ഡയറി അലര്‍ജിയുള്ള ഇന്ത്യന്‍ വംശജനായ 13കാരന്റെ മരണകാരണം ശരീരത്തില്‍ പുരണ്ട ചീസിന്റെ അംശമെന്ന് സ്ഥിരീകരണം. കരണ്‍ബീര്‍ ചീമയെന്ന ബാലനെ സഹപാഠിയായ മറ്റൊരു 13കാരന്‍ ചീസുമായി പിന്തുടരുകയും ടീഷര്‍ട്ടിലേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. കഴിഞ്ഞ വര്‍ഷം ജൂണില്‍ വെസ്റ്റ് ലണ്ടനിലെ ഗ്രീന്‍ഫോര്‍ഡിലാണ് സംഭവമുണ്ടായത്. ഗോതമ്പ്, ഗ്ലൂട്ടന്‍, പാലുല്‍പന്നങ്ങള്‍, മുട്ട, നട്ട്‌സ് എന്നിവയോട് അലര്‍ജിയുണ്ടായിരുന്ന കരണ്‍ബീറിന് ആസ്ത്മയും എസ്‌കിമയും ഉണ്ടായിരുന്നു. കരണ്‍ബീറിനെ ആക്രമിച്ച കുട്ടിയെ പിന്നീട് സ്‌കൂളില്‍ നിന്ന് പുറത്താക്കി. കൊലപാതക ശ്രമത്തിന് അറസ്റ്റ് ചെയ്‌തെങ്കിലും ഈ കുട്ടിക്കെതിരെ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.
വില്യം പെര്‍ക്കിന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഹൈസ്‌കൂളില്‍ രാവിലെ 11.30നാണ് സംഭവമുണ്ടായത്. പ്രാഥമിക ശുശ്രൂഷകള്‍ കൊടുക്കുന്ന സമയത്ത് കുട്ടി ബോധരഹിതനായി കിടക്കുകയായിരുന്നുവെന്ന് സെന്റ് പാന്‍ക്രാസ് കൊറോണര്‍ക്കു മുന്നില്‍ ഓപ്പാറ്റ് എന്ന് പാരാമെഡിക്ക് മൊഴി നല്‍കി. 11.40നാണ് തങ്ങള്‍ക്ക് കോള്‍ ലഭിച്ചത്. സ്ഥലത്തെത്തുമ്പോള്‍ ഹൃദയ സ്തംഭനത്തിനും ശ്വാസം നിലക്കുന്നതിനും തൊട്ടു മുമ്പുള്ള അവസ്ഥയായിരുന്നു. ശരീരം ചൊറിഞ്ഞു തടിക്കുകയും ചൂടാകുകയും ചെയ്തിരുന്നു. ശ്വസനത്തിലും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. രണ്ട് സ്പൂണ്‍ പിരിറ്റോണും എപ്പിപെന്നും ഇന്‍ഹേലറും കുട്ടിക്ക് സ്‌കൂളില്‍ നിന്ന് നല്‍കിയിരുന്നു.
ഇതോടെ കൂടുതല്‍ വിദഗ്ദ്ധ സേവനം ആവശ്യമായതിനാല്‍ വിളിച്ചു പറഞ്ഞ ശേഷം അതിനായി കാത്തിരുന്നു. അതിനിടയില്‍ കുട്ടിയുടെ ശ്വാസം നിലച്ചതിനാല്‍ അഡ്രിനാലിന്‍ നല്‍കുകയും ഡീഫൈബ്രിലേറ്റര്‍ നല്‍കുകയും ചെയ്തു. വളരെ വേഗത്തില്‍തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പത്തു ദിവസത്തിനുശേഷം ജൂലൈ 9ന് കരണ്‍ ജീവന്‍ വെടിഞ്ഞു.
Leave a Reply