കൈ ന്യൂസ് പുറത്ത് വിട്ട വാർത്തയ്ക്ക് പിന്നാലെ കമ്പനി തന്നെയാണ് ഈ വാർത്ത സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. കമ്പനിയെ അഡ്മിനിസ്ട്രേറ്റർമാരുടെ കയ്യിൽ ഏൽപ്പിക്കാനുള്ള തീരുമാനത്തിലാണ്. 58 വർഷത്തോളം പഴക്കമുള്ള മദർ കെയർ സ്ഥാപനങ്ങളിൽ ഇതിനോടകം തന്നെ ബ്രിട്ടണിൽ 55 എണ്ണം പൂട്ടിയിരിക്കുകയാണ്. മൊത്തം 79 സ്ഥാപനങ്ങളാണ് മദർ കെയറിനു ബ്രിട്ടണിൽ ഉള്ളത്.

കമ്പനി അവരുടെ പെൻഷൻ സ്കീമുകൾ എല്ലാം തന്നെ ബ്രിട്ടനിൽ നിന്നും മാറ്റി മുഖ്യ ബ്രാഞ്ചിലേക്ക് നീക്കാൻ ശുപാർശ ചെയ്തിരിക്കുകയാണ്. കമ്പനി ചീഫ് എക്സിക്യൂട്ടീവ് ആയിരിക്കുന്ന മാർക്ക് ന്യൂട്ടൺ ജോൺസ് ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ മെയിൽ ഇദ്ദേഹത്തെ പിരിച്ചുവിട്ടിരുന്നു എങ്കിലും, 44 ദിവസത്തിനുശേഷം തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം കൊണ്ട് തന്നെ ഏകദേശം 36 മില്യൺ പൗണ്ടാണ് കമ്പനിക്ക് നഷ്ടം വന്നിരിക്കുന്നത്. മദർ കെയറിന്റെ ബ്രിട്ടണിലെ റീട്ടെയിൽ ഡിവിഷനിൽ ഏകദേശം അഞ്ഞൂറോളം മുഴുവൻസമയ തൊഴിലാളികളും, രണ്ടായിരത്തോളം പാർടൈം തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്.

2018 മെയ് മുതൽ തന്നെ കമ്പനിയുടെ ബ്രിട്ടണിലെ ബിസിനസിനെ കുറിച്ച് പഠിച്ചു വരികയായിരുന്നു എന്നും, ഇനി ഒരു തിരിച്ചുവരവ് സാധ്യമല്ലാത്തതുകൊണ്ടാണ് കമ്പനിയുടെ സ്ഥാപനങ്ങൾ പൂട്ടുന്നത് എന്നും കമ്പനി വക്താക്കൾ അറിയിച്ചു. എന്നാൽ നഷ്ടപ്പെടുന്നവരുടെ ജോലിയെപ്പറ്റി കമ്പനി ഒന്നും അറിയിച്ചിട്ടില്ല. കമ്പനി അഡ്മിനിസ്ട്രേറ്റർ ഭരണത്തിലേക്ക് ഏർപ്പെടുത്താനാണ് തീരുമാനം.